Top

ഇളവുകൾക്ക് പിന്നാലെ കോഴിക്കോട് ജില്ലയിൽ രോ​ഗബാധ ഉയരുന്നു; ടിപിആർ 20ന് മുകളിൽ

11 Aug 2021 7:37 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇളവുകൾക്ക് പിന്നാലെ കോഴിക്കോട് ജില്ലയിൽ രോ​ഗബാധ ഉയരുന്നു; ടിപിആർ 20ന് മുകളിൽ
X

കോവിഡ് പ്രോട്ടോകോൾ ഇളവുകൾക്ക് പിന്നാലെ കോഴിക്കോട് ജില്ലയിൽ രോഗ വ്യാപനം ഉയരുന്നു. ഇന്നലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിന് മുകളിലെത്തി. ഇളവുകൾ തുടരുന്നതിനാൽ രോഗവ്യാപനം ഇനിയും ഉയരാനുള്ള സാധ്യത കണക്കിലെടുത്ത് ആർആർടികളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാൻ ജില്ലാ ഭരണകൂടം നിർദേശിച്ചു. സ്ഥിതിഗതികൾ വിശദമായി പരിശോധിച്ചിതിന് ശേഷമേ കണ്ടെയിൻമെന്റ് സോണുകളിൽ ഇനി മുതൽ ഇളവ് അനുവദിക്കൂ.

2000ത്തിന് മുകളിലാണ് കോഴിക്കോട്ടെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കോവിഡ് രോഗികളുടെ എണ്ണത്തിൽ സംസ്ഥാനത്തെ ആദ്യ മുന്ന് ജില്ലകളിൽ ഒന്ന് കോഴിക്കോടാണ്. ഇന്നലെ ടിപിആർ നിരക്ക് ഉയർന്ന് 20 ശതമാനം കടന്ന് 20.12ലെത്തി. 2335 പേർക്ക് കൊവിഡ് സ്ഥീരികരിക്കുകയും ചെയ്തു. കൊവിഡ് ആശുപത്രികളിൽ ആയിരത്തിലേറെ കിടക്കകൾ ഒഴിവുണ്ടെന്നതാണ് ഏക ആശ്വാസം. നിലവിലെ നിയന്ത്രണങ്ങളിൽ നിന്ന് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കർശമായി നടപ്പിലാക്കുമ്പോഴും രോഗവ്യാപനം നിയന്ത്രിക്കാൻ കഴിയുന്നില്ല. ഇതോടെ ബദൽമാർഗം തേടുകയാണ് ജില്ലാ ഭരണകൂടവും.
ദുരന്തനിവാരണനിയമം-2005 സെക്ഷൻ 26,30,34 പ്രകാരം നിയന്ത്രണം ഏർപ്പെടുത്തി. കണ്ടെയ്ൻമെന്റ് സോണുകളിൽ ഒരാഴ്ചയ്ക്കകം എല്ലാവരുടെയും കോവിഡ് പരിശോധന പൂർത്തിയാക്കണം. സ്ഥിതി വിലയിരുത്തിയതിന് ശേഷമെ കണ്ടെയ്ൻമെന്റ് സോൺ റദ്ദാക്കൂ. അങ്കണവാടി വർക്കർ, ഹെൽപ്പർ എന്നിവരെ ആർആർടി യിൽ ഉൾപ്പെടുത്തി റാപ്പിഡ് റെസ്‌പോൺസ് ടീമിന്റെ പ്രവർത്തനം ശക്തിപ്പെടുത്താൻ തദ്ദേശ സ്ഥാപനങ്ങളോട് നിർദേശിച്ചു. സമ്പർക്കപട്ടികയിലുള്ളവരെ കണ്ടെത്താനും ഇവരെ ചുമതലപ്പെടുത്തി.
കണ്ടെയ്ൻമെന്റ് സോണുകളുടെ നിയന്ത്രണവും കാന്റീൻ ലംഘിക്കുന്നവർക്കെതിരെ നടപടികളും ഇവർ ശുപാർശ ചെയ്യണം. സംസ്ഥാനത്ത് വിനോദ സഞ്ചാര മേഖലകളിൽ ഇളവ് നൽകി ആളുകളെ പ്രവേശിപ്പിക്കുന്നുവെങ്കിലും ഉയർന്ന രോഗവ്യാപന നിരക്കുള്ള കോഴിക്കോട്ട് ബീച്ചുകളും മറ്റ് കേന്ദ്രങ്ങളും തുറന്നിട്ടില്ല. ഇതിനിടെ എലിപ്പനിയും ആശങ്കയിലാഴ്ത്തിയതോടെ ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്.


Next Story