Top

പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്തിൽ ചെങ്കൊടി പാറും; സുപ്രധാന നീക്കത്തിന് എവി ​ഗോപിനാഥ്, സ്വീകരിക്കാൻ സിപിഐഎം

30 Aug 2021 1:38 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്തിൽ ചെങ്കൊടി പാറും; സുപ്രധാന നീക്കത്തിന് എവി ​ഗോപിനാഥ്, സ്വീകരിക്കാൻ സിപിഐഎം
X

പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് ഭരണം സിപിഐഎം ലഭിച്ചേക്കുമെന്ന് സൂചന. കോൺ​ഗ്രസിൽ നിന്ന് രാജിവെച്ച എവി ​ഗോപിനാഥ് ഇതിനായുള്ള നീക്കങ്ങൾ അണിയറയിൽ ആരംഭിച്ചതായിട്ടാണ് അഭ്യൂഹങ്ങൾ. നേരത്തെ സിപിഐഎമ്മലേക്ക് ചേക്കേറുമെന്ന സൂചനയും അദ്ദേഹം നൽകിയിരുന്നു. പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്തിലെ പതിനൊന്ന് അം​ഗങ്ങൾ ​ഗോപിനാഥിന്റെ അനുയായികളാണ്. ​ഗോപിനാഥ് പഞ്ചായത്ത് ഭരണം അട്ടിമറിക്കാൻ ആവശ്യപ്പെട്ടാൽ ഇവർ അനുസരിക്കുമെന്നാണ് നിലവിലെ വിവരം.

അട്ടിമറി തടയാൻ കെ സുധാകരന്റെ നേതൃത്വത്തിൽ നീക്കങ്ങളുണ്ടായേക്കും സൂചനയുണ്ട്. 1979 മുതൽ ഇങ്ങോട്ട് ഇതുവരെ കോൺഗ്രസിനൊപ്പം ഉറച്ചുനിന്ന കോട്ട സിപിഐഎമ്മിലേക്ക് കളംമാറ്റി വിടാൻ എവി ഗോപിനാഥിന് കഴിഞ്ഞാൽ പാലക്കാട് ജില്ലയിലാകെ കോൺഗ്രസിന് തിരിച്ചടിയാകും. പാർട്ടിക്കുള്ളിൽ വലിയ കലാപവും ഗ്രൂപ്പ് പോരും നിലനിന്നിരുന്ന കാലഘട്ടത്തിൽ പോലും കോൺഗ്രസിനെ കൈവിടാത്ത പൊന്നാപുരം കോട്ടയാണ് പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്ത്. എവി ഗോപിനാഥ് കാൽനൂറ്റാണ്ടോളം പ്രസിഡന്റായിരുന്ന പഞ്ചായത്തെന്ന് തിരുത്തിയാലും അതൊരു അതിവായനയല്ല. ഇടത് സാന്നിദ്ധ്യമുള്ള ചില മേഖലകളിൽ പോലും എവി ഗോപിനാഥെന്ന നേതാവിന്റെ മികവിൽ കോൺഗ്രസ് മുന്നേറിയിരുന്നു. 42 വർഷത്തിത്തിനിടെ പ്രസിഡന്റ് പദവി സംവരണമായ മൂന്നു തവണ ഒഴികെ ബാക്കി മുഴുവൻകാലവും ഗോപിനാഥ് പ്രസിഡന്റ് പദവി അലങ്കരിച്ചു.

വാതിൽ തുറന്നിട്ട് സിപിഐഎം

കോൺഗ്രസ് വിട്ടുകൊണ്ടുള്ള എ.വി ഗോപിനാഥിന്റെ തീരുമാനം സ്വാഗതാർഹമെന്ന് സിപിഐഎം പാലക്കാട് ജില്ലാ കമ്മിറ്റി. ഗോപിനാഥിന്റെ മാതൃക ഇനിയും നിരവധി കോൺഗ്രസ് നേതാക്കൾ സ്വീകരിക്കുമെന്നാണ് മനസിലാക്കുന്നതെന്നും സിപിഐഎം വ്യക്തമാക്കി. തന്റെ നിലപാടുകളിൽ ഉറച്ചുനിന്നതുകൊണ്ടും കോൺഗ്രസിന്റെ പൊളിഞ്ഞു കൊണ്ടിരിക്കുന്ന രാഷ്ട്രീയത്തെ തുറന്നുകാണിച്ചതുകൊണ്ടും അനഭിമതനായി മാറേണ്ടിവന്നു എന്നതാണ് അദ്ദേഹത്തിന്റെ പത്രസമ്മേളനത്തിൽ നിന്നും മനസിലാക്കുന്നതെന്നും പാലക്കാട് സിപിഐഎം പറഞ്ഞു.

ജനതാൽപ്പര്യമോ സാമൂഹ്യ പ്രതിബദ്ധതയോ ഇല്ലാത്ത ഒരു ആൾക്കൂട്ടമായി കോൺഗ്രസ്സ് മാറികഴിഞ്ഞു. തകർന്നു കൊണ്ടിരിക്കുന്ന കോൺഗ്രസ്സ് കപ്പലിൽ നിന്ന് കപ്പിത്താൻ ആദ്യം തന്നെ കടലിൽ ചാടി രക്ഷപ്പെട്ടു. കപ്പിത്താനില്ലാത്ത ഈ കപ്പലിൽ നിന്ന് സ്വയം നീന്തി രക്ഷപ്പെടാൻ കോൺഗ്രസ്സിന് വേണ്ടി ദീർഘകാലം ത്യാഗപൂർണമായ പ്രവർത്തനം നടത്തിയ പലരും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. സിപിഐഎം പറഞ്ഞു.

ഏറ്റവും കാലോചിതമായ ഒരു തീരുമാനം എടുത്ത ശ്രീ.എ.വി.ഗോപിനാഥിന്റെ മാതൃക ഇനിയും നിരവധി കോൺഗ്രസ്സ് നേതാക്കൾ സ്വീകരിക്കുമെന്നാണ് മനസ്സിലാക്കുന്നത്. അദ്ദേഹത്തിന്റെ തീരുമാനത്തെ സർവ്വാത്മന സ്വാഗതം ചെയ്യുന്നു. രാജ്യം അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ നേരിടുന്നതിന് എല്ലാ മതനിരപേക്ഷ ജനാധിപത്യ വാദികൾക്കും ഒന്നിച്ചണിനിരക്കാൻ കഴിയണം. അതിന് സഹായകരമായ തീരുമാനം അദ്ദേഹം കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നു. സിപിഐഎം പ്രസ്താവനയിൽ പറഞ്ഞിരുന്നു.

Next Story