Top

പനമരം ഇരട്ടക്കൊലപാതകം; പൊലീസ് ചോദ്യം ചെയ്ത യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

വയോധികരായ താഴെ നെല്ലിയമ്പം പത്മാലയത്തിൽ കേശവൻ, ഭാര്യ പത്മാവതി കൊലപാതകവുമായി ബന്ധപ്പെട്ട് പ്രദേശവാസികളിൽ നിന്നും പൊലീസ് വിവര ശേഖരണം തുടരുകയാണ്.

10 Sep 2021 4:38 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പനമരം ഇരട്ടക്കൊലപാതകം; പൊലീസ് ചോദ്യം ചെയ്ത യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു
X

പനമരത്ത് നടന്ന ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച യുവാവ് വിഷം കഴിച്ചു. പനമരം നെല്ലിയമ്പം സ്വദേശി അർജുനാണ് പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെ വിഷം കഴിച്ചത്. ഇയാളെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പനമരം ഇരട്ടക്കൊലപാതക കേസുമായി ബന്ധപ്പെട്ട് അർജുനെ മാനന്തവാടി ഡിവൈഎസ്പി ഓഫീസിലേക്ക് അന്വേഷണ ഉദ്യോ​ഗസ്ഥൻ വിളിപ്പിച്ചിരുന്നു. ഇതാണ് ആത്മഹത്യ ശ്രമത്തിലേക്ക് കാര്യങ്ങളെത്തിച്ചതെന്നാണ് സൂചന.

വയോധികരായ താഴെ നെല്ലിയമ്പം പത്മാലയത്തിൽ കേശവൻ, ഭാര്യ പത്മാവതി കൊലപാതകവുമായി ബന്ധപ്പെട്ട് പ്രദേശവാസികളിൽ നിന്നും പൊലീസ് വിവര ശേഖരണം തുടരുകയാണ്. ഇതിന് വേണ്ടിയാണ് അർജുനെ വിളിപ്പിച്ചതെന്നും അന്വേഷണ ഉദ്യോ​ഗസ്ഥൻ മാനന്തവാടി ഡിവൈഎസ്പി എ.പി. ചന്ദ്രൻ റിപ്പോർട്ടർ ലൈവിനോട് പറഞ്ഞു. സ്വഭാവികമായ വിളിപ്പിക്കൽ മാത്രമാണ് നടന്നത്. കേസുമായി അർജുന് എന്തെങ്കിലും ബന്ധമുണ്ടോയെന്ന് ഇപ്പോൾ പറയാനാകില്ലെന്നും ഡിവൈഎസ്പി പറഞ്ഞു.

സംസ്ഥാനത്തെ തന്നെ ഞെട്ടിച്ച പനമരം ഇരട്ടക്കൊലപാതകം നടന്നിട്ട് രണ്ട് മാസം തികയുകയാണ്. മുഖമൂടികളാണ് വയോധിക ദമ്പതികളെ ആക്രമിച്ചതെന്നാണ് ആദ്യഘട്ടത്തിൽ പുറത്തുവന്ന വിവരം. കേസിൽ അന്വേഷണം കാര്യക്ഷമമായി മുന്നോട്ടുപോകുന്നില്ലെന്ന് നേരത്തെ വിമർശനം ഉയർന്നിരുന്നു. പ്രതിയെക്കുറിച്ച് സൂചനകൾ മാത്രമാണ് ഇപ്പോൾ പൊലീസിന് മുന്നിലുള്ളതെന്നാണ് വിവരം. ഇടംകൈയ്യനാകാം പ്രതിയെന്നും പൊലീസ് കരുതുന്നുണ്ട്.

Next Story