Top

'ഏത് മാപ്പാ?, നിലമ്പൂരിന്റെയോ, സിയേറ ലിയോണിന്റെയോ'; വീണ്ടും പി വി അന്‍വര്‍

'മുങ്ങി എന്ന് പറഞ്ഞാല്‍ അതിന്റെ മറുപടി ഇനിയും ഇത് തന്നെയേ കിട്ടൂവെന്നും അന്‍വർ പറഞ്ഞു.

22 Aug 2021 7:30 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഏത് മാപ്പാ?, നിലമ്പൂരിന്റെയോ, സിയേറ ലിയോണിന്റെയോ; വീണ്ടും പി വി അന്‍വര്‍
X

താന്‍ മണ്ഡലത്തില്‍ നിന്നും മുങ്ങിയെന്ന് റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകനോട് അപമര്യാദയായി പെരുമാറിയതില്‍ മാപ്പ് പറയില്ലെന്ന് നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍. മാപ്പ് പറയണമെന്ന ആവശ്യത്തോട് ഏത് മാപ്പാണ്? നിലമ്പൂരിന്റെയോ, സിയേറ ലിയോണിന്റെയോ ആണോ എന്നായിരുന്നു അന്‍വറിന്റെ പ്രതികരണം. വിഷയത്തില്‍ എംഎല്‍എ മാപ്പ് പറയണമെന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്റെ പ്രതികരണത്തിന് പിന്നാലെയാണ് മറുപടിയുമായി അന്‍വര്‍ രംഗത്തെത്തിയത്.

'സ്ഥലത്തില്ല'എന്ന് പറഞ്ഞിരുന്നെങ്കില്‍ അത് മാന്യത.. 'ഫോണ്‍ ഓഫ് ചെയ്ത് നിലമ്പൂരില്‍ നിന്ന് മുങ്ങി'എന്ന് പറഞ്ഞാല്‍ അതിന്റെ മറുപടി ഇനിയും ഇത് തന്നെയേ കിട്ടൂ.', പി വി അന്‍വര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

പിവി അന്‍വര്‍ എംഎല്‍എയെ കാണാതായ വിവാദത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്ന് കോഴിക്കോട് മാധ്യമങ്ങളെ കാണവെ കെ മുരളീധരന്‍ ആവശ്യപ്പെട്ടിരുന്നു. ബിസിനസ്സും നടക്കണം എംഎല്‍എയും ആകണം എന്നു പറയുന്നത് നടുപ്പില്ല. എംഎല്‍എക്കെതിരെ കര്‍ശനമായ നടപടിയെടുക്കാനും അദ്ദേഹത്തെകൊണ്ട് മാപ്പ് പറയിപ്പിക്കാനുമുള്ള ഉത്തരവാദിത്തം മുഖ്യമന്ത്രിക്കുണ്ടെന്നായിരുന്നു മുരളീധരന്‍ പറഞ്ഞത്.

കെ മുരളീധരന്‍ പറഞ്ഞത്: 'മുഖ്യമന്ത്രി മറുപടി പറയണം. താന്‍ ജനങ്ങളുടെ ദാസന്മാരല്ല, ജനങ്ങള്‍ തന്റെ ദാസന്മാരാണ് എന്നാണ് ചിന്തയെങ്കില്‍ അതിനെ ശക്തമായ തിരിച്ചടി സമൂഹത്തില്‍ നിന്നുണ്ടാവും. മുഖ്യമന്ത്രിക്ക് ഇക്കാര്യത്തില്‍ ഉത്തരവാദിത്തമുണ്ട്. അദ്ദേഹത്തിന്റെ മുന്നണിയില്‍പ്പെട്ട അദ്ദേഹത്തില്‍ പാര്‍ട്ടിക്ക് അനുവദിച്ച സീറ്റില്‍ മത്സരിച്ചു വിജയിച്ചയാള്‍ പത്രക്കാരെ മോശമായ ഭാഷയില്‍ പ്രതികരിച്ചു. അത്രയും മോശമായ തരത്തില്‍ സംസാരിച്ച എംഎല്‍എക്കെതിരെ കര്‍ശനമായ നടപടിയെടുക്കാനും അദ്ദേഹത്തെകൊണ്ട് മാപ്പ് പറയിപ്പിക്കാനുമുള്ള ഉത്തരവാദിത്തം മുഖ്യമന്ത്രിക്കുണ്ട്. അസംബ്ലി സമ്മേളനങ്ങളില്‍ പങ്കെടുക്കാന്‍ പറ്റാത്തത്ര തിരക്കുണ്ടെങ്കില്‍ ഈ പണിക്ക് വരരുത്. രണ്ടും കൂടി നടക്കില്ല. ബിസിനസ്സും നടക്കണം എംഎല്‍എയും ആകണം എന്നു പറയുന്നത് പൊതുപ്രവര്‍ത്തനത്തില്‍ നടപ്പില്ല. യുഡിഎഫ് വേട്ടയാടുന്നതിനാല്‍ ഞാന്‍ ബിസിനസിന് പോവുകയാണെന്ന് പറഞ്ഞിട്ട് അങ്ങ് പോകായിരുന്നില്ലേ. അല്ലാതെ എല്ലാവരുടേയും തന്തക്ക് വിളിക്കുകയാണോ. ഇതൊന്നും പാര്‍ലമെന്ററി സംസ്‌കാരത്തിന് ചേര്‍ന്നതല്ല. '

എംഎല്‍എയെ മണ്ഡലത്തില്‍ കാണാനില്ലെന്ന ആരോപണങ്ങളില്‍ രൂക്ഷമായ ഭാഷയിലായിരുന്നു പിവി അന്‍വര്‍ പ്രതികരിച്ചത്. കാര്യങ്ങള്‍ കൃത്യമായി പാര്‍ട്ടിയേയും ജനങ്ങളെയും ധരിപ്പിച്ചിട്ടുണ്ടെന്നും കണ്ട പത്രക്കാരേയും കോണ്‍ഗ്രസുകാരേയും അറിയിക്കേണ്ട കാര്യം തനിക്കില്ലെന്നും പറഞ്ഞ അന്‍വര്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാതൃഭൂമി റിപ്പോര്‍ട്ടര്‍ക്ക് കൊടുത്ത വിവാദ മറുപടി ഇപ്രകാരമായിരുന്നു.

'ആര്യാടന്റെ വീടിന്റെ പിന്നാമ്പുറത്ത് നിന്ന് കിട്ടുന്ന എച്ചിലും വണ്ടിക്കാശും വാങ്ങി ആ വഴി പൊയ്ക്കോണം.അതുനപ്പുറം നിനക്ക് ഒരു ചുക്കും നിലമ്പൂരില്‍ കാട്ടാന്‍ കഴിയില്ല. നിന്റെയോ നിന്റെ തന്തയുടെയോ ഒസ്യത്ത് വാങ്ങിയല്ല പി.വി.അന്‍വര്‍ നിലമ്പൂരില്‍ നിന്ന് എം.എല്‍.എ ആയത്. മുങ്ങിയത് ഞാനല്ല..നിന്റെ തന്തയാണ്.' ഇതിന് പിന്നാലെയാണ് വിഷയത്തില്‍ അന്‍വര്‍ മാപ്പ് പറയണമെന്ന ആവശ്യം ഉയര്‍ന്നത്. എന്നാല്‍ അതിന് തയ്യാറല്ലെന്നും തന്റെ മറുപടി ഉചിതമാണെന്ന നിലാപാടുമാണ് പി വി അന്‍വര്‍ കൈക്കൊണ്ടിരിക്കുന്നത്.

Next Story