Top

പി ജയരാജന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി; ആന്റിബോഡി ചികിത്സ കൂടി ലഭ്യമാക്കും

നാലുതവണ ആന്‍ജിയോപ്ലാസ്റ്റി ചികിത്സയ്ക്ക് വിധേയനാവുകയും, ശാരീരികമായ ആക്രമണം നേരിട്ടതിനെത്തുടര്‍ന്നുണ്ടായ ശരീരത്തിന്റെ ദുര്‍ബലാവസ്ഥ അലട്ടുന്നതിനൊപ്പം കോവിഡ് കൂടി ബാധിച്ചതിനാലും ഗുരുതരാവസ്ഥ നിലനില്‍ക്കുകയാണെന്നും ഐ. സി. യു വില്‍ തുടരുന്നതിനും ഇന്ന് ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചു.

5 Sep 2021 9:42 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പി ജയരാജന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി; ആന്റിബോഡി ചികിത്സ കൂടി ലഭ്യമാക്കും
X

കണ്ണൂര്‍ (പരിയാരം): കോവിഡ് ബാധിതനായി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐ. സി. യുവില്‍ പ്രവേശിപ്പിക്കപ്പെട്ട മുന്‍ എം. എല്‍. എയും സി. പി. ഐ. എം സംസ്ഥാന സമിതി അംഗവുമായ ശ്രീ പി ജയരാജന്റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതിയുണ്ടായതായി പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് യോഗം. നിലവിലെ ചികിത്സയ്‌ക്കൊപ്പം മോണോ ക്ലോനല്‍ ആന്റിബോഡി ചികിത്സ കൂടി ലഭ്യമാക്കാനും കോവിഡ് ന്യുമോണിയ പരിശോധനയുടെ ഭാഗമായി നെഞ്ചിന്റെ സി. ടി സ്‌കാന്‍ ഉള്‍പ്പടെ നടത്തുന്നതിനും മെഡിക്കല്‍ ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്.

നാലുതവണ ആന്‍ജിയോപ്ലാസ്റ്റി ചികിത്സയ്ക്ക് വിധേയനാവുകയും, ശാരീരികമായ ആക്രമണം നേരിട്ടതിനെത്തുടര്‍ന്നുണ്ടായ ശരീരത്തിന്റെ ദുര്‍ബലാവസ്ഥ അലട്ടുന്നതിനൊപ്പം കോവിഡ് കൂടി ബാധിച്ചതിനാലും ഗുരുതരാവസ്ഥ നിലനില്‍ക്കുകയാണെന്നും ഐ. സി. യു വില്‍ തുടരുന്നതിനും ഇന്ന് ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചു. രക്തത്തിലെ ഓക്‌സിജന്റെ അളവും രക്തസമ്മര്‍ദ്ദവും ഇപ്പോള്‍ സാധാരണ നിലയിലാണെന്നും മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തി.കോവിഡ് പോസിറ്റീവായതിനെത്തുടര്‍ന്നുള്ള ബുദ്ധിമുട്ടുകള്‍ കാരണം ഭക്ഷണം പോലും കഴിക്കാന്‍ സാധിക്കാതെ തീര്‍ത്തും ക്ഷിണിതനായാണ് ഇന്നലെ അര്‍ദ്ധരാത്രിയോടെ അദ്ദേഹത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ കെ അജയകുമാര്‍ ചെയര്‍മാനും മെഡിക്കല്‍ സൂപ്രണ്ട് ഡോ കെ സുദീപ് കണ്‍വീനറുമായ പ്രത്യേക മെഡിക്കല്‍ ബോര്‍ഡിന് കീഴിലാണ് ശ്രീ പി ജയരാജന്റെ ചികിത്സ. ശ്വാസകോശ വിഭാഗം മേധാവിയും ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ടുമായ ഡോ ഡി കെ മനോജ്, ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട് (കാഷ്വാലിറ്റി) ഡോ വിമല്‍ റോഹന്‍, മെഡിസിന്‍ വിഭാഗം മേധാവി ഡോ കെ സി രഞ്ജിത്ത് കുമാര്‍, കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ എസ് എം അഷ്‌റഫ്, ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ യുണിറ്റ് മേധാവി ഡോ എ കെ ജയശ്രീ, കോവിഡ് ചികിത്സാവിഭാഗം നോഡല്‍ ഓഫീസര്‍ ഡോ വി കെ പ്രമോദ് എന്നിവരാണ് മെഡിക്കല്‍ ബോര്‍ഡിലെ മറ്റ് അംഗങ്ങള്‍. ആരോഗ്യ സ്ഥിതി സംബന്ധിച്ച് ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ സ്‌പെഷ്യലിസ്റ്റും സംസ്ഥാന കോവിഡ് സെല്‍ അംഗവുമായ ഡോ അരവിന്ദുമായി മെഡിക്കല്‍ ബോര്‍ഡ് ചര്‍ച്ച ചെയ്തതായും മെഡിക്കല്‍ ബോര്‍ഡ് ചെയര്‍മാനും കണ്‍വിനറും അറിയിച്ചു.

Next Story