Top

സച്ചിനും അംബാനിയും അടക്കം 380 പേര്‍ക്ക് കുരുക്ക്; എന്താണ് പാന്‍ഡോറ പേപ്പര്‍?

ലോകത്ത് ഇന്നുവരെയുണ്ടായിട്ടുള്ള ഏറ്റവും വലിയ മാധ്യമ കൂട്ടായ്മയാണ് പാന്‍ഡോറ രേഖകളുടെ അന്വേഷണത്തിനായി നടന്നത്

5 Oct 2021 4:35 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സച്ചിനും അംബാനിയും അടക്കം 380 പേര്‍ക്ക് കുരുക്ക്; എന്താണ് പാന്‍ഡോറ പേപ്പര്‍?
X

ഏറെ ചര്‍ച്ചകള്‍ക്ക് വഴി തെളിയിച്ച പാന്‍ഡോറ പേപ്പറില്‍ നിരവധി പ്രമുഖരുടെ നിക്ഷേപത്തെക്കുറിച്ചുള്ള വിവരങ്ങളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ലോക നേതാക്കള്‍, ബിസിനസ്പ്രമുഖര്‍, സിനിമ മേഖലയിലുള്ളവര്‍ തുടങ്ങിയ 380ഓളം ആളുകളുടെ വിദേശനിക്ഷേപത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഇതിലുള്‍പ്പെടുന്നു. രാജ്യത്തെ ഞെട്ടിക്കും വിധം സെലിബ്രിറ്റികളില്‍ പലരും ഇതില്‍ ഉള്‍പ്പെടുന്നു. വരും ദിവസങ്ങളില്‍ പ്രമുഖരുടെ കൂടുതല്‍ വിവരങ്ങളും വെളിപ്പെടുത്തലുകളുമാണ് പുറത്തു വരാനിരിക്കുന്നത്.

ഇന്ത്യയുള്‍പ്പെടെയുള്ള 91 രാജ്യങ്ങളിലെ പ്രമുഖരുടെ കള്ളപ്പണ നിക്ഷേപ വിവരങ്ങളാണ് പുറത്തുവന്നത്. ഇന്ത്യയിലെ വ്യവസായികള്‍, രാഷ്ട്രീയക്കാര്‍ അന്വേഷണം നേരിടുന്നവര്‍ തുടങ്ങിയവരെല്ലാം ഈ പട്ടികയിലുണ്ട്. ക്രിക്കറ്റ് താരവും മുന്‍ രാജ്യസഭ എംപിയുമായ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, ഭാര്യ അഞ്ജലി, ഭാര്യപിതാവ് ആനന്ദ് മേത്ത എന്നിവര്‍ ബ്രിട്ടീഷ് വിര്‍ജിന്‍ ഐലന്റില്‍ നിക്ഷേപം നടത്തിയെന്നും പാന്‍ഡോറ പേപ്പര്‍ വെളിപ്പെടുത്തുന്നു. ദ്വീപിലെ സാസ് ഇന്റര്‍നാഷ്ണല്‍ ലിമിറ്റഡ് എന്ന കമ്പനിയിലെ ഡയറക്ടര്‍മാരാണ് മൂവരുമെന്നാണ് റിപ്പോര്‍ട്ട്. കള്ളപ്പണ നിക്ഷേപങ്ങളെ കുറിച്ച് മുന്‍പ് പനാമ പേപ്പര്‍ വെളിപ്പെടുത്തലുണ്ടായപ്പോള്‍ സാസ് ഇന്റര്‍നാഷണല്‍ ലിമിറ്റഡില്‍ നിന്ന് സച്ചിന്‍ അടക്കമുള്ളവര്‍ നിക്ഷേപം പിന്‍വലിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

പാപ്പരാന്ന് ബ്രിട്ടീഷ് കോടതിയില്‍ പ്രഖ്യാപിച്ച വ്യവസായി അനില്‍ അംബാനിക്ക് ജഴ്സി ദ്വീപിലും ബ്രിട്ടീഷ് വെര്‍ജിന്‍ ഐലന്‍ഡ്സിലും സൈപ്രസിലുമായി 18 കമ്പനികളാണെന്ന് പാന്‍ഡോറ രേഖകള്‍ വെളിപ്പെടുത്തുന്നു. ജഴ്സിയില്‍ എട്ടു കമ്പനികളും ബ്രിട്ടീഷ് വെര്‍ജിന്‍ ഐലന്‍ഡ്സില്‍ ഏഴും സൈപ്രസില്‍ മൂന്നും കമ്പനികളാണ് അംബാനിക്കുള്ളത്. 2020 ഫെബ്രുവരിയില്‍ ചൈനീസ് സര്‍ക്കാരുടമസ്ഥതയിലുള്ള മൂന്നു ബാങ്കുകളുമായി ലണ്ടന്‍ കോടതിയില്‍ കേസ് നടന്നപ്പോള്‍ തനിക്ക് സമ്പാദിമില്ലെന്നാണ് അംബാനി അവകാശപ്പെട്ടത്. എന്നാല്‍ അന്ന് തന്നെ അംബാനിക്ക് വിദേശത്ത് കമ്പനികളുണ്ടാകുമെന്നും അതിനെക്കുറിച്ച് വെളിപ്പെടുത്താത്തതാകാമെന്നും കോടതി പറഞ്ഞിരുന്നു. ബാങ്കുകള്‍ക്ക് 71.6 കോടി ഡോളര്‍ നല്‍കാന്‍ മൂന്നുമാസത്തിനുശേഷം കോടതി ഉത്തരവിടുകയും ചെയ്തു. എന്നാല്‍ അംബാനി പണം അടച്ചില്ല മാത്രമല്ല വിദേശത്ത് സമ്പത്തില്ലെന്നും പറഞ്ഞു.

