Top

'ബ്രിട്ടീഷുകാര്‍ക്ക് ഷൂവര്‍ക്ക് ചെയ്ത ആര്‍എസ്എസിന്റെ എല്ലാ ഷോവര്‍ക്കര്‍മാരും സമരനായകരായി ഇടം പിടിച്ചേക്കാം'; ആരും അത്ഭുതപ്പെടേണ്ടെന്ന് അബ്ദു റബ്ബ്

ഇത് ഗാന്ധി പിറന്ന നാടല്ല, ഗോഡ്‌സേമാര്‍ വാഴുന്ന നാടാണ്

23 Aug 2021 1:05 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബ്രിട്ടീഷുകാര്‍ക്ക് ഷൂവര്‍ക്ക് ചെയ്ത ആര്‍എസ്എസിന്റെ എല്ലാ ഷോവര്‍ക്കര്‍മാരും സമരനായകരായി ഇടം പിടിച്ചേക്കാം; ആരും അത്ഭുതപ്പെടേണ്ടെന്ന് അബ്ദു റബ്ബ്
X

മലബാര്‍ കലാപ നേതാക്കളെ രക്തസാക്ഷി പട്ടികയില്‍നിന്നു നീക്കം ചെയ്യുന്നതിനെതിരെ വിമര്‍ശനവുമായി പികെ അബ്ദു റബ്ബും രംഗത്ത്. ഗാന്ധിയേക്കാള്‍ ഗോഡ്‌സേക്ക് വീര പരിവേഷം ലഭിക്കുന്ന കാലത്ത് സ്വാതന്ത്ര്യ സമരങ്ങളും, ചരിത്രപുരുഷന്‍മാരും അവമതിക്കപ്പെടുമെന്നത് തീര്‍ച്ചയാണെന്ന് അബ്ദു റബ്ബ് പറഞ്ഞു.

അബ്ദു റബ്ബ് പ്രതികരണം: ''രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയേക്കാള്‍ ഗാന്ധി ഘാതകനായ നാഥുറാം ഗോഡ്‌സേക്ക് വീര പരിവേഷം ലഭിക്കുന്ന കാലത്ത് സ്വാതന്ത്ര്യ സമരങ്ങളും, ചരിത്രപുരുഷന്‍മാരും അവമതിക്കപ്പെടും തീര്‍ച്ച! പകരം ബ്രിട്ടീഷുകാര്‍ക്ക് പാദസേവ ചെയ്ത ചരിത്രത്തിലെ എല്ലാ ഒറ്റുകാരും വാഴ്ത്തപ്പെടും... വാഴ്ത്തപ്പെടണം!വാരിയംകുന്നത്തു കുഞ്ഞഹമ്മദ് ഹാജിയും, ആലി മുസ്ലിയാരും മാത്രമല്ല, 387 സ്വാതന്ത്ര്യ സമര നായകരുടെ പേരാണ് ഐ.സി.എച്ച്.ആര്‍ വെട്ടിമാറ്റാന്‍ പോകുന്നത്. ബ്രിട്ടീഷുകാര്‍ക്ക് 'ഷൂവര്‍ക്ക്' ചെയ്ത ആര്‍.എസ്.എസിന്റെ എല്ലാ ഷോവര്‍ക്കര്‍മാരും ഇന്ത്യന്‍ സ്വാതന്ത്ര്യ സമരനായകരായി താമസിയാതെ ഇടം പിടിച്ചേക്കാം.. ആരും അത്ഭുതപ്പെടേണ്ട. ഇത് ഗാന്ധി പിറന്ന നാടല്ല, ഗോഡ്‌സേമാര്‍ വാഴുന്ന നാടാണ്.''

വിഷയത്തില്‍ പ്രതികരണവുമായി മുസ്ലീംലീഗ് നേതാക്കളായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പികെ കുഞ്ഞാലിക്കുട്ടിയും നേരത്തെ രംഗത്തെത്തിയിരുന്നു. ചരിത്രത്തെ വളച്ചൊടിക്കരുതെന്നും യുവ തലമുറയോട് ചെയ്യുന്ന നീതി കേടാണിതെന്നും മുസ്ലിം ലീഗ് നേതൃത്വം പറഞ്ഞു. ചരിത്ര നേതാക്കളോട് നന്ദി കാണിച്ചില്ലെങ്കിലും നന്ദികേട് കാണിക്കരുതെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ചരിത്ര പുരുഷന്‍മാര്‍ ജീവിക്കുന്നത് ജനഹൃദയങ്ങളിലാണെന്നും രേഖകളിലല്ലെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

