Top

'മുന്നറിയിപ്പുകള്‍ അവഗണിച്ചു, വേഗത കുറച്ചില്ല'; കരിപ്പൂർ ദുരന്തത്തിന് കാരണം പൈലറ്റിന്റെ വീഴ്ച്ചയെന്ന് അന്വേഷണ റിപ്പോർട്ട്

റൺവേയിൽ നിന്ന് വിട്ട് വശങ്ങളിലേക്ക് വിമാനം തെന്നിമാറി. മുന്നറിയിപ്പുകൾ നൽകിയിട്ടും അമിത വേഗത്തിൽ മുൻപോട്ട് പോയി. ഇന്ധന ടാങ്കിൽ ചോർച്ച

11 Sep 2021 5:14 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മുന്നറിയിപ്പുകള്‍ അവഗണിച്ചു, വേഗത കുറച്ചില്ല; കരിപ്പൂർ ദുരന്തത്തിന് കാരണം പൈലറ്റിന്റെ വീഴ്ച്ചയെന്ന് അന്വേഷണ റിപ്പോർട്ട്
X

കോഴിക്കോട്: കരിപ്പൂർ വിമാന ദുരന്തത്തിന് കാരണം പൈലറ്റിൻ്റെ വീഴ്ച്ച. എയർ ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പൈലറ്റ് ലാന്റിങ്ങ് മാനദണ്ഡങ്ങൾ പാലിക്കാതിരുന്നത് അപകടത്തിലേക്ക് കാര്യങ്ങളെത്തിച്ചു. റൺവേയിൽ വിമാനം ഇറങ്ങേണ്ട സ്ഥാനത്തല്ല ഇറങ്ങിയത്. വിമാനം താഴെയിറക്കിയത് റൺവേയുടെ പകുതിയും കഴിഞ്ഞാണെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. വിഡി സാദേ എന്ന സമർത്ഥനായ പൈലറ്റ് ആയിരുന്നു അന്ന് ഈ വിമാനം നിയന്ത്രിച്ചിരുന്നത്. പൈലറ്റിൻറെ സമയോചിത ഇടപെടലാണ് വൻ ദുരന്തം ഒഴിവായതെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. എന്നാൽ ഇതിൽ നിന്നും വിഭിന്നമാണ് അന്വേഷണ റിപ്പോർട്ട്.

റിപ്പോർട്ട് ഉടൻ തന്നെ പരസ്യപ്പെടുത്തും എന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. വിമാനത്തിന്റെ ഗതി നിയന്ത്രിക്കുന്നതിൽ പൈലറ്റിന് വീഴ്ചകൾ ഉണ്ടായിട്ടുണ്ട്. വിമാനത്തിന് ലാൻഡ് ചെയ്യാൻ ഒരുപാട് പ്രതിസന്ധികൾ ഉണ്ടായിരുന്നു മോശം കാലാവസ്ഥയായിരുന്നു നേരിട്ടിരുന്നത്. ഇതിനാൽ തന്നെ വിമാനം ലാൻഡ് ചെയ്യാതെ ആകാശത്തു തന്നെ വട്ടമിട്ടു പറക്കാൻ ആയിരുന്നു വിമാനത്താവളത്തിൽനിന്നും നിർദ്ദേശം തുടർച്ചയായി നൽകിയിരുന്നത്. പക്ഷേ അത് അവഗണിച്ച് പിന്നീട് പൈലറ്റ് വിമാനം താഴെ ഇറക്കുകയായിരുന്നു.

റൺവേയിൽ നിന്ന് വിട്ട് വശങ്ങളിലേക്ക് വിമാനം തെന്നിമാറി. മുന്നറിയിപ്പുകൾ നൽകിയിട്ടും അമിത വേഗത്തിൽ മുൻപോട്ട് പോയി. ഇന്ധന ടാങ്കിൽ ചോർച്ചയുണ്ടായിയെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. കേരളത്തെ നടുക്കിയ ദുരന്തത്തിൽ 21 പേർക്കാണ് ജീവൻ നഷ്ടമായത്. 96 പേർക്ക് സാരമായി പരിക്കേൽക്കുകയും 73 പേർ നിസാര പരിക്കുകളോടെ രക്ഷപ്പെടുകയും ചെയ്തു.

കൊവിഡ് വ്യാപനം രൂക്ഷമായ തൊഴിലിടങ്ങളിൽ നിന്ന് നാട്ടിലേക്ക് മടങ്ങാനായി ഊഴം കാത്തിരുന്ന ഒരു പറ്റം മനുഷ്യരെയുമായെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് ടെർമിനലിൽ നിന്ന് മൂന്ന് കിലോമീറ്റർ മാറി റൺവേയുടെ കിഴക്കുഭാഗത്ത് നിന്ന് താഴേക്ക് പതിച്ചത്. 190 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ലോകത്തെ ഒന്നാംനിര വിമാന കമ്പനികളിലൊന്നായ ബോയിംഗ് കമ്പനി നിർമിച്ച 737 വിമാനമായിരുന്നു അപകടത്തിൽപ്പെട്ടത്.

Next Story