Top

'നിലവില്‍ ഭീഷണിയില്ല'; പിവി അന്‍വറിന് ഭാര്യാപിതാവിന്റെ അനധികൃത തടയണയില്‍ സബ്കളക്ടർ

തടയണ പൊളിക്കാനുള്ള ഉത്തരവ് നടപ്പാക്കാത്തതിൽ മലപ്പുറം കളക്ടറോട് ഹൈക്കോടതി വിശദീകരണം തേടിയതിന് പിന്നാലെയാണ് വിദഗ്ധ സംഘം കക്കാടംപൊയിൽ ചീങ്കണ്ണിപ്പാലിയിലെത്തിയത്.

8 Oct 2021 1:49 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നിലവില്‍ ഭീഷണിയില്ല; പിവി അന്‍വറിന്  ഭാര്യാപിതാവിന്റെ അനധികൃത തടയണയില്‍ സബ്കളക്ടർ
X

പി വി അൻവർ എംഎൽഎയുടെ ഭാര്യ പിതാവിന്റെ അനധികൃത തടയണ നിർമ്മാണം നിലവിൽ ഭീഷണിയല്ലെന്ന് പെരിന്തൽമണ്ണ സബ് കലക്ടർ ശ്രീധന്യ സുരേഷ്. ശക്തമായ മഴ തുടരുമ്പോളും തടയണയിൽ അപകടകരമായ അളവിൽ വെള്ളം ഇല്ലെന്നും നീരൊഴുക്ക് തടസപ്പെട്ടിട്ടില്ലെന്നുമാണ് വിലയിരുത്തൽ. തടയണയുടെ വശങ്ങളിൽ നിന്ന് കൂടുതൽ മണ്ണ് നീക്കുക എളുപ്പമല്ലെന്നും കോടതി നിർദ്ദേശമനുസരിച്ച് തുടർനടപടി സ്വീകരിക്കുമെന്നും സബ് കളക്ടർ ശ്രീധന്യ വ്യക്തമാക്കി.

വനഭൂമിയോട് ചേർന്നുള്ള അനധികൃത തടയണയുടെ നിലവിലെ സ്ഥിതി പരിശോധിച്ച് ഹൈക്കോടതിയിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കുന്നതിനായാണ് ഉദ്യോഗസ്ഥ സംഘം എത്തിയത്. തടയണ പൊളിക്കാനുള്ള ഉത്തരവ് നടപ്പാക്കാത്തതിൽ മലപ്പുറം കളക്ടറോട് ഹൈക്കോടതി വിശദീകരണം തേടിയതിന് പിറകെയാണ് വിവിധ വകുപ്പുകളിലെ വിദഗ്ധരടങ്ങുന്ന സംഘം കക്കാടംപൊയിൽ ചീങ്കണ്ണിപ്പാലിയിലെത്തിയത്.

തടയണപൊളിക്കാൻ ഹൈക്കോടതി മലപ്പുറം കളക്ടറോട് ഉത്തരവിട്ടതനുസരിച്ച് 2019 ജൂണില്‍ ഒരു ഭാഗം പൊളിച്ച് വെള്ളം തുറന്നിവിട്ടിരുന്നു. എന്നാല്‍ തടയണ പൂര്‍ണമായും പൊളിച്ചിരുന്നില്ല. തടയണയില്‍ ഇപ്പോളും വെള്ളം സംഭരിച്ചതായും ഇത് താഴ്ഭാഗത്ത് താമസിക്കുന്നവരുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്നുമാണ് ഹര്‍ജിക്കാരൻ്റെ ആരോപണം. പിവി അൻവറിന് ഏറെ തലവേദനയായിരുന്ന ഈ കേസിൽ ഉദ്യഗസ്ഥ സംഘം സമർപ്പിക്കാൻ പോകുന്ന റിപ്പോർട്ട് അൽപം ആശ്വാസം പകരും

Next Story