Top

'സൂക്ഷിക്കുക! ലൗ ജിഹാദില്‍ നായന്മാരും ഉണ്ട്, സൂക്ഷിക്കണേ...' പരിഹസിച്ച് സക്കറിയ

വെള്ളാപ്പള്ളി നടേശന് കൂടുതല്‍ ഉത്തരവാദിത്തങ്ങളായി എന്ന് ചുരുക്കം.

22 Sep 2021 11:18 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സൂക്ഷിക്കുക! ലൗ ജിഹാദില്‍ നായന്മാരും ഉണ്ട്, സൂക്ഷിക്കണേ... പരിഹസിച്ച് സക്കറിയ
X

പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക്ക് ജിഹാദ്, ലൗ ജിഹാദ് പരാമര്‍ശങ്ങളില്‍ പരിഹാസവുമായി സക്കറിയ വീണ്ടും രംഗത്ത്. ലൗ ജിഹാദ് തുടങ്ങിയത് നായന്മാരാണെന്ന സത്യം താന്‍ ഇന്നലെ കണ്ടെത്തിയെന്നും വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രേമലേഖനം വായിക്കുന്നതിനിടയിലാണ് കണ്ടെത്തലെന്നും സക്കറിയ പറഞ്ഞു. പ്രേമലേഖനം നോവലില്‍ കേശവന്‍ നായര്‍ സാറാമ്മയെ തട്ടിയെടുത്തത് ലൗ ജിഹാദിന്റെ ഭാഗമാണെന്നാണ് ബിഷപ്പിനെ പരിഹസിച്ച് കൊണ്ട് സക്കറിയ പറഞ്ഞത്. മുസ്ലിങ്ങളെയും ഈഴവരെയും പോലെ നായന്മാരെയും സൂക്ഷിക്കണേയെന്നും സക്കറിയ പറഞ്ഞു.

സക്കറിയ പറഞ്ഞത്: സൂക്ഷിക്കുക! ലൗ ജിഹാദില്‍ നായന്മാരും ഉണ്ട്.

ബഹുമാനപ്പെട്ട പാലാ ബിഷപ്പിന്റെ സഭയിലെ ഒരു പുരോഹിതന്‍ തന്നെ ലൗ ജിഹാദ് സംബന്ധിച്ച് അദ്ദേഹത്തെ തിരുത്തിക്കഴിഞ്ഞു. ഈഴവരാണ് ക്രിസ്ത്യാനി പെണ്‍കുട്ടികളെ ചോര്‍ത്തുന്നത് എന്നു അദ്ദേഹം വ്യക്തമാക്കി. (ഗൗരിയമ്മ ടി വി തോമസിനെ ചോര്‍ത്തിയത് ഈ ഗൂഡാലോചനയുടെ ഭാഗമായിരു ന്നോ എന്ന് അന്വേഷിക്കേണ്ടതാണ്.) ശ്രീ വെള്ളാപ്പ ള്ളി നടേശന് കൂടുതല്‍ ഉത്തരവാദിത്തങ്ങളായി എന്ന് ചുരുക്കം.

എന്നാല്‍ ലൗ ജിഹാദ് വാസ്തവത്തില്‍ തുടങ്ങിയത് നായന്മാരാണെന്ന നടുക്കുന്ന സത്യം ഞാന്‍ ഇന്നലെ കണ്ടെത്തി. ഓര്‍മ്മകള്‍ പുതുക്കാന്‍ വേണ്ടി ഇന്നലെ ബഷീറിന്റെ 'പ്രേമലേഖനം' വായിക്കുകയായിരുന്നു. അപ്പൊളി താ ആ നഗ്‌നസത്യം പുസ്തകത്തിന്റെ ഒന്നാം താളില്‍നിന്നു എന്നെ തുറിച്ചു നോക്കുന്നു! വൈക്കം മുഹമ്മദ് ബഷീര്‍ എന്ന 'വിനീത ചരിത്രകാരന്‍' 1943 ല്‍ തന്നെ ഈ വാസ്തവം വെളിപ്പെടുത്തിയിരിക്കുകയാണ്. (നായന്മാര്‍ അദ്ദേഹത്തോട് പൊറുക്കട്ടെ! അദ്ദേഹം ഒരു മുസ്ലിം നാമധാരിയാണ് എന്നത് ബിഷപ്പും പൊറുക്കട്ടെ.)