സാദിഖലി തങ്ങളുടെ വാക്കുകള്‍: 'രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് രകത്സാക്ഷികളായവരാണ് മലബാര്‍ കലാപ നേതാക്കള്‍. സ്വത്തും സമ്പാദ്യവുമെല്ലാം രാജ്യത്തിന് വേണ്ടി ബലിയര്‍പ്പിച്ചവരാണ് അവര്‍. അവരോട് നന്ദി കാണിക്കുക എന്നതാണ് രാജ്യം ചെയ്യേണ്ടത്. ഇനി നന്ദി കാണിച്ചില്ലെങ്കിലും നന്ദികേട് കാണിക്കരുതെന്നാണ് എനിക്കവരോട് പറയാനുള്ളത്. മലബാര്‍ സമരം സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാണെന്ന് എല്ലാവരും അംഗീകരിച്ചതാണ്. ചരിത്രവുമായി ബന്ധപ്പെട്ടവരെല്ലാം തന്നെ അത് സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമാണെന്ന് പറഞ്ഞിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ചരിത്രം തേച്ചു മാച്ചു കളയാന്‍ കച്ച കെട്ടിയിറങ്ങിയിരിക്കുന്നു. ശ്രീമതി ഇന്ദിരാ ഗാന്ധിയുടെ, ഇന്ത്യയുടെ ശില്‍പ്പിയായ ജവഹര്‍ ലാല്‍ നെഹ്‌റുവിന്റെയൊക്കെ പേരുകള്‍ പുരസ്‌കാരങ്ങളില്‍ നിന്നെടുത്തു മാറ്റുന്നു. അവരുടെയൊക്കെ പേരുകളിലുള്ള പദ്ധതികള്‍ മരവിപ്പിക്കുന്നു. ചരിത്രത്തെ വക്രീകരിക്കാനുള്ള ശ്രമമാണിത്. എത്രയൊക്കെ വക്രീകരിച്ചാലും ചരിത്രം ചരിത്രമായി നിലനില്‍ക്കും. സത്യസന്ധമായി ചരിത്രത്തിലൂടെ സംവദിക്കുമ്പോഴാണ് തലമുറകളോട് നീതി കാണിക്കുന്നത്. ഇപ്പോള്‍ വരുന്ന തലമുറയോട് അനീതി കാണിക്കുകയാണ്'

കുഞ്ഞാലിക്കുട്ടിയുടെ വാക്കുകള്‍: 'ബിജെപിയുടെ അജണ്ടയാണിത്. സ്വാതന്ത്ര്യം കിട്ടിയിട്ട് ഇത്രയും വര്‍ഷമായിട്ട് ഇതുവരെ ആര്‍ക്കും സംശയമില്ലാത്ത കാര്യങ്ങളിലാണ് കേന്ദ്ര സര്‍ക്കാരിന് സംശയം വന്നിരിക്കുന്നത്. വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കാര്യത്തില്‍ മാത്രമല്ല പലരിലും ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിന് സംശയമാണ്. ഉത്തരേന്ത്യയില്‍ ഓരോ നഗരങ്ങളുടെ പേരുകള്‍ മാറ്റി വരികയാണ്. താജ്മഹല്‍ പോലും അവര്‍ക്ക് സംശയമാണ്. ചരിത്രത്തെ തലകുത്തനെ നിര്‍ത്താനുള്ള ശ്രമത്തെ ഇന്ത്യയെന്നല്ല ലോകം അംഗീകരിക്കില്ല. ലോകത്തിലെ തന്നെ വലിയ അത്ഭുതമായ താജ്മഹലിനെ അംഗീകരിക്കാന്‍ ബോധമില്ലാത്തവരോട് പിന്നെ എന്തു പറയാനാണ്. അതു പോലെ തന്നെയാണ് വാരിയം കുന്നത്തിനെക്കുറിച്ച് പറയുന്നത്. ബ്രിട്ടീഷുകാരോടാണ് അദ്ദേഹം പോരാടിയത്. ആര്‍ക്കാണ് അത് അറിയാത്തത്. ചരിത്രത്തെ മാറ്റിമറിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റിന് കഴിയില്ല. ചരിത്ര പുരുഷന്‍മാര്‍ ജീവിക്കുന്നത് ജനഹൃദയങ്ങളിലാണ്. രേഖകളിലല്ല. അവര്‍ എന്ത് രേഖ തിരുത്തിയാലും ഈ സംഭവം മായാനും മറയാനും പോവുന്നില്ല. പാര്‍ലമെന്റ്ിലും പുറത്തുമായി വലിയ പ്രതിഷേധങ്ങള്‍ ഉണ്ടാവും'

Next Story