Top

'കളക്ടറുടെ യോഗത്തെക്കുറിച്ച് വ്യവസായ വകുപ്പിന് ധാരണയില്ല'; വിവാദങ്ങള്‍ അതിന്റെ വഴിക്ക് പോകട്ടെയെന്ന് പി രാജീവ്

വിവിധ വ്യവസായ കൂട്ടായ്മകളുടെ കണക്കുപ്രകാരമാണെങ്കില്‍ കേരളത്തിലേക്ക് പലവിധ നിക്ഷേപങ്ങള്‍ വരുന്നുണ്ട്.

13 Sep 2021 1:42 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കളക്ടറുടെ യോഗത്തെക്കുറിച്ച് വ്യവസായ വകുപ്പിന് ധാരണയില്ല; വിവാദങ്ങള്‍ അതിന്റെ വഴിക്ക് പോകട്ടെയെന്ന് പി രാജീവ്
X

കിറ്റെക്‌സ് എംഡി സാബു എം ജേക്കബിന്റെ പുതിയ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി വ്യവസായ മന്ത്രി പി രാജീവ്. 'വിവാദങ്ങള്‍ അതിന്റെ വഴിക്ക് പോകട്ടെ' എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. വിവിധ വ്യവസായ കൂട്ടായ്മകളുടെ കണക്കുപ്രകാരമാണെങ്കില്‍ കേരളത്തിലേക്ക് പലവിധ നിക്ഷേപങ്ങള്‍ വരുന്നുണ്ട്. കിറ്റെക്‌സ് വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും പി രാജീവ് കണ്ണൂരില്‍ പറഞ്ഞു.

അതേസമയം, എറണാകുളം കളക്ടര്‍ ജാഫര്‍ മാലിക് എന്ത് അടിസ്ഥാനത്തിലാണ് എംഎല്‍എമാരുമായി യോഗം ചേർന്നതെന്ന് വ്യവസായ വകുപ്പിന് ധാരണയില്ലെന്നും പി രാജീവ് പ്രതികരിച്ചു. ജില്ലാ കലക്ടര്‍ വിളിച്ച യോഗത്തില്‍ പി ടി തോമസ് എംഎല്‍എ, കുന്നത്തുനാട് എംഎല്‍എ പിവി ശ്രീനിജന്‍, പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി എന്നിവര്‍ കിറ്റെക്‌സിനെതിരെ ഗുരുതക ആരോപണങ്ങളുന്നയിച്ച പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.

തൊഴില്‍ വകുപ്പ് നടത്തിയ പരിശോധനയില്‍ കിറ്റെക്‌സില്‍ എട്ട് നിയമലംഘനങ്ങളാണ് കണ്ടെത്തിയതെന്നും പദ്ധതി വിഹിതത്തില്‍ 13 കോടി രൂപ കിഴക്കമ്പലം പഞ്ചായത്ത് മിച്ചം പിടിച്ചത് പഞ്ചായത്ത് രാജ് നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്ന് എംഎല്‍എമാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. സിംഗപ്പൂര്‍ മോഡല്‍ റോഡുകള്‍ നിര്‍മ്മിച്ചിരിക്കുന്നത് കിറ്റക്സ് ഗ്രൂപ്പിന്റെ വിവിധ കമ്പനികളിലേക്ക് ആണ്. ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റ് നിര്‍മ്മിച്ചിരിക്കുന്നത് പാടം നികത്തി ആണെന്നും പി ടി തോമസ് എംഎല്‍എ ആരോപിച്ചു. കമ്പനിക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടുമെന്നും പി ടി തോമസ് പറഞ്ഞു. ഈ പരാതികളില്‍ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ കൈമാറുന്നില്ലെന്ന് എംഎല്‍എമാര്‍ ആരോപിച്ചതിനെ തുടര്‍ന്നായിരുന്നു കളക്ടര്‍ യോഗം വിളിച്ചത്.

കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആതിഥ്യനാഥിന് മുന്നില്‍ കേരളത്തിനെതിരെ രൂക്ഷ പരാമര്‍ശവുമായി കിറ്റെക്സ് ഗ്രൂപ്പ് ചെയര്‍മാന്‍ സാബു ജേക്കബ് രംഗത്തെത്തിയിരുന്നു. കൊവിഡിനെ തടയാന്‍ കേരളത്തിലെ സംവിധാനങ്ങള്‍ മുഴുവന്‍ പരാജയപ്പെട്ടെന്നും സംസ്ഥാനത്തെ സിസ്റ്റം ശരിയല്ലെന്നുമായിരുന്നു സാബുവിന്റെ ആരോപണം. കേരളത്തിലെ സര്‍ക്കാരിന്റെ പോളിസികള്‍ ശരിയല്ല. അനാവശ്യ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍. ജനങ്ങള്‍ അപമാനിക്കപ്പെടുന്നുവെന്നും സാബു കുറ്റപ്പെടുത്തി. ദേശീയ ചാനലില്‍ സംഘടിപ്പിച്ച ചര്‍ച്ചയിലായിരുന്നു സാബുവിന്റെ പ്രസ്താവന.

Next Story