2 ജി സ്പെകട്രം അഴിമതിയില്‍ ഉള്‍പ്പെട്ട കോര്‍പറേറ്റ് ഇടനിലക്കാരിയായ നീരാ റാഡിയ നേരിട്ടു ബന്ധപ്പെടാത്ത ക്ലൈന്റ് ആണെന്നാണ് പാന്‍ഡോറ രേഖകള്‍ വ്യക്തമാക്കുന്നത്. ലണ്ടനിലെ സഞ്ജയ് നെവാതിയ വഴിയാണ് ഇടപാടുകള്‍ നടത്തുന്നത്. മുന്‍ ക്രെഡിറ്റ് സ്വിസ് ബാങ്കറാണ് സഞ്ജയ്.

ബയോകോണ്‍ എക്സിക്യൂട്ടീവ് ചെയര്‍പേഴ്സണ്‍ കിരണ്‍ മജുംദാര്‍ ഷായുടെ ഭര്‍ത്താവിന്റെ ട്രസ്റ്റിനെ കുറിച്ചും പാന്‍ഡോറ രേഖകളില്‍ പറയുന്നു. എന്നാല്‍ ഭര്‍ത്താവിന്റെ വിദേശത്തെ ട്രസ്റ്റ് നിയമപ്രകാരമുള്ളതും സത്യസന്ധവുമാണെന്ന് ബയോകോണ്‍ പ്രൊമോട്ടര്‍ കിരണ്‍ മജുംദാര്‍ ഷാ പറഞ്ഞു. പാന്‍ഡോറ രേഖകളില്‍ ട്രസ്റ്റിനെ തെറ്റായി പരാമര്‍ശിച്ചിരിക്കുകയാണ്. എന്നാല്‍ വാര്‍ത്തകളില്‍ പറയും പോലെ ട്രസ്റ്റിന്റെ ചുമതല ആരെയും ഏല്‍പ്പിച്ചിട്ടില്ലെന്നും അവര്‍ പറയുന്നു.

പഞ്ചാബ് നാഷണല്‍ ബാങ്കിനെ കബളിപ്പിച്ച് 11,334 കോടി തട്ടിപ്പ് നടത്തിയാണ് നീരവ് മോദി ഇന്ത്യ വിട്ടതെന്ന് പാന്‍ഡോറയില്‍ രേഖകളുണ്ട്. 2018-ജനുവരിയില്‍ നീരവ് ഇന്ത്യ വിടും മുമ്പ് ബ്രിട്ടീഷ് വെര്‍ജിന്‍ ഐന്‍ലന്‍ഡില്‍ നീരവിന്റെ സഹോദരി പുര്‍വി മോദി ഒരു കമ്പനി സ്ഥാപിച്ചതായാണ് വിവരം. സിങ്കപ്പൂരിലെ ട്രൈഡെന്റ് ട്രസ്റ്റ് കമ്പനി വഴി രൂപം നല്‍കിയ ട്രസ്റ്റിന്റെ കോര്‍പറേറ്റ് പ്രൊട്ടക്ടര്‍ ആയി പ്രവര്‍ത്തിക്കുന്നതിനാണ് ഇതെന്ന് രേഖകള്‍ വ്യക്തമാക്കുന്നു.

