Top

'താലിബാനെ അഫ്ഗാന്‍ ജനങ്ങള്‍ സ്വീകരിച്ചു';അനുകൂലിച്ച് ഒ അബ്ദുള്ള

അഷ്‌റഫ് ഗനിയുടെ സര്‍ക്കാരില്‍ ജനങ്ങള്‍ അസംതൃപ്തരായിരുന്നെന്നും ഒ അബ്ദുള്ള റിപ്പോര്‍ട്ടര്‍ ടിവി ചര്‍ച്ചയില്‍ പറഞ്ഞു

23 Aug 2021 10:40 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

താലിബാനെ അഫ്ഗാന്‍ ജനങ്ങള്‍ സ്വീകരിച്ചു;അനുകൂലിച്ച് ഒ അബ്ദുള്ള
X

അഫ്ഗാനിസ്താനില്‍ താലിബാന്‍ ഭരണം പിടിച്ചതിനെ അനുകൂലിച്ച് മാധ്യമ നിരീക്ഷകന്‍ ഒ അബ്ദുള്ള. അഫ്ഗാന്‍ ജനങ്ങള്‍ താലിബാനെ സ്വീകരിച്ചതാണെന്നും അഷ്‌റഫ് ഗനിയുടെ സര്‍ക്കാരില്‍ ജനങ്ങള്‍ അസംതൃപ്തരായിരുന്നെന്നും ഒ അബ്ദുള്ള റിപ്പോര്‍ട്ടര്‍ ടിവി ചര്‍ച്ചയില്‍ പറഞ്ഞു.

'അവിടത്തെ ജനങ്ങള്‍ക്ക് താലിബാനെ മറ്റവരേക്കാള്‍( അഷ്‌റഫ് ഗനി സര്‍ക്കാര്‍) സമ്മതമാണ്' ഒ അബ്ദുള്ള പറഞ്ഞു. ഇത്രയും വലിയ ടേക്ക് ഓവര്‍ നടന്നിട്ട് ആകെ കൊല്ലപ്പെട്ടത് ആറു പേരാണെന്നും അത് അമേരിക്കയിലേക്ക് പറന്ന വിമാനത്തില്‍ കയറിപറ്റാന്‍ ശ്രമിച്ചപ്പോള്‍ മരിച്ചവരും അമേരിക്കന്‍ സൈന്യം വെടിവെച്ചലരുമാണെന്നും ഒ അബ്ദുള്ള പറഞ്ഞു.

താലിബാന്‍ അധികാരമേറ്റെടുത്തയന്ന് രാജ്യം വിടാന്‍ കാബൂള്‍ എയര്‍പോര്‍ട്ടില്‍ ജനങ്ങള്‍ തടിച്ചു കൂടിയതിനെ സാമാന്യവല്‍ക്കരിക്കാനാവില്ലെന്നും അതിന് പല കാരണങ്ങളുണ്ടെന്നും ഒ അബ്ദുള്ള പറഞ്ഞു.

' അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്ക് പൗരത്വം ലഭിക്കുമെന്ന് കണ്ടാല്‍ അഫ്ഗാനിസ്താനില്‍ നിന്നും പാകിസ്താനില്‍ നിന്നും ഇന്ത്യയില്‍ നിന്നടക്കവും ആളുകള്‍ പോവും,' ഒ അബ്ദുള്ള പറഞ്ഞു.

സോവിയറ്റ് യൂണിയന്‍ അധിനിവേശം, അമേരിക്കന്‍ അധിനിവേശം തുടങ്ങിയവയാണ് അഫ്ഗാനിസ്താനെ തകര്‍ത്തതെന്നും അമേരിക്കന്‍ പിന്തുണയുള്ള അഷറഫ് ഗനിയുടെ സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിയിരുന്നെന്നും ഒ അബ്ദുള്ള പറഞ്ഞു.

Next Story