Top

'പിഴയീടാക്കുന്നത് മഹാ അപരാധമല്ല'; പൊലീസിനെ അടിമുടി ന്യായീകരിച്ച് മുഖ്യമന്ത്രി; 'ജനസേവകരെക്കുറിച്ച് ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കുന്നു'

പൊലീസ് ആദിവാസികള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും എതിരാണെന്ന് തോന്നല്‍ ഉണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു

10 Aug 2021 5:30 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പിഴയീടാക്കുന്നത് മഹാ അപരാധമല്ല; പൊലീസിനെ   അടിമുടി ന്യായീകരിച്ച് മുഖ്യമന്ത്രി; ജനസേവകരെക്കുറിച്ച് ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കുന്നു
X

സംസ്ഥാനത്ത് പൊലീസ് അഴിഞ്ഞാട്ടമെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസ് പൂര്‍ണമായും ജനകീയ സേനയാണെന്നും പൊലീസ് ജനങ്ങള്‍ക്കെതിരാണെന്ന തോന്നല്‍ ഉണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

അനുഭവത്തിലൂടെ എന്താണ് കേരളത്തിലെ പോലീസ് എന്ന കഴിഞ്ഞകാലം കേരളത്തിന്റെ അനുഭവങ്ങള്‍ നോക്കി മനസ്സിലാക്കണം. ദുരന്തമുഖത്ത് ജനങ്ങളോട് ചേര്‍ന്നു കൊണ്ട് ജനങ്ങളെ സഹായിക്കുന്ന ഏറ്റവും വലിയ ജനകീയ സേനയായി മാറുവാന്‍ കേരളത്തിലെ പോലീസിന് കഴിയുന്നത് നമ്മുടെ നാടിന്റെ അനുഭവമാണ്. മഹാമാരിയുടെ ഘട്ടത്തില്‍ പോലീസ് സേന വഹിച്ച പങ്ക് നിഷേധിക്കാന്‍ കഴിയുന്നതല്ല. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പിഴ ചുമത്തുന്നത് മഹാ അപരാധമെന്ന് കരുതാന്‍ കഴിയില്ല. പൊലീസ് ആദിവാസികള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും എതിരാണെന്ന് തോന്നല്‍ ഉണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വര്‍ഗീയ സംഘര്‍ഷങ്ങളില്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റുവാന്‍ കഴിഞ്ഞിട്ടുണ്ട്. ഇതില്‍ പോലീസിന്റെ പങ്ക് നിഷേധിക്കാന്‍ കഴിയില്ല. സമൂഹത്തിന്റെ സുരക്ഷിതത്വത്തിന് വേണ്ടിയാണ് പോലീസ് ശ്രമിച്ചത്. മുഖ്യമന്ത്രിയെന്ന നിലയില്‍ തനിക്ക് ഇത് പറയാതിരിക്കാന്‍ കഴിയില്ല. ജനങ്ങളുടെ കണ്ണീരൊപ്പാന്‍ ഉതകുന്ന രീതിയില്‍ പോലീസിനെ മാറ്റാന്‍ കഴിഞ്ഞത് സര്‍ക്കാരിനെയും നേട്ടം. പൊലീസിനെതിരെ ഇല്ലാത്ത വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു. തീവ്രവാദ ശക്തികളും വര്‍ഗീയവാദികളും പോലീസിനെതിരെ നിറം പിടിപ്പിച്ച കഥകള്‍ മെനയുന്നുവെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

അട്ടപ്പാട്ടിയില്‍ ആദിവാസി ഊരില്‍ മൂപ്പനെയും മകനെയും കീഴ്‌പ്പെടുത്തി അറസ്റ്റ് ചെയ്ത പൊലീസ് നടപടി നിയമസഭയില്‍ ഉയര്‍ത്തിയായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. സംസ്ഥാനത്ത് പോലീസ് അഴിഞ്ഞാട്ടമാണെന്നും അട്ടപ്പാട്ടി വിഷയത്തില്‍ ആദിവാസി സമൂഹത്തിനുണ്ടായ ആശങ്ക സഭ നിര്‍ത്തി വെച്ച് ചര്‍ച്ച ചെയ്യണമെന്നും പ്രതിപക്ഷം അടിയന്തിര പ്രമേയ നോട്ടീസില്‍ ആവശ്യപ്പെട്ടു. മണ്ണാര്‍ക്കാട് എംഎല്‍എ എന്‍ ഷംസുദ്ധീനാണ് വിഷയം സഭയില്‍ അറിയിച്ചത്.

പൊലീസ് ഉടപെടലിനെ രൂക്ഷമായി വിമര്‍ശിച്ച എന്‍ ഷംസുദ്ദീന്‍ സംസ്ഥാനത്ത് പോലീസ് അഴിഞ്ഞാട്ടമാണ് നടക്കുന്നതെന്നും എന്‍ ഷംസുദ്ദീന്‍ നിയമസഭയില്‍ വ്യക്തമാക്കി. ആദിവാസി മൂപ്പനെയും മകനെയും കീഴ്‌പ്പെടുത്തി അറസ്റ്റ് ചെയ്ത പൊലീസ് ഊരില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പോലീസ് ഊരില്‍ പ്രവേശിച്ചത്. പൊലീസ് നടപടിക്കിടെ കുട്ടിയുടെ മുഖത്ത് അടിച്ചു. കുട്ടിയുടെ വസ്ത്രം ഊരിക്കുന്ന നിലയുണ്ടായി. ആദിവാസി ഊരില്‍ കയറണമെങ്കില്‍ വകുപ്പിന്റെ അനുമതി വേണമെന്നിരിക്കെയാണ് ഇത്തരം സംഭവങ്ങളെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.

Next Story