Top

അതൃപ്തി രൂക്ഷം; കണ്ണൂര്‍ ഡിസിസിയുടെ പരിപാടിയില്‍ പങ്കെടുക്കാതെ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും

ചടങ്ങില്‍ ഓണ്‍ലൈനായി പങ്കെടുക്കുമെന്ന് ഇരുവരും നേരത്തെ അറിയിച്ചിരുന്നു

2 Sep 2021 9:52 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അതൃപ്തി രൂക്ഷം; കണ്ണൂര്‍ ഡിസിസിയുടെ പരിപാടിയില്‍ പങ്കെടുക്കാതെ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും
X

ഡിസിസി അധ്യക്ഷ നിയമനത്തിന് പിന്നാലെയുണ്ടായ അതൃപ്തി വീണ്ടും പരസ്യമായി പ്രകടിപ്പിച്ച് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും. കണ്ണൂര്‍ ഡിസിസി ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാതെയാണ് ഇരുവരും അതൃപ്തി പ്രകടമാക്കിയത്.

ഇന്ന് രാവിലെയാണ് പുതിയ കണ്ണൂര്‍ ഡിസിസി ഓഫീസിന്റെ ഉദ്ഘാടനം രാഹുല്‍ ഗാന്ധി നിര്‍വഹിച്ചത്. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, വിഡി സതീശന്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

അതേസമയം, ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കുമെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. പ്രശ്‌ന പരിഹാരത്തിനുള്ള ഫോര്‍മുല തന്റെ കൈയിലുണ്ടെന്നും വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസിനുള്ളിലെ എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകുകയാണ് ലക്ഷ്യം. പാര്‍ട്ടിക്കുള്ളില്‍ പരിഹരിക്കാന്‍ പറ്റാത്ത ഒരു പ്രശ്‌നവുമില്ല. തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ അഭിപ്രായ വ്യത്യസങ്ങള്‍ ഉണ്ടാകും. അതെല്ലാം പരിഹരിച്ച് മുന്നോട്ട് പോകും. എന്തെങ്കിലും പ്രയാസങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് കേട്ട് പോകുന്നതില്‍ തടസമില്ല. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയ കോണ്‍ഗ്രസിലെ അവിഭാജ്യ ഘടകമാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

Next Story