Top

ആശുപത്രി വിട്ട് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ വീട്ടിലെത്തി; ആശംസകളുമായി രാഹുല്‍ ഗാന്ധി

ആരോഗ്യം മെച്ചപ്പെട്ട് പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ കഴിയട്ടെയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

18 Aug 2021 4:22 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആശുപത്രി വിട്ട് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ വീട്ടിലെത്തി; ആശംസകളുമായി രാഹുല്‍ ഗാന്ധി
X

ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി തങ്ങള്‍ വീട്ടിലെത്തി. വീട്ടിലെത്തിയ തങ്ങളെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഫോണില്‍ വിളിച്ച് വിവരങ്ങള്‍ അന്വേഷിച്ചു. എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും രാഹുല്‍ ആശംസിച്ചു. ആരോഗ്യം മെച്ചപ്പെട്ട് പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ കഴിയട്ടെയെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

വാര്‍ധക്യസഹജമായ അസുഖങ്ങളാല്‍ തങ്ങള്‍ കുറച്ച് കാലമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നത്. ചന്ദ്രിക അക്കൗണ്ട് കേസുമായി ബന്ധപ്പെട്ട് പാണക്കാട് തങ്ങള്‍ക്ക് ഇ ഡി നോട്ടീസ് അയച്ചിരുന്നെങ്കിലും ശാരീരിക അസ്വസ്തതകളാല്‍ മൊഴിയെടുക്കാന്‍ ഹാജരാകില്ലെന്ന് അറിയിച്ചിരുന്നു.

കഴിഞ്ഞ ജൂലൈയില്‍ ഹൈദരലി തങ്ങളുടെ മൊഴി ഇ ഡി രേഖപ്പെടുത്തിയതായി മുന്‍ മന്ത്രി കെ ടി ജലീല്‍ എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തിയിരുന്നു. ഇതു സംബന്ധിച്ച രേഖകള്‍ ജലീല്‍ പുറത്തുവിട്ടത് ലീഗില്‍ വലിയ പൊട്ടിത്തെറികള്‍ക്കാണ് വഴിവെച്ചത്. നോട്ട് നിരോധനക്കാലത്ത് ചന്ദ്രികയുടെ അക്കൗണ്ടിലൂടെ പത്ത് കോടി വെളുപ്പിച്ചുവെന്നാണ് കേസ്. ഈ കേസിലാണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മൊഴിയെടുത്തത്.

Next Story

Popular Stories