Top

'ഭരണഘടനാമൂല്യങ്ങൾക്ക് വിരുദ്ധമായ കൃതികൾ സിലബസിൽ വേണ്ട'; നിലപാട് വ്യക്തമാക്കി മന്ത്രി ആർ ബിന്ദു

വർഗ്ഗീയവിഭജന അജണ്ടകൾക്ക് ശക്തി കിട്ടാൻ സിലബസുകൾ കാരണം ആയിക്കൂടെന്ന സാമൂഹ്യകാഴ്ചപ്പാടും സർക്കാരിനുണ്ട്. സെക്യുലർ ഇടമായി തുടരേണ്ട ക്ളാസ് റൂമുകളെ വിഭാഗീയചിന്തകളുടെ വേദിയാക്കുന്നത് അപകടകരമാകും.

11 Sep 2021 4:58 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഭരണഘടനാമൂല്യങ്ങൾക്ക് വിരുദ്ധമായ കൃതികൾ സിലബസിൽ വേണ്ട; നിലപാട് വ്യക്തമാക്കി മന്ത്രി ആർ ബിന്ദു
X

തിരുവനന്തപുരം: കണ്ണൂർ സിലബസ് വിവാദത്തിൽ നയം വ്യക്തമാക്കി ഉന്നത വിദ്യഭ്യാസ വകുപ്പ്. ഭരണഘടനാമൂല്യങ്ങൾക്ക് വിരുദ്ധമായ കൃതികൾ സിലബസ്സിൽ ഉണ്ടാകുന്നത് ശരിയല്ലെന്ന് മന്ത്രി ആർ ബിന്ദു പ്രസ്താവനയിൽ അറിയിച്ചു. ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ കാഴ്ചപ്പാടുകൾ സർവ്വകലാശാല അധികൃതരെ അറിയിച്ചിട്ടുണ്ട്. തുടർന്ന് അവർ നൽകിയ റിപ്പോർട്ടിൽ അവരുടെ ഭാഗത്തുനിന്നുള്ള പുനരാലോചന അറിയിച്ചുവെന്നും മന്ത്രി പറഞ്ഞു.

വിവാദമായ സിലബസ്സ്, പ്രശ്നം നിറഞ്ഞതാണെന്നതു തന്നെയാണ് ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ കാഴ്ചപ്പാട്. രാഷ്ട്രീയചിന്ത എന്നാൽ മതജാതിബദ്ധമായ ചിന്തയാണെന്ന കാഴ്ചപ്പാടിലാണ് സിലബസ്സ് തയ്യാറാക്കിയിട്ടുള്ളത് എന്ന് പ്രഥമദൃഷ്ട്യാതന്നെ സംശയിക്കാൻ ഇട നൽകുന്ന വിധത്തിലാണ് സിലബസിലെ നല്ലൊരു ഭാഗം. മറ്റു പല കാഴ്ചപ്പാടുകൾക്കും അതിൽ ഇടം നൽകിയിട്ടില്ല. മന്ത്രി വ്യക്തമാക്കി.

മന്ത്രിയുടെ വാക്കുകൾ

ഇന്ത്യൻ രാഷ്ട്രീയചിന്തയിലെ എല്ലാ ധാരകളും വിമർശനാത്മകമായി പരിശോധിക്കാനും നിഗമനങ്ങളിൽ എത്താനും കുട്ടികൾക്ക് കഴിവ് നൽകാൻ ഉതകുന്നതാകണം സിലബസ്. ചില പരികല്പനകൾ തമ്മിൽ മാത്രമുള്ള സംവാദത്തിലൂടെ രാഷ്ട്രീയചിന്തയെ പരിചയപ്പെടുത്തുന്നത് പരിമിതിയാണ്. വിജ്ഞാനവിപുലീകരണത്തിന് വേണ്ടി നിലകൊള്ളേണ്ട സിലബസ് അങ്ങനെ ആയിക്കൂടാ.

വർഗ്ഗീയവിഭജന അജണ്ടകൾക്ക് ശക്തി കിട്ടാൻ സിലബസുകൾ കാരണം ആയിക്കൂടെന്ന സാമൂഹ്യകാഴ്ചപ്പാടും സർക്കാരിനുണ്ട്. സെക്യുലർ ഇടമായി തുടരേണ്ട ക്ളാസ്സുറൂമുകളെ വിഭാഗീയചിന്തകളുടെ വേദിയാക്കുന്നത് അപകടകരമാകും. വിമർശനാത്മകപഠനത്തിനായിപോലും വർഗ്ഗീയ നിലപാടുകളുള്ള ലേഖനങ്ങൾ ഔദ്യോഗിക സിലബസ്സിന്റെ ഭാഗമാകുന്നത് ദോഷം ചെയ്യും. ഭരണഘടനാമൂല്യങ്ങൾക്ക് വിരുദ്ധമായ കൃതികൾ സിലബസ്സിൽ ഉണ്ടാകുന്നത് ശരിയല്ല. ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ ഈ കാഴ്ചപ്പാടുകൾ സർവ്വകലാശാല അധികൃതരെ അറിയിച്ചിട്ടുണ്ട്. തുടർന്ന് അവർ നൽകിയ റിപ്പോർട്ടിൽ അവരുടെ ഭാഗത്തുനിന്നുള്ള പുനരാലോചന അറിയിച്ചു.

സർവ്വകലാശാലകളുടെ പ്രവർത്തനങ്ങളിൽ, അവർക്കുള്ള ജനാധിപത്യപരമായ സ്വയംഭരണാവകാശം മറന്ന് ഇടപെടൽ ഞങ്ങളുടെ കാഴ്ചപ്പാടല്ല. അതിനാൽ, പൊതുസംവാദത്തിലേക്ക് വന്ന വിഷയം പരിശോധിക്കുമെന്നും ആവശ്യമെങ്കിൽ സിലബസിൽ മാറ്റങ്ങൾ വരുത്തുമെന്നുമുള്ള സർവ്വകലാശാലയുടെ മറുപടിയെ വിശ്വാസത്തിലെടുക്കുകയാണ്. അവരുടെ നടപടികൾ വരട്ടെ. സിലബസിന്റെ സാമൂഹ്യകാഴ്ചപ്പാട് കൈവിടുന്ന സമീപനങ്ങൾ ഉണ്ടായാൽ ഉന്നതവിദ്യാഭ്യാസവകുപ്പ് തിരുത്തുമെന്നതിൽ ഒരു സംശയവും വേണ്ട.

Next Story