Top

വളര്‍ത്തുനായയെ അജ്ഞാത ജീവി കൊന്നുതിന്നു; പുലി ഭീതിയില്‍ കരുവാരക്കുണ്ട്

31 Aug 2021 3:40 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വളര്‍ത്തുനായയെ അജ്ഞാത ജീവി കൊന്നുതിന്നു; പുലി ഭീതിയില്‍ കരുവാരക്കുണ്ട്
X

മലപ്പുറം കരുവാരക്കുണ്ട് കക്കറ മേഖല പുലി ഭീതിയില്‍. കക്കറയില്‍ വീട്ടുമുറ്റത്തെ മരത്തില്‍ ചങ്ങലയില്‍ കെട്ടിയിട്ടിരുന്ന വളര്‍ത്ത് നായയെ അജ്ഞാതജീവി കൊന്നുതിന്ന സംഭവത്തോടെയാണ് പുലിയിരങ്ങിയെന്ന അഭ്യൂഹങ്ങള്‍ ശക്തമായത്. നേരത്തെയും വളര്‍ത്തുമൃഗങ്ങളെ അജ്ഞാത ജീവി ആക്രമിച്ചിരുന്നു; പുലിയാണ് ആക്രമണത്തിന് പിന്നിലെന്ന അഭ്യൂഹം പരന്നതോടെ ഭീതിയിലാണ് ഒരു പ്രദേശം.

കക്കറ മുണ്ടയിലെ നജീബിന്റെ വീട്ടിലെ ജര്‍മന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍പ്പെട്ട നായയാണ് അജ്ഞാത ജീവിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാവിലെ വീട്ടുകാര്‍ ഭക്ഷണവുമായി എത്തിയപ്പോഴാണ് പാതി ഭക്ഷിച്ചനിലയില്‍ നായയുടെ ജഡം കണ്ടത്. നായയെ വലിച്ചിഴച്ച് കൊണ്ടുപോവാന്‍ ശ്രമം നടത്തിയെങ്കിലും ചങ്ങലയിലായതിനാല്‍ ശ്രമം പരാജയപ്പെടുകയായിരുന്നുവെന്നാണ് വിലയിരുത്തല്‍. പുലി പുലി ആയിരിക്കാം അക്രമത്തിന് പിന്നിലെന്നാണ് വീട്ടുകാര്‍ പറയുന്നത്

കരുവാരക്കുണ്ട് കക്കറയില്‍ തൊട്ടടുത്ത പ്രദേശമായ വട്ടമലയിലും പൊന്‍പാറയിലും ദിവസങ്ങള്‍ക്കുമുന്‍പ് പുലിയെ കണ്ടതായി അഭ്യൂഹങ്ങളുണ്ടായിരുന്നു . ഇതിനാല്‍ തന്നെ കക്കറ നിവാസികളും ഭീതിയിലാണ്. സൈലന്റ് വാലി ബഫര്‍ സോണ്‍ മേഖലയില്‍ നിന്നാണ് വന്യജീവികള്‍ നാട്ടിലേക്കിറങ്ങുന്നത്.നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് കരുവാരക്കുണ്ട് ഫോറസ്റ്റ് സ്റ്റേഷന്‍ അധികൃതര്‍ നജീബിന്റെ വീട്ടിലെത്തി പരിശോധന നടത്തി. മഴയില്‍ കാല്‍പ്പാടുകള്‍ മാഞ്ഞുപോയതിനാല്‍ പുലിതന്നെയാണോ നായയെ വകവരുത്തിയതെന്നകാര്യത്തില്‍ വനപാലകര്‍ക്കും വ്യക്തതയില്ല.

Next Story