Top

'ഗ്രൂപ്പല്ല പാർട്ടിയാണ് പ്രധാനം'; വിഡി സതീശന്റെ പുതുപ്പള്ളി സന്ദര്‍ശനം നല്ല തുടക്കമെന്ന് പി ജെ കുര്യന്‍

കോണ്‍ഗ്രസ്സില്‍ വന്ന നേതൃമാറ്റം ഗ്രൂപ്പ് നേതാക്കളും ഉള്‍ക്കൊള്ളുകയും ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുകയും വേണം.

6 Sep 2021 1:28 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഗ്രൂപ്പല്ല പാർട്ടിയാണ് പ്രധാനം; വിഡി സതീശന്റെ പുതുപ്പള്ളി സന്ദര്‍ശനം നല്ല തുടക്കമെന്ന് പി ജെ കുര്യന്‍
X

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വിഡി സതീശന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസില്‍ നടക്കുന്ന അനുനയനീക്കങ്ങളെ പ്രശംസിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യന്‍. വിഡി സതീശന്‍ ഉമ്മന്‍ചാണ്ടിയെ പുതുപ്പള്ളി ഭവനത്തില്‍ പോയിക്കണ്ട് ചര്‍ച്ച നടത്തിയത് വളരെ നല്ല തുടക്കമാണെന്നും ഈ നീക്കം മഞ്ഞുരുക്കുമെന്ന് പ്രതീക്ഷിക്കാമെന്നും പി ജെ കുര്യന്‍ പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു പ്രതികരണം.

ഉമ്മന്‍ചാണ്ടിയും, രമേശ് ചെന്നിത്തലയും പാര്‍ട്ടിയുടെ ഏറ്റവും സീനിയര്‍ നേതാക്കളാണ്. ആ യാഥാര്‍ത്ഥ്യം അംഗീകരിച്ചു കൊണ്ടുതന്നെ കെപിസിസി പ്രസിഡന്റും, പ്രതിപക്ഷനേതാവും പ്രവര്‍ത്തിക്കും. എന്നാല്‍ കോണ്‍ഗ്രസ്സില്‍ വന്ന നേതൃമാറ്റം ഗ്രൂപ്പ് നേതാക്കളും ഉള്‍ക്കൊള്ളുകയും ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുകയും വേണം. ഗ്രൂപ്പല്ല പാര്‍ട്ടിയാണ് പ്രധാനമെന്ന് എല്ലാവരും മനസിലാക്കണം. പാര്‍ട്ടി ഒന്നാമത് ഗ്രൂപ്പ് രണ്ടാമത് എന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞത് വളരെ സ്വാഗതാര്‍ഹം. എന്നാല്‍ ഒന്നാമതും, രണ്ടാമതും, മൂന്നാമതും പാര്‍ട്ടിയെന്ന് പറയുവാന്‍ നമുക്ക് കഴിയണം. അതാണ് ഇന്നിന്റെ ആവശ്യമെന്നും പി ജെ കുര്യന്‍ കൂട്ടിച്ചേര്‍ത്തു.

കുറിപ്പിന്റെ പൂർണ്ണരൂപം:

നല്ല തുടക്കം

പ്രതിപക്ഷ നേതാവ് ശ്രീ.വി.ഡി സതീശന്‍ ശ്രീ.ഉമ്മന്‍ചാണ്ടിയെ പുതുപ്പള്ളി ഭവനത്തില്‍ പോയിക്കണ്ട് ചര്‍ച്ച ചെയ്തു. വളരെ നല്ല തുടക്കം. മഞ്ഞുരുകുമെന്ന്‍ പ്രതീക്ഷിക്കാം. ഉമ്മന്‍ചാണ്ടിയും, രമേശ്‌ ചെന്നിത്തലയും പാര്‍ട്ടിയുടെ ഏറ്റവും സീനിയര്‍ നേതാക്കളാണെന്നുള്ള വസ്തുത ആരും നിഷേധിക്കത്തില്ല. ആ യാഥാര്‍ത്ഥ്യം അംഗീകരിച്ചു കൊണ്ടുതന്നെ കെ.പി.സി.സി പ്രസിഡന്റും, പ്രതിപക്ഷനേതാവും പ്രവര്‍ത്തിക്കുമെന്ന കാര്യത്തില്‍ ഒരു സംശയമില്ല.

എന്നാല്‍ കോൺഗ്രസ്സില്‍ വന്ന നേതൃമാറ്റം ഗ്രൂപ്പ് നേതാക്കളും ഉള്‍ക്കൊള്ളണം. ഹൈക്കമാന്‍ഡ് തീരുമാനം എല്ലാവരും അംഗീകരിക്കുക എന്ന കോൺഗ്രസ് പാരമ്പര്യം ആരും മറക്കാന്‍ പാടില്ല.

അഭിപ്രായ വ്യത്യാസങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കപ്പെടണം. ഗ്രൂപ്പല്ല പാര്‍ട്ടിയാണ് പ്രധാനമെന്ന്‍ എല്ലാവരും മനസ്സിലാക്കണം. പാര്‍ട്ടി ഒന്നാമത് ഗ്രൂപ്പ് രണ്ടാമത് എന്ന്‍ ഉമ്മന്‍ചാണ്ടി പറഞ്ഞത് വളരെ സ്വാഗതാര്‍ഹം. എന്നാല്‍ ഒന്നാമതും, രണ്ടാമതും, മൂന്നാമതും പാർട്ടിയെന്ന്‍ പറയുവാന്‍ നമുക്ക് കഴിയണം. അതാണ് ഇന്നിന്‍റെ ആവശ്യം.

ഭരണഘടന ഉറപ്പുതരുന്ന മതേതരത്വവും, ജനാധിപത്യവും, ബഹുസ്വരതയും ഭീഷണി നേരിടുമ്പോള്‍ ആ വെല്ലുവിളികളെ നേരിടാന്‍ ഒരുമിച്ച് നില്‍ക്കേണ്ടത് പാര്‍ട്ടിയോട് മാത്രമല്ല രാജ്യത്തോടുമുള്ള നമ്മുടെ ഉത്തരവാദിത്വമാണ്.

ഡിസിസി പുനസംഘടനയ്ക്ക് പിന്നാലെ ഇടഞ്ഞുനില്‍ക്കുന്ന മുതിര്‍ന്ന നേതാക്കളെ അനുനയിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായായിരുന്നു കഴിഞ്ഞദിവസം ഉമ്മന്‍ചാണ്ടിയെയും രമേശ് ചെന്നിത്തലയയെയും വിഡി സതീശന്‍ സന്ദര്‍ശിച്ചത്. കൂടിക്കാഴ്ചകള്‍ വിജയകരമാണെന്നും എല്ലാവരെയും ഒന്നിച്ചുമുന്നോട്ടുകൊണ്ടുപോകുമെന്നുമായിരുന്നു രമേശ് ചെന്നിത്തലയെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച പ്രതിപക്ഷനേതാവ് അറിയിച്ചത്.

Next Story