Top

സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്; കണ്ടെത്തിയത് പോപ്പുലര്‍ ഫ്രണ്ട് നോട്ടീസുകള്‍, ഐഎസ് വാദം തള്ളി പൊലീസ്

മേട്ടുപാളയം സ്ട്രീറ്റിലെ എംഎ ടവറിലാണ് സമാന്തര എക്‌സ്‌ചേഞ്ച് കണ്ടെത്തിയത്

15 Sep 2021 2:00 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്; കണ്ടെത്തിയത് പോപ്പുലര്‍ ഫ്രണ്ട് നോട്ടീസുകള്‍, ഐഎസ് വാദം തള്ളി പൊലീസ്
X

പാലക്കാട് ആയുര്‍വേദ കടയുടെ മറവില്‍ പ്രവര്‍ത്തിച്ച സമാന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ചില്‍ നിന്ന് ഐഎസ് ലഘുലേഖ ലഭിച്ചെന്ന വാര്‍ത്ത നിഷേധിച്ച് പൊലീസ്. പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും നോട്ടീസുകളാണ് കണ്ടെത്തിയതെന്നും പൊലീസ് വ്യക്തമാക്കി. ബാബറി മസ്ജിദ് വിഷയത്തിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട നോട്ടീസും സിറാജു നിസ്സയുടെ മരണവാര്‍ഷികവുമായി ബന്ധപ്പെട്ട നോട്ടീസുമാണ് കണ്ടെത്തിയത്.

നോട്ടീസുകളിലൊന്നില്‍ 'ഐഎസ് മതനിഷിദ്ധം, മാനവവിരുദ്ധം' എന്ന തലക്കെട്ട് ഉണ്ടായിരുന്നു. ഇതാണ് ഐഎസ് നോട്ടീസ് എന്ന പേരില്‍ പ്രചരിപ്പിക്കപ്പെട്ടത്.


കഴിഞ്ഞദിവസം, പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മേട്ടുപാളയം സ്ട്രീറ്റിലെ എംഎ ടവറില്‍ സമാന്തര എക്‌സ്‌ചേഞ്ച് കണ്ടെത്തിയത്. കീര്‍ത്തി ആയുവര്‍വേദിക് എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലായിരുന്നു എക്‌സ്‌ചേഞ്ച്. കോഴിക്കോട് സ്വദേശിയായ മൊയ്തീന്‍ കോയയുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം.

ഇവിടെ നിന്ന് 16 സിം കാര്‍ഡുകള്‍ പ്രവര്‍ത്തിപ്പിക്കാവുന്ന സിംബോക്‌സും, നിരവധി സിം കവറുകളും, കേബിളുകളും, അഡ്രസ്സ് രേഖകളും കണ്ടെടുത്തു. സംഭവത്തില്‍ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കോഴിക്കോട് സമാന്തര എക്‌സ്‌ചേഞ്ച് കണ്ടെത്തിയ സംഭവത്തിന്റെ ചുവടുപിടിച്ച് നടത്തിയ അന്വേഷണത്തിലാണ് പാലക്കാട്ടും സമാന്തര എക്‌സ്‌ചേഞ്ച് കണ്ടെത്തിയത്. ഈ പശ്ചാത്തലത്തില്‍ കോഴിക്കോട്ടെ കേസുമായി ഇതിന് ബന്ധമുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

Popular

    Next Story