Top

'അധികാരത്തിലെത്തിയാല്‍ പക്ഷപാതിത്വം പാടില്ല'; മന്ത്രിമാരോട് മുഖ്യമന്ത്രി

20 Sep 2021 5:42 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അധികാരത്തിലെത്തിയാല്‍ പക്ഷപാതിത്വം പാടില്ല; മന്ത്രിമാരോട് മുഖ്യമന്ത്രി
X

ഭരണകാര്യങ്ങളില്‍ പക്ഷപാതിത്വം പാടില്ലെന്ന് മന്ത്രിമാരോട് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് മന്ത്രിമാര്‍ക്കായി സംഘടിപ്പിച്ച പരിശീലന പരിപാടിയില്‍ സംസാരിക്കവെയാണ് മുഖ്യമന്ത്രി ഭരണത്തില്‍ സ്വീകരിക്കേണ്ട നിലപാട് വ്യക്തമാക്കുന്നത്. രാഷ്ട്രീയത്തിലും സമൂഹത്തിലും സര്‍ക്കാറിനെ അധികാരത്തില്‍ ഏറ്റിയവരും ഏറ്റാതിരിക്കാന്‍ ശ്രമിച്ചവരും ഉണ്ടാകും. എന്നാല്‍ അധികാരത്തിലെത്തിയാല്‍ ഒരു തരത്തിലുള്ള പക്ഷപാതിത്വവും പാടില്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്.

ഭരണ കാര്യങ്ങളില്‍ മന്ത്രിമാരെ പോലെ ഉദ്യോഗസ്ഥരുടെ പങ്കും പ്രധാനമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഉദ്യോഗസ്ഥരുടെ അഭിപ്രായം ശരിയെന്ന് തോന്നിയാല്‍ സ്വീകരിക്കണം. സര്‍ക്കാറിന്റെ അഭിമാന പദ്ധതിയായ ലൈഫ് എന്ന ആശയം മുന്നോട്ട് വച്ചത് ഒരുദ്യോഗസ്ഥനാണെന്നും മുഖ്യമന്ത്രി മന്ത്രിമാരെ ഓര്‍മ്മിപ്പിച്ചു. രണ്ടാം പിണറായി സര്‍ക്കാര്‍ നൂറ് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ഭരണ മേഖലയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിനാവശ്യമായ പിന്തുണ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന മന്ത്രിമാര്‍ക്കുള്ള പരിശീലന പരിപാടി നടത്തുന്നത്.

മൂന്നു ദിവസത്തെ പരിശീലന പരിപാടിയില്‍ പത്ത് സെഷനുകളാണുള്ളത്. ഭരണസംവിധാനത്തെ കുറിച്ച് മന്ത്രിമാര്‍ക്ക് അവബോധം ഉണ്ടാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. ഭരണകാര്യങ്ങളില്‍ പ്രകടനം മെച്ചപ്പെടത്തുന്നതിന് മന്ത്രിമാര്‍ക്ക് ക്ലാസ് നല്‍കാന്‍ സംസ്ഥാന സര്‍ക്കാരാണ് തീരുമാനം എടുത്തത്. ഭരണരംഗത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും വകുപ്പുകളെ കുറിച്ചുമാണ് പരിശീലന പരിപാടി. തിരുവനന്തപുരം ഐഎംജിയില്‍ ക്ലാസുകള്‍. വകുപ്പുകളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരും, മുന്‍ ചീഫ് സെക്രട്ടറിമാരും ക്ലാസുകള്‍ നയിക്കും. ഉദ്യോഗസ്ഥരെ വിശ്വസിച്ച് മന്ത്രിമാര്‍ അബദ്ധങ്ങളില്‍ ചെന്ന് ചാടാതിരിക്കാന്‍ കൂടിയാണ് നടപടിയെന്നാണ് വിലയിരുത്തല്‍.

അധികാരത്തില്‍ എത്തി 100 ദിനം പൂര്‍ത്തിയാക്കിയിട്ടും പ്രതീക്ഷിച്ച നിലവാരത്തിലേക്ക് മന്ത്രിമാരുടെ പ്രവര്‍ത്തനം എത്താത്തതും പരീശീലന പദ്ധതി എന്ന നിലയിലേക്ക് തിരിയാന്‍ ഇടയാക്കിയത് എന്നാണ് വിലയിരുത്തല്‍. ക്ലാസുകളില്‍ മന്ത്രിമാര്‍ പങ്കെടുക്കണമെന്ന നിര്‍ദ്ധേശം മുഖ്യമന്ത്രി തന്നെ നേരിട്ട കഴിഞ്ഞ മന്ത്രിസഭ യോഗത്തില്‍ നല്‍കിയിരുന്നു. ദുരന്തവേളകളില്‍ നേതൃത്വം അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍, മന്ത്രിയെന്ന നിലയില്‍ എങ്ങനെ ടീം ലീഡര്‍ ആകാം തുടങ്ങിയ സെഷനുകളാണ് ആദ്യ ദിനം. 22 പരിശീലന പദ്ധതി അവസാനിക്കും. 1 മണിക്കൂര്‍ വീതമുള്ള 10 ക്ലാസുകളാണ് ക്രമീകരിച്ചിരിക്കുന്നത്.

Next Story