Top

മുഖ്യമന്ത്രിക്കെതിരെ നിലപാട് കടുപ്പിച്ച് പ്രതിപക്ഷം; ഇന്നും സഭ ബഹിഷ്‌കരിച്ചു

13 Aug 2021 4:29 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മുഖ്യമന്ത്രിക്കെതിരെ നിലപാട് കടുപ്പിച്ച് പ്രതിപക്ഷം; ഇന്നും സഭ ബഹിഷ്‌കരിച്ചു
X

നയതന്ത്ര ചാനല്‍ വഴി ഡോളര്‍ കടത്തിയെന്ന കേസില്‍ പ്രതികളുടെ വെളിപ്പെടുത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരായ പരാമര്‍ശം ഇന്നും നിയമ സഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. ഡോളര്‍ കത്തില്‍ മുഖ്യമന്ത്രി മൗനം വെടിയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങള്‍ നിയമസഭയില്‍ ബാനര്‍ ഉയര്‍ത്തി പ്രതിഷേധിച്ചു. മുഖ്യമന്ത്രിക്ക് എതിരെ ഉയര്‍ന്നിരിക്കുന്നത് ഗുരുതരമായ ആരോപണമെന്ന നിലപാട് സ്വീകരിച്ച പ്രതിപക്ഷം സഭ ചട്ടങ്ങളും കീഴ്‌വഴക്കങ്ങളും ലംഘിച്ചുകൊണ്ടുള്ള നടപടിയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉള്‍പ്പെടെ നിയമ സഭയില്‍ ഉയര്‍ന്നത് എന്നും ആരോപിച്ചു.

ഉയര്‍ന്നിരിക്കുന്ന ആരോപണത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആവശ്യപ്പെട്ടു. കോടതിയില്‍ കേസ് നടക്കുന്നതിനാല്‍ നിയമസഭയില്‍ ചര്‍ച്ച ഒഴിവാക്കുന്നത് ശരിയല്ല. നിയമസഭയില്‍ ശരിയായ ഉത്തരം പറയാതിരിക്കാന്‍ മുഖ്യമന്ത്രിയ്ക്ക് കഴിയില്ല. അഴിമതിക്കെതിരെയാണ് പ്രതിപക്ഷ പ്രതിഷേധം എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ചോദ്യോത്തരവേളയില്‍ പ്രതിപക്ഷം മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. പ്രതിപക്ഷ പ്രതിഷേധത്തിന് എതിരെ നിലപാട് എടുത്ത സ്പീക്കര്‍ എംബി രാജേഷ് പ്രതിപക്ഷ ബഹളത്തിലും സഭാ നടപടികള്‍ ആരംഭിച്ചു. സഭയില്‍ ബാനര്‍ പ്രദര്‍ശിപ്പിക്കുന്നത് വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയ സ്പീക്കര്‍ ഇന്നലെ തള്ളിയ വിഷയമാണ് ഇന്ന് വീണ്ടും പ്രതിപക്ഷം ഉയര്‍ത്തുന്നതെന്നും ചൂണ്ടിക്കാട്ടി. ഇതോടെയാണ് പ്രതിപക്ഷം സഭാനടപടികള്‍ ബഹിഷ്‌കരിച്ചത്.

പ്രതിപക്ഷ പ്രതിഷേധത്തിന് എതിരെ ഭരണപക്ഷ എംഎല്‍എമാര്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി. പ്രതിപക്ഷത്തിന്റേത് സമരാഭാസമെന്ന് പിഎസ് സുപാല്‍ എംഎല്‍എ ആരോപിച്ചു. പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തിന്റെ വിഷയം സഭ പരിഗണിക്കുമ്പോള്‍ യുഡിഎഫ് ഇത്തരം നിലപാട് സ്വീകരിക്കുന്നത് ശരിയല്ലെന്ന് കോങ്ങാട് എംഎല്‍എ കെ ശാന്തകുമാരി ചൂണ്ടിക്കാട്ടി. പ്രതിപക്ഷ നിലപാട് അപഹാസ്യമെന്ന് അവര്‍ കുറ്റപ്പെടുത്തി. കേരളത്തിലെ ദുര്‍ബല വിഭാഗം ഇടതുപക്ഷത്തിനൊപ്പം നിന്നതിന്റെ ആക്രോശമാണ് പ്രതിപക്ഷത്തിന്റെതെന്ന് ആലത്തൂര്‍ എംഎല്‍എ കെഡി പ്രസേനന്‍ പറഞ്ഞു. പ്രതിപക്ഷം എന്ത് കുഴപ്പം ഉണ്ടാക്കിയാലും പട്ടികജാതി വര്‍ഗ വിഭാഗങ്ങളുടെ മുന്നേറ്റത്തിന് സര്‍ക്കാര്‍ എല്ലാം ചെയ്യുമെന്ന് പട്ടികജാതി പട്ടിക വര്‍ഗ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ നിയമ സഭയില്‍ വ്യക്തമാക്കി.

അതേസമയം, സഭ നടപടികള്‍ ബഹിഷ്‌കരിച്ച പ്രതിപക്ഷം സഭയ്ക്ക് പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചു. സഭയ്ക്ക് പുറത്ത് അഴിമതി വിരുദ്ധ മതില്‍ തീര്‍ത്തായിരുന്നു പ്രതിപക്ഷ പ്രതിഷേധം.

Next Story