ജാക്കി ഷ്റോഫിന്റെ ഭാര്യാമാതാവ് ന്യുസീലന്‍ഡില്‍ സ്ഥാപിച്ച ട്രസ്റ്റിന്റെ പ്രധാന പ്രയോജനം അദ്ദേഹത്തിനാണെന്നും പാന്‍ഡോറ രേഖകള്‍ പറയുന്നു. ഷ്റോഫ് നേരിട്ടും ഇതില്‍ നിക്ഷേപം നടത്തി. ബ്രിട്ടീഷ് വെര്‍ജിന്‍ ഐന്‍ലന്‍ഡില്‍ കമ്പനി, സ്വിസ് ബാങ്ക് അക്കൗണ്ട് വഴിയുള്ള ഇടപാടുകള്‍ എന്നിവ സംബന്ധിച്ച വിവരങ്ങളും റിപ്പോര്‍ട്ടിലുണ്ട്. മൂന്നുവര്‍ഷങ്ങള്‍ക്ക് മുമ്പ് ഗൗതം അദാനിയുടെ സഹോദരന്‍ ബ്രിട്ടീഷ് വെര്‍ജിന്‍ ഐലന്‍ഡ്സില്‍ ഒരു കമ്പനിക്ക് രൂപം നല്‍കിയതായി രേഖകളില്‍ പറയുന്നു. എന്നാല്‍ കമ്പനി അടച്ചതായാണ് അദ്ദേഹത്തിന്റെ അവകാശവാദം. കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട കേസില്‍ അധോലോക കുറ്റവാളി ഇക്ബാല്‍ മിര്‍ച്ചിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിനിടെയാണ് പുതിയ വെളിപ്പെടുത്തലുകള്‍.

പതിനാല് ആഗോള കോര്‍പ്പറേറ്റ് സേവന സ്ഥാപനങ്ങളില്‍ നിന്നുള്ള 11.9 ദശലക്ഷം ഫയലുകളാണ് പാന്‍ഡോറ പേപ്പറുകള്‍ എന്ന് വിളിക്കുന്നത്. പാന്‍ഡോറ രേഖകളില്‍ ഓഫ് ഷോര്‍ സ്ഥാപനങ്ങളുടെ കൈവശമുള്ള പണം, ഷെയര്‍ഹോള്‍ഡിങ്, റിയല്‍ എസ്റ്റേ് പ്രോപ്പര്‍ട്ടികള്‍ എന്നിവയുള്‍പ്പെടെയുള്ള നിക്ഷേപങ്ങളും ഉള്‍പ്പെടുന്നു. പാന്‍ഡോറ രേഖകള്‍ പ്രകാരം 380 ഇന്ത്യന്‍ പൗരന്മാര്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ലോകത്ത് ഇന്നുവരെയുണ്ടായിട്ടുള്ള ഏറ്റവും വലിയ മാധ്യമകൂട്ടായ്മയാണ് പാന്‍ഡോറ രേഖകളുടെ അന്വേഷണത്തിനായി നടന്നത്. ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റിവ് ജേണലിസ്റ്റുകള്‍ (ഐസിഐജെ) നടത്തിയ അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. 117 രാജ്യങ്ങളിലെ 150 മാധ്യമസ്ഥാപനങ്ങളില്‍ നിന്നുള്ള 600 മാധ്യമപ്രവര്‍ത്തകര്‍ ഈ അന്വേഷണത്തിന്റെ ഭാഗമായി. 1.2 കോടി രേഖകളാണ് ഇവര്‍ ഒരു കൊല്ലമെടുത്ത് അന്വേഷിച്ചത്്. ഇത്രയും വലിയ രേഖകള്‍ ഇവര്‍ പുറത്തുവിടുന്നത് ഇതാദ്യമായാണ്.

പാന്‍ഡോറ റിപ്പോര്‍ട്ടില്‍ ലോകത്തെ ശതകോടീശ്വരന്മാരും അഴിമതിക്കാരും മറച്ചുവെച്ച വലിയ ഇടപാടുകളും കോടി കണക്കിന് ഡോളര്‍ മൂല്യമുള്ള ആസ്തികള്‍ സംരക്ഷിക്കാന്‍ നടത്തിയ നീക്കങ്ങളിലേക്കുമാണ് വെളിച്ചം വീശിയിരിക്കുന്നത്.

2016ല്‍ പുറത്തുവിട്ട പനാമ രേഖകളുടെ തുടര്‍ച്ചയാണ് പാന്‍ഡോറ പേപ്പേഴ്സ്. നികുതിവെട്ടിച്ചുള്ള അതിസമ്പന്നരുടെ വിദേശസമ്പാദ്യത്തിന്റെ വിശദാംശങ്ങള്‍ പാനമ രേഖകളിലൂടെ പുറത്തുവന്നതോടെ പല രാജ്യങ്ങളും നിയമങ്ങളും നിയന്ത്രണങ്ങളും കര്‍ക്കശമാക്കി. ഇതോടെ ഒട്ടേറെപ്പേര്‍ തങ്ങളുടെ സമ്പാദ്യം സൂക്ഷിക്കാന്‍ ബദല്‍മാര്‍ഗങ്ങള്‍ കണ്ടെത്തി. പലരും രാജ്യങ്ങള്‍ മാറ്റി നിക്ഷേപിച്ചു.

Next Story