Top

'പാവങ്ങളെ കുത്തിപ്പിഴിഞ്ഞ 125 കോടി'; അവര്‍ ജീവിച്ചോളും, സഹായിക്കേണ്ട ഉപദ്രവിക്കരുതെന്ന് സര്‍ക്കാരിനോട് പ്രതിപക്ഷം

'മാസം ഒന്നാം തിയ്യതി ശമ്പളം കിട്ടുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സ്വകാര്യ കമ്പനികളിലെ ഉദ്യോഗസ്ഥരും മാത്രം ജോലിക്ക് പോയാല്‍ മതിയോ'

12 Aug 2021 11:39 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പാവങ്ങളെ കുത്തിപ്പിഴിഞ്ഞ 125 കോടി; അവര്‍ ജീവിച്ചോളും,   സഹായിക്കേണ്ട ഉപദ്രവിക്കരുതെന്ന് സര്‍ക്കാരിനോട് പ്രതിപക്ഷം
X

കൊവിഡ് കാലം മൂലം ഏറ്റവും പ്രതിസന്ധി നേരിടുന്ന ജനവിഭാഗങ്ങളെ ലോക്ഡൗണ്‍ നിയന്ത്രണങ്ങളുടെ പേരില്‍ ഉപദ്രവിക്കരുതെന്ന് പ്രതിപക്ഷം. ആറ്റിങ്ങല്‍ നഗരസഭാ ഉദ്യോഗസ്ഥരുടെ അതിക്രമത്തിനിരയായ മത്സ്യത്തൊഴിലാളി അല്‍ഫോന്‍സിയയുടെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശനും ഉമ്മന്‍ചാണ്ടിയും.

'ഫൈനടിക്കുന്നത് വലിയ വിഷയമാക്കണോ എന്നാണ് നിയമസഭയില്‍ മുഖ്യമന്ത്രി ചോദിച്ചത്. രണ്ടായിരം രൂപ വാങ്ങിയിട്ട് 500 രൂപയുടെ രസീത് കൊടുക്കുകയാണ്. പള്ളിയില്‍ പോയ രണ്ട് പെണ്‍കുട്ടിക്കള്‍ക്ക് രണ്ടായിരം രൂപയുടെ ഓരോ രസീതാണ് നല്‍കിയത്. കഴിഞ്ഞ മൂന്ന് മാസം കൊണ്ട് 125 കോടി രൂപയാണ് പാവങ്ങളുടെ കൈയ്യില്‍ നിന്ന് കുത്തിപ്പിഴിഞ്ഞെടുത്തത്. വലിയ പണക്കാരില്‍ നിന്നല്ല ഈ പണം ഈടാക്കുന്നത്. പാവപ്പെട്ടവരില്‍ നിന്നാണ്. കേട്ടുകേള്‍വി പോലുമില്ലാത്ത വിചിത്രമായ കാര്യങ്ങളാണ് കേരളത്തില്‍ നടക്കുന്നത്. ഞങ്ങളാവര്‍ത്തിച്ചു പറയുന്നു, കൊവിഡിനൊപ്പം ജീവിക്കുകയെന്നാണ് ലോകമൊട്ടാകെ സ്വീകരിച്ചിരിക്കുന്ന രീതി. കേരളത്തിലെ ഗവണ്‍മെന്റിന് മാത്രം അത് മനസ്സിലാവുന്നില്ല. ഉപജീവന മാര്‍ഗവും ജീവിതവും നഷ്ടപ്പെടുത്തിയല്ല കൊവിഡിനെ നേരിടേണ്ടത്,' വിഡി സതീശന്‍ പറഞ്ഞു.

മാസം ഒന്നാം തിയ്യതി ശമ്പളം കിട്ടുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സ്വകാര്യ കമ്പനികളിലെ ഉദ്യോഗസ്ഥരും മാത്രം ജോലിക്ക് പോയാല്‍ മതിയോ. അല്‍ഫോന്‍സിയാമ്മയെ പോലെ അതാത് ദിവസം അവരധ്വാനിച്ചാല്‍ മാത്രം വീട്ടില്‍ തീ പുകയ്ക്കുന്ന ലക്ഷക്കണക്കിന് പേരുണ്ട്. അവര്‍ക്കാര്‍ക്കും ജീവിക്കാന്‍ പറ്റില്ല, അവര്‍ക്ക് വഴിയിലിറങ്ങാന്‍ പാടില്ല, എന്നതൊക്കെ അംഗീകരിക്കാന്‍ പറ്റില്ലെന്നും വിഡി സതീശന്‍ പറഞ്ഞു.

അല്‍ഫോന്‍സിയക്ക് മീന്‍വില്‍പ്പനയ്ക്ക് എല്ലാവിധ സകൗര്യവും നല്‍കും. വില്‍പ്പനയ്ക്കായി സ്റ്റോളിട്ട് മീന്‍കച്ചവടം തുടങ്ങാനുള്‍പ്പെടെയുള്ള എല്ലാ വിധ സഹായവും നല്‍ക്കാന്‍ പ്രദേശത്തെ സംഘടനയുടെ ഉത്തരവാദിത്വപ്പെട്ട ആളുകളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു.

സംഭവത്തില്‍ സര്‍ക്കാരിനെ ഉമ്മന്‍ചാണ്ടിയും രൂക്ഷമായി വിമര്‍ശിച്ചു. അവരുടെ കൈയ്യൊടിഞ്ഞു, അല്‍ഫോന്‍സിയയുടെ പേരില്‍ ജാമ്യം കിട്ടാത്ത കേസെടുത്തിയിരിക്കുകയാണ്. അവര്‍ സമ്പാദിക്കാന്‍ വേണ്ടിയല്ല ജോലി ചെയ്യുന്നത് അന്നന്ന് ജീവിക്കാന്‍ വേണ്ടിയാണ്. അവര്‍ സ്വയം ജീവിക്കാന്‍ വേണ്ടി ഒരുങ്ങുമ്പോള്‍ അവരെ എതിര്‍ക്കാതിരുന്നാല്‍ മതി സഹായമൊന്നും വേണ്ട. ആരോഗ്യം സംരക്ഷിക്കേണ്ടത് അവരവരുടെയും അവരുടെ കുടുംബത്തിന്റെയും ഒക്കെ ആവശ്യമാണ്. അതിനവര്‍ സഹകരിക്കുന്നുണ്ട്. ഒന്നര വര്‍ഷത്തോളമായുള്ള നിയന്ത്രണങ്ങള്‍ വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കിയിട്ടും സഹകരിക്കുകയാണ്. ആ സമയത്ത് പാവപ്പെട്ടവരുടെ മേലുള്ള കടന്നുകയറ്റം ഉപേക്ഷിക്കണം. തെറ്റു തിരുത്തണം. കുറ്റക്കാരെ ന്യായീകരിക്കാനല്ല കുറ്റക്കാരെ താക്കീത് ചെയ്യാനും ആവര്‍ത്താക്കാതിരിക്കാനും മുഖ്യമന്ത്രിയും ഗവണ്‍മെന്റും ഇടപെടണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

Next Story