'പ്രേമലേഖന' ത്തിന്റെ ഒന്നാം പേജില്‍ വായിക്കൂ : ' പ്രിയപ്പെട്ട സാറാമ്മേ, ജീവിതം യൗവ്വനതീഷ്ണവും ഹൃദയം പ്രേമസുരഭിലവുമായിരിക്കുന്ന ഈ അസുലഭ കാലഘട്ടത്തെ എന്റെ പ്രിയ സുഹൃത്ത് എങ്ങനെ വിനിയോഗിക്കുന്നു? ഞാനാണെങ്കില്‍ എന്റെ ജീവിതത്തിലെ നിമിഷങ്ങള്‍ ഓരോന്നും സാറാമ്മയോടുള്ള പ്രേമത്തില്‍ കഴിക്കുകയാണ്. സാറാമ്മയോ? ഗാഢമായി ചിന്തിച്ചു മധുരോദാരമായ ഒരു മറുപടിയാല്‍ എന്നെ അനുഗ്രഹിക്കണമെന്നഭ്യര്‍ഥിച്ചുകൊണ്ട്, സാറാമ്മയുടെ കേശവന്‍ നായര്‍.'

ചുരുക്കി പറഞ്ഞാല്‍ നായന്മാര്‍ ക്രിസ്ത്യാനികള്‍ക്കെതീരെ ലൗ ജിഹാദ് തുടങ്ങിയിട്ട് ഇന്നേക്ക് 78 കൊല്ലമായി. മന്നത്തു പദ്മനാഭന്‍ എന്ന നല്ല മനുഷ്യന്‍ കേശവന്‍ നായരുടെ പ്രണയലേഖനം വായിച്ചു ഒന്ന് പുഞ്ചിരിച്ചിട്ട് ആത്മഗതം ചെയ്തിരിക്കാം : അങ്ങനെ വേണം നായന്മാര്‍! മടി പിടിച്ചു ഇരുന്നാല്‍ പോരാ! ഒറ്റ പ്രേമലേഖനത്തിന്മേല്‍ കേശവന്‍ നായര്‍ സാറാമ്മയെ തട്ടിയെടുത്തു എന്ന് പറഞ്ഞാല്‍ മതിയല്ലോ. കഷ്ടം! എന്നിട്ടു ആ തല തെറിച്ച ക്രിസ്ത്യാനി പെണ്ണ് കേശവന്‍ നായര്‍ക്ക് കുറെ രൂപയും കൊടുത്ത് ആ നായരുടെ കാലുകളില്‍ ഉമ്മ വച്ചിട്ട് പറയുകയാണ്‍ 'ഞാനാകുന്നു പ്രേമലേഖനം! യുവതിയാകുന്നു, യുവാവാകുന്നു പ്രേമലേഖനം.' (രൂപയുടെ കാര്യം നിങ്ങള്‍ ശ്രദ്ധിച്ചുവല്ലോ. പെണ്ണിനെ മാത്രമല്ല അവളുടെ അപ്പന്‍ അധ്വാനിച്ചുണ്ടാക്കിയ പൈസയും നായര്‍ കൊണ്ടുപോയി ! ഭയങ്കരം!) കഴിഞ്ഞില്ല.

ആ നായര്‍പ്രേമലേഖനം അവള്‍ എവിടെയായിരുന്നു സൂക്ഷിച്ചു വച്ചിരുന്നത് എന്ന് കൂടി കേട്ടാല്‍ ബിഷപ്പുമാര്‍ ചെവി പൊത്തിക്കൊണ്ടു ഓടും. 'അവള്‍ ബോഡീസിന്റെ അകത്തു നിന്ന് അനേക കാലത്തെ വിയര്‍പ്പില്‍ കുളിച്ച പുരാതനമായ കടലാസ് എടുത്തു ...' ഇതില്‍ കൂടുതല്‍ പറയാന്‍ എനിക്ക് ശക്തിയില്ല. ബഹുമാനപ്പെട്ട ബിഷപ്പുമാരെ! മുസ്ലിങ്ങളെയും ഈഴവരെയും പോലെ നിങ്ങള്‍ നായന്മാരെയും സൂക്ഷിക്കണേ. വാസ്തവത്തില്‍ കേരളം ഇനി നിങ്ങള്‍ തന്നെ ഭരിച്ചാല്‍ പോരെ? ഈ മുസ്ലിങ്ങളും ഈഴവരും നായന്മാരുമെല്ലാം ഒരു ബുദ്ധിമുട്ടല്ലേ.

പാലാ ബിഷപ്പിന്റെ വിവാദ പരാമര്‍ശം വന്നതിന് പിന്നാലെ വിഷയത്തില്‍ സക്കറിയ പ്രതികരിച്ചിരുന്നു.

Next Story