Top

'മലയാളി പൊളിയാണ്'; കേരളത്തിന് നന്ദി അറിയിച്ച് പൗലോ കൊയ്‌ലോ

എറണാകുളം പറവൂര്‍ രജിസ്ട്രഷനിലുള്ള പ്രദീപിന്റെ ഓട്ടോയ്ക്കാണ് ആല്‍ക്കെമിസ്റ്റ് എന്ന് പേരിട്ടിരിക്കുന്നത്

5 Sep 2021 3:27 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മലയാളി പൊളിയാണ്; കേരളത്തിന് നന്ദി അറിയിച്ച് പൗലോ കൊയ്‌ലോ
X

'ആല്‍ക്കെമിസ്റ്റ്' എന്ന് പേരിട്ട കേരളത്തിലെ ഓട്ടോറിക്ഷയുടെ ചിത്രം സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ച് വിഖ്യാത എഴുത്തുകാരന്‍ പൗലോ കൊയ്‌ലോ. 'നന്ദി കേരളമേ' എന്ന അടിക്കുറിപ്പോടുകൂടിയാണ് പൗലോ കൊയ്‌ലോ ചിത്രം ട്വീറ്റ് ചെയ്തിരിക്കുന്നത്. എറണാകുളം പറവൂര്‍ രജിസ്ട്രഷനിലുള്ള പ്രദീപിന്റെ ഓട്ടോയ്ക്കാണ് ബ്രസീലിയന്‍ എഴുത്തുകാരന്റെയും അദ്ദേഹത്തിന്റെ ലോക പ്രശസ്ത നോവലായ ആല്‍ക്കമെസ്റ്റിന്റെയും പേരിട്ടിരിക്കുന്നത്.

ഓട്ടോയുടെ പുറകിലായി മലയാളത്തിലാണ് ആല്‍ക്കെമിസ്റ്റ് എന്നെഴുതിയിരിക്കുന്നത്. അതിനു മുകളിലായി പൗലോ കൊയ്‌ലോ എന്ന് ഇംഗ്ലീഷിലും എഴുതിയിട്ടുണ്ട്. പൗലോ കൊയ്‌ലോ പങ്കുവെച്ച ട്വീറ്റ് ഇപ്പോള്‍ സമൂഹ മാധ്യമത്തില്‍ വൈറലാണ്. ഇതിനുമുമ്പ് ആല്‍ക്കമെസ്റ്റ് ഉള്‍പ്പെടെയുള്ള പുസ്തകങ്ങളുടെ മാതൃകയില്‍ പണികഴിപ്പിച്ച കേരളത്തിലെ ഒരു ബുക്ക് സ്റ്റോളിന്റെ ചിത്രവും അദ്ദേഹം പങ്കുവെച്ചിരുന്നു. കൊയ്‌ലോ ട്വിറ്ററില്‍ ഓട്ടോയുടെ ചിത്രം പങ്കുവെച്ച് നിമിഷങ്ങള്‍ക്കകം തന്നെ സന്തോഷം പങ്കുവെച്ചുകൊണ്ടുള്ള ഒട്ടേറെ കമന്റുകളും പിന്നാലെയെത്തിയിട്ടുണ്ട്.

ലോകത്തില്‍ ഏറ്റവും വായിക്കപ്പെടുന്ന എഴുത്തുകാരിലൊരാളായ പൗലോ കൊയ്ലോയുടെ ശ്രദ്ധേയമായ പുസ്തകമാണ് ആല്‍ക്കെമിസ്റ്റ്. 1988ലാണ് പുസ്തകം ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടത്. പോര്‍ച്ചുഗീസ് ഭാഷയില്‍ രചിക്കപ്പെട്ട ഈ നോവല്‍ 67 ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ജീവിച്ചിരിക്കുന്ന ഒരു എഴുത്തുകാരന്റെ ഏറ്റവുമധികം ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട കൃതി എന്ന പ്രത്യേകതയും അതിന് ഗിന്നസ് റെക്കോര്‍ഡും നേടിയിട്ടുള്ള പുസ്തകമാണ് ആല്‍ക്കെമിസ്റ്റ്. ഇതുവരെ 150 രാജ്യങ്ങളിലായി 65 ദശലക്ഷത്തിലധികം കോപ്പികള്‍ വിറ്റഴിച്ചിട്ടുണ്ട്.

പൗലോ കൊയ്‌ലോ തന്റെ ഓട്ടോയുടെ ചിത്രം പങ്കുവെച്ചതില്‍ സന്തോഷമുണ്ടെന്ന് ഡ്രൈവര്‍ പ്രദീപ് പറഞ്ഞു. 25 വര്‍ഷത്തോളമായി കൊച്ചിയില്‍ ഓട്ടോ ഡ്രൈവറായ പ്രദീപ് പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ആല്‍ക്കെമിസ്റ്റ് വായിക്കാന്‍ ഇടയായത്. അതിന് ശേഷമാണ് ഓട്ടോയ്ക്ക് ഇങ്ങനെ പേരിടാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഈ പേരിട്ടത് തനിക്ക് ഏറെ ഗൂണം ചെയ്തിട്ടുണ്ടെന്നും എഴുത്തുകാരാരെങ്കിലും വാഹനത്തില്‍ കയറിയാല്‍ ഓട്ടോയുടെ പേരിനെ കുറിച്ച് സംസാരിക്കാറുണ്ടെന്നും പുതിയ പുസ്തകങ്ങളെ കുറിച്ചും മറ്റും വാചാലരാകാറുണ്ടെന്നും പ്രദീപ് കൂട്ടിച്ചേര്‍ത്തു.

Next Story