Top

സംസ്ഥാനത്ത് പാസഞ്ചര്‍ ട്രെയിനുകള്‍ പുനരാരംഭിക്കും

നവംബര്‍ ഒന്നു മുതല്‍ സ്‌കൂളുകള്‍ തുറക്കുമെന്ന പ്രഖ്യാപനത്തെ തുടര്‍ന്നാണ് റെയില്‍വെ പാസഞ്ചര്‍ ട്രെയിനുകളുടെ സര്‍വ്വീസ് ആരംഭിക്കാന്‍ ഒരുങ്ങുന്നത്.

24 Sep 2021 6:49 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സംസ്ഥാനത്ത് പാസഞ്ചര്‍ ട്രെയിനുകള്‍ പുനരാരംഭിക്കും
X

കേരളത്തില്‍ പാസഞ്ചര്‍ ട്രെയിന്‍ സര്‍വ്വീസുകള്‍ പുനരാരംഭിക്കാന്‍ റെയില്‍വെയുടെ നീക്കം. നവംബര്‍ ഒന്നു മുതല്‍ സ്‌കൂളുകള്‍ തുറക്കുമെന്ന പ്രഖ്യാപനത്തെ തുടര്‍ന്നാണ് റെയില്‍വെ പാസഞ്ചര്‍ ട്രെയിനുകളുടെ സര്‍വ്വീസ് ആരംഭിക്കാന്‍ ഒരുങ്ങുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ അനുമതി കിട്ടിയാല്‍ സര്‍വ്വീസുകള്‍ ആരംഭിക്കാനാകുമെന്നാണ് റെയില്‍വെ അറിയിച്ചത്.

പാസഞ്ചര്‍ ട്രെയിനുകള്‍ വീണ്ടും തുടങ്ങാനുളള തീരുമാനം ഔദ്യോഗികമായി നിലവില്‍ വന്നാല്‍ എക്‌സ്പ്രസ് നിരക്കാവാനാണ് സാധ്യതയെന്നും വിവരമുണ്ട്. റെയില്‍വെയുടെ തീരുമാനത്തോട് അനുകൂല നിലപാടാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുളളത്. എന്നാല്‍ ഔദ്യോഗികമായ പ്രഖ്യാപനമുണ്ടായിട്ടില്ല. ബുധാനാഴ്ച സര്‍ക്കാരും റെയില്‍വെയും ചേര്‍ന്നുളള യോഗം വിളിച്ചിട്ടുണ്ട്. ഈ യോഗത്തില്‍ റെയില്‍വെയുടെ ചുമതലയുളള മന്ത്രി അഹമ്മദ് ദേവര്‍ക്കോവിലും ദക്ഷിണ മേഖലാ റെയില്‍വെ മാനേജരും പങ്കെടുക്കും.

എക്‌സ്പ്രസ് ട്രെയിനുകളിലെ ജനറല്‍ കോച്ചുകളില്‍ റിസര്‍വേഷനില്‍ യാത്ര ചെയ്യുന്നത് ഒഴിവാക്കാന്‍ സാധ്യതയുണ്ട്. വേണാട്, പരശുറാം, ഇന്റര്‍സിറ്റി, വഞ്ചിനാട് ട്രെയിനുകളില്‍ റിസര്‍വ് ചെയ്യാതെ ജനറല്‍ കോച്ചുകളില്‍ മാത്രം യാത്ര ചെയ്യാനാകുന്ന രീതി റെയില്‍വേ സ്വീകരിക്കുമെന്നാണ് വിവരം. ചെന്നൈ, മുംബൈ എന്നിവിടങ്ങളില്‍ സബര്‍ബന്‍ ട്രെയിനുകള്‍ സര്‍വീസ് ആരംഭിച്ചിട്ടുണ്ട്. അവിടുത്തെ സര്‍ക്കാരുകള്‍ ആവശ്യപ്പെട്ടതോടെയാണ് റെയില്‍വെ സര്‍വീസ് പുനരാരംഭിച്ചത്. പാസഞ്ചര്‍ ട്രെയിനുകളെ മാത്രം ആശ്രയിച്ച് യാത്ര പോകുന്ന ആയിരക്കണക്കിന് യാത്രക്കാരുള്ള സംസ്ഥാനത്തിന് പ്രതീക്ഷ നല്‍കുന്നതാണ് റെയില്‍വേയുടെ പുതിയ നീക്കം.

Next Story