Top

'വഴക്കുണ്ടായി, മരണം ഉറപ്പാക്കുന്നത് വരെ കഴുത്തു ഞെരിച്ചു'; സിനിമയിലേത് പോലെ അടുക്കളയിൽ കുഴിച്ചിട്ടു; ബിനോയ് കുറ്റം സമ്മതിച്ചു

പണിക്കൻകുടിയിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്ന കാമാക്ഷി താമഠത്തിൽ സിന്ധുവിന്റെ മൃതദേഹം ഈ മാസം മുന്നിനാണ് അയൽവാസിയായി ബിനോയിയുടെ വീട്ടിലെ അടുക്കളിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്.

6 Sep 2021 1:49 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വഴക്കുണ്ടായി, മരണം ഉറപ്പാക്കുന്നത് വരെ കഴുത്തു ഞെരിച്ചു; സിനിമയിലേത് പോലെ അടുക്കളയിൽ കുഴിച്ചിട്ടു; ബിനോയ് കുറ്റം സമ്മതിച്ചു
X

ഇടുക്കി: പണിക്കൻകുടി കൊലപാതക കേസിലെ പ്രതി ബിനോയി കുറ്റം സമ്മതിച്ചു. കൊലയിലേക്ക് നയിച്ചത് സിന്ധുവിനോട് തോന്നിയ സംശയമെന്നും പ്രതി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. സംഭവദിവസം വഴക്കുണ്ടായെന്നും കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയതാണെന്നും ബിനോയ്‌ പൊലീസിനോട് പറഞ്ഞു. തമിഴ്നാട്ടിലും കേരളത്തിലെ വിവിധ ജില്ലകളിലുമായിട്ടായിരുന്നു ഒളിവിൽ കഴിഞ്ഞത്. പെരിഞ്ചാംകുട്ടിയിൽ എത്തിയത് രണ്ട് ദിവസം മുൻപാണെന്നും പ്രതി വെളിപ്പെടുത്തി.

പ്രതിയെ നാളെ കൊല നടന്ന സ്ഥലത്തെത്തിച്ചു തെളിവെടുക്കാനാണ് പൊലീസിന്റെ തീരുമാനം. 20 ദിവസമാണ് പ്രതി ഒളിവിൽ കഴിഞ്ഞത്. കൈയ്യിലുണ്ടായിരുന്ന പണമെല്ലാം തീർന്നതോടെ പെരിഞ്ചാംകുടിയിലെത്തി. രണ്ട് ദിവസമായി ഒരു പാലത്തിന് കീഴിൽ കഴിഞ്ഞു വരികയായിരുന്നു. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതിയെ കണ്ടെത്തുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ആർക്കറിയാം എന്ന മലയാള ചിത്രത്തിന്റെ ഇതിവൃത്തതിന് സമാനമായിട്ടാണ് പ്രതി സിന്ധുവിന്റെ മൃതദേഹം കുഴിച്ചുമൂടിയത്. അതേസമയം സിനിമയാണോ ഇത്തരമൊരു നീക്കത്തിന് പ്രചോദനമായതെന്ന് വ്യക്തമല്ല.

പണിക്കൻകുടിയിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്ന കാമാക്ഷി താമഠത്തിൽ സിന്ധുവിന്റെ മൃതദേഹം ഈ മാസം മുന്നിനാണ് അയൽവാസിയായി ബിനോയിയുടെ വീട്ടിലെ അടുക്കളിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. ബിനോയിയുടെ വീടിന്റെ അടുത്തുള്ള ചക്കാലയ്ക്കൽ ബെന്നി എന്നയാളുടെ വീട്ടിലാണ് സിന്ധുവും 12 വയസ്സുകാരൻ മകനും അഞ്ച് വർഷത്തോളമായി വാടകയ്ക്ക് താമസിച്ചിരുന്നത്. ഭർത്താവുമായി അകന്നുകഴിഞ്ഞിരുന്ന സിന്ധു കുറച്ചു കാലങ്ങളായി ബിനോയിയുമായി ഒരുമിച്ച് ജീവിച്ചു വരുകയായിരുന്നു. എന്നാൽ സിന്ധു വീണ്ടും ഭർത്താവുമായി അടുത്തതാണ് കൊലപാതത്തിന് പ്രേരണയായതെന്നാണ് സൂചന.

ബിനോയും സിന്ധും തമ്മിൽ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നുവെന്നും പ്രതി ഇവരെ മർദ്ദിച്ചിരുന്നതായും സിന്ധുവിന്റെ അമ്മ വെള്ളത്തൂവൽ പൊലീസിൽ പരാതിപ്പെട്ടത്. തുടർന്ന് ഇയാളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഡിവൈഎസ്പി ഇമ്മാനുവൽ പോളിന്റെ നേതൃത്വത്തിൽ വെള്ളത്തൂവൽ എസ്എച്ച്ഒ ആർ.കുമാർ, എസ്‌ഐമാരായ രാജേഷ്‌കുമാർ, സി.ആർ.സന്തോഷ്, സജി എൻ.പോൾ എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ് പ്രതിക്കായി അന്വേഷണം നടത്തുന്നത്.

ബിനോയി ഭാര്യയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചതടക്കം എട്ട് ക്രിമിനൽകേസുകളിൽകൂടി പ്രതിയാണ്. വെള്ളത്തൂവൽ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്യപ്പെട്ടതിൽ അടിപിടി കേസുകളാണ് കൂടുതലും. ഭാര്യയെ ഉപദ്രവിച്ച കേസിൽ ഇയാൾ ജയിൽവാസവും അനുഭവിച്ചിട്ടുണ്ട്

Next Story