Top

'ഓന്തിനെപ്പോലും നാണിപ്പിക്കുന്ന 'മാര്‍ക്‌സിയന്‍ അപാരത''; ബിജെപി പിന്തുണ തേടിയ സിപിഐഎമ്മിനെതിരെ അബ്ദുറബ്ബ്

വര്‍ഗീയ കക്ഷികള്‍ ഏതുമാകട്ടെ, അവരെല്ലാം യുഡിഎഫിനെ തകര്‍ക്കാന്‍ സിപിഐഎമ്മിന്റെ ഒക്കചങ്ങായിമാരാണെന്നും അബ്ദുറബ്ബ് കുറ്റപ്പെടുത്തി.

24 Sep 2021 7:07 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഓന്തിനെപ്പോലും നാണിപ്പിക്കുന്ന മാര്‍ക്‌സിയന്‍ അപാരത; ബിജെപി പിന്തുണ തേടിയ സിപിഐഎമ്മിനെതിരെ അബ്ദുറബ്ബ്
X

കോട്ടയം നഗരസഭയില്‍ യുഡിഎഫിനെ പുറത്താക്കാന്‍ ബിജെപി പിന്തുണ തേടിയ സിപി ഐഎം നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ്ബ്. നിറം മാറ്റത്തില്‍ ഓന്തിനെപോലും നാണിപ്പിക്കുന്ന മാര്‍ക്‌സിയന്‍ അപാരതയാണ് സിപിഐഎമ്മിന്റേതെന്ന് അബ്ദുറബ്ബ് പരിഹസിച്ചു. ഈരാറ്റുപേട്ട നഗരസഭയില്‍ സിപി ഐഎം എസ്ഡിപിഐ പിന്തുണ സ്വീകരിച്ചത് കൂടി ഓര്‍മ്മിച്ചുകൊണ്ടായിരുന്നു അബ്ദുറബ്ബിന്റെ വിമര്‍ശനം.

വര്‍ഗീയ കക്ഷികള്‍ ഏതുമാകട്ടെ, അവരെല്ലാം യുഡിഎഫിനെ തകര്‍ക്കാന്‍ സിപിഐഎമ്മിന്റെ ഒക്കചങ്ങായിമാരാണെന്നും അബ്ദുറബ്ബ് കുറ്റപ്പെടുത്തി.

പ്രതികരണത്തിന്റെ പൂര്‍ണരൂപം-

"കോട്ടയം നഗരസഭയില്‍ UDF നെതിരായ അവിശ്വാസ പ്രമേയത്തില്‍ BJP ഇടതുപക്ഷത്തെ പിന്തുണക്കും.

കഴിഞ്ഞ വാരം ഈരാറ്റുപേട്ട നഗരസഭയില്‍

UDF നെതിരെ SDPI യായിരുന്നു CPM ന്റെ ഒക്കച്ചങ്ങായി, കോട്ടയത്തെത്തിയപ്പോള്‍

BJP യായി എന്നു മാത്രം

വര്‍ഗീയ കക്ഷികള്‍ ഏതുമാവട്ടെ, UDF നെ തകര്‍ക്കാന്‍ അവരൊക്കെ സി.പി.എമ്മിന് ഒക്കച്ചങ്ങായിമാരാണ്.

ഒരിടത്ത് SDPl

ഒരിടത്ത് BJP

നിറം മാറ്റത്തില്‍ ഓന്തിനെപ്പോലും

നാണിപ്പിക്കുന്ന 'മാര്‍ക്‌സിയന്‍ അപാരത'"

കോട്ടയം നഗരസഭയില്‍ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയ ചര്‍ച്ച ആരംഭിച്ചു. യോഗത്തില്‍ എല്‍ഡിഎഫ്, ബിജെപി അംഗങ്ങളാണ് പങ്കെടുക്കുന്നത്. യുഡിഎഫ് വിട്ടുനില്‍ക്കും. എല്‍ഡിഎഫിന്റെ അവിശ്വാസപ്രമേയത്തെ പിന്തുണയ്ക്കുമെന്ന് ബിജെപി നേരത്തെ വ്യക്തമാക്കിയിരുന്നു. ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് തിരുമാനം. അംഗങ്ങള്‍ക്ക് ബിജെപി വിപ്പ് നല്‍കി. ബിജെപി ജില്ലാ അധ്യക്ഷന്‍ നോബിള്‍ മാത്യു വിളിച്ച് ചേര്‍ത്ത കൗണ്‍സിലര്‍മാരുടെ യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം ഉണ്ടായത്. ഭരണസമിതിയെ താഴെ ഇറക്കുക എന്നതാണ് ഇന്ന് പ്രധാനപ്പെട്ട കാര്യമെന്ന് കണ്ടാണ് അവിശ്വാസത്തെ പിന്തുണയ്ക്കുക എന്ന തീരുമാനമെന്ന് നോബിള്‍ മാത്യു വ്യക്തമാക്കി.

സിപിഐഎമ്മുമായി ഒരു കൂട്ടുകെട്ടിനും ഇല്ല, പക്ഷേ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കും. ബിജെപി കൗണ്‍സിലര്‍മാരുടെ വാര്‍ഡുകളെ ഭരണസമിതി അവഗണിച്ചിരുന്നു. അതു കൊണ്ടാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തുന്നതെന്നും ബിജെപി ജില്ലാ നേതൃത്വം വ്യക്തമാക്കി. യുഡിഎഫ് വിമതയായി ജയിച്ച് പിന്നീട് കോണ്‍ഗ്രസ് ക്യാമ്പിലെത്തിയ ബിന്‍സി സെബാസ്റ്റ്യനാണ് നിലവിലെ കോട്ടയം നഗരസഭ അധ്യക്ഷ. അധ്യക്ഷയ്ക്ക് എതിരായ അവിശ്വാസം പാസാവാന്‍ 5 അംഗങ്ങളെ എങ്കിലും എല്‍ഡിഎഫിന് അധികമായി വേണ്ടിവന്നിരുന്നു. എന്നാല്‍ എട്ട് അംഗങ്ങളുള്ള ബിജെപി പിന്തുണയ്ക്കുമെന്ന നിലപാടോടെ ഈ പ്രതിസന്ധിയാണ് ഒഴിവായത്.


Next Story