Top

'അവര്‍ക്ക് വേറെ ചില കാഴ്ചയാണ്, കേരളത്തിന് അപമാനം'; വീണ ജോര്‍ജിനെ അധിക്ഷേപിച്ച് പിസി ജോര്‍ജ്

'അവരെ അവിടെ പിടിച്ചു വെച്ചതേ മുടിഞ്ഞു. നല്ല ഒന്നാന്തരം കഴിവുള്ളൊരു സ്ത്രീ ആരോഗ്യവകുപ്പ് കൈകാര്യം ചെയ്തിരുന്നതാണ്'

12 Aug 2021 9:49 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അവര്‍ക്ക് വേറെ ചില കാഴ്ചയാണ്, കേരളത്തിന് അപമാനം; വീണ ജോര്‍ജിനെ അധിക്ഷേപിച്ച് പിസി ജോര്‍ജ്
X

വീണ ജോര്‍ജ് ആരോഗ്യമന്ത്രി സ്ഥാനത്ത് അയോഗ്യയാണെന്ന് പിസി ജോര്‍ജ്. മന്ത്രി സ്ഥാനത്ത് എത്തിയപ്പോള്‍ മുതല്‍ കേരളത്തിന് കഷ്ടകാലമാണെന്നും കേരളത്തില്‍ ഏറ്റവും കൂടുതല്‍ കൊവിഡുള്ളത് മന്ത്രിയുടെ മണ്ഡലമുള്ള പത്തനംതിട്ടയിലാണെന്നും പിസി ജോര്‍ജ് പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇടയ്ക്ക് വെച്ച് വീണാ ജോര്‍ജിനെ വ്യക്തിപരമായി അധിക്ഷേപിക്കുകയും ചെയ്തു. ഒപ്പം മുന്‍ ആരോഗ്യ മന്ത്രി കെകെ ശൈലജ കഴിവുള്ള മന്ത്രിയായിരുന്നെന്നും പിസി ജോര്‍ജ് അഭിപ്രായപ്പെട്ടു.

'അവരൊന്നും കാണുന്നില്ല എന്നതാണ് പ്രധാന പ്രശ്‌നം. അവര്‍ക്ക് വേറെ ചില കാഴ്ചയാണുള്ളത്. ആ കാഴ്ച വലിയ അപകടമാണ് കേരളത്തിന്. അപമാനവുമാണ്,' പിസി ജോര്‍ജ് പറഞ്ഞു. ഡോക്ടര്‍മാര്‍ക്കെതിരായ അതിക്രമം ശ്രദ്ധയില്‍പെട്ടിട്ടില്ലെന്ന് മന്ത്രി നിയമസഭയില്‍ നല്‍കിയ ഉത്തരം സംബന്ധിച്ചാണ് പിസി ജോര്‍ജിന്റെ ആക്ഷേപം.

'ഓരോരുത്തര്‍ ഓരോ സ്ഥാനത്ത് കയറിയിരിക്കുന്നത് തന്നെ കഷ്ടകാലമാണ്. കേരളത്തിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് പത്തനംതിട്ട ജില്ലയിലാണ്. മന്ത്രിയുടെ നിയോജക മണ്ഡലത്തില്‍. പറഞ്ഞിട്ട് കാര്യമുണ്ടോ. അവരെ അവിടെ പിടിച്ചു വെച്ചതേ മുടിഞ്ഞു. നല്ല ഒന്നാന്തരം കഴിവുള്ളൊരു സ്ത്രീ ആരോഗ്യവകുപ്പ് കൈകാര്യം ചെയ്തിരുന്നതാണ്. അവര്‍ക്ക് അറുപതിനായിരം വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചപ്പോള്‍ അവരോട് കുശുമ്പ് കയറി അവരെ ചാടിച്ച് വിട്ട് പിണറായി വിജയന്റെ ആടുതല്ലി എന്ന നിലയില്‍ പിടിച്ചു വെച്ച മന്ത്രിയാണിത്. എന്തൊരു കഷ്ടകാലമാണ്,' പിസി ജോര്‍ജ് പറഞ്ഞു.

പത്ര സമ്മേളനത്തില്‍ പിസി ജോര്‍ജ് കൊവിഡ് വാക്‌സിനെയും തള്ളിപ്പറഞ്ഞു. കൊവിഡ് വാക്‌സിന്‍ കളിപ്പീരാണെന്നും ഗുണകരം ഹോമിയോ ആണെന്നുമാണ് പിസി ജോര്‍ജ്ജിന്റെ വാദം. രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കും കൊവിഡ് വന്നത് ചൂണ്ടികാട്ടിയാണ് ഇക്കാര്യം ഉയര്‍ത്തിയത്. ഹോമിയോ മരുന്ന് കഴിച്ചത് കൊണ്ടാകാം തനിക്ക് കൊവിഡ് വരാത്തതെന്നും പിസി ജോര്‍ജ് പറഞ്ഞു.

Next Story