Top

സെക്രട്ടേറിയറ്റ് തീപ്പിടിത്തം: അട്ടിമറിയില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്

ഓഫീസില്‍ മദ്യക്കുപ്പി കണ്ടെത്തിയ സംഭവത്തില്‍ വകുപ്പുതല അന്വേഷണത്തിന് റിപ്പോര്‍ട്ടില്‍ ശുപാര്‍ശ

24 Aug 2021 12:00 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സെക്രട്ടേറിയറ്റ് തീപ്പിടിത്തം: അട്ടിമറിയില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്
X

സെക്രട്ടേറിയേറ്റിലുണ്ടായ തീപിടിത്തത്തില്‍ അട്ടിമറിയില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്. കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിസാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോള്‍ സെക്ഷനിലുണ്ടായ തീപ്പിടിത്തത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കില്ലെന്നാണ് പൊലീസ് റിപ്പോര്‍ട്ടിലെ പ്രധാന പരാമര്‍ശം. ഫാന്‍ മോട്ടോര്‍ ചൂടായി ഉരുകി വീണതാണ് തീപ്പിടുത്തത്തിന് കാരണമെന്ന് ആവര്‍ത്തിക്കുയാണ് അന്വേഷണ സംഘം.

വലിയ വിവാദത്തിന് വഴിവച്ച സെക്രട്ടേറിയേറ്റിലെ തീപ്പിടത്തം നടന്ന ഒരു വര്‍ഷം പിന്നിടാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് അന്വേഷണ സംഘം അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയെന്ന സംഭവത്തില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ നടപടി തുടങ്ങിയതിന് പിന്നാലെയാണ് തീപിടിത്തം ഉണ്ടായത് എന്ന് ചൂണ്ടിക്കാട്ടി വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴി വച്ച സംഭവത്തിലാണ് ഇപ്പോള്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമപ്പിച്ചിരിക്കുന്നത്. ദേശീയ ഏജന്‍സികള്‍ക്ക് പ്രോട്ടോകോള്‍ വിഭാഗത്തിലെ ഫയലുകള്‍ ലഭിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ആസൂത്രിതമായി തീവെക്കുകയായിരുന്നുവെന്നായിരുന്നു പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിച്ച പ്രധാന ആരോപണം.

എന്നാല്‍, ഫാനില്‍ നിന്നും പകര്‍ന്ന തീയില്‍ നശിച്ചത് അപ്രധാന കടലാസുകളാണെന്നും പോലീസ് സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. എന്നാല്‍ തീപിടിത്തം നടന്ന ഓഫീസില്‍ മദ്യക്കുപ്പി കണ്ടെത്തിയ സംഭവത്തില്‍ വകുപ്പുതല അന്വേഷണവും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്. ഫാനിന്റെ മോട്ടോര്‍ ചൂടായി പ്ലാസ്റ്റിക് ഉരുകി കടലാസില്‍ വീണാണ് തീപ്പിടിത്തമുണ്ടായത്. സംഭവം ഉണ്ടായ ദിവസം ഓഫീസ് പ്രവര്‍ത്തിച്ചിരുന്നില്ല. ഓഫീസിലുണ്ടായിരുന്ന ഒരു ഉദ്യോഗസ്ഥന് കോവിഡ് ബാധിച്ചതായിരുന്നു ഇതിന് കാരണം. ഈ ദിവസം രാവിലെ 9.30നാണ് ഫാന്‍ ഓണ്‍ ചെയ്തത്. ശുചീകരണ തൊഴിലാളികളെത്തി ഓഫീസ് സാനിറ്റൈസ് ചെയ്തിരുന്നു. എന്നാല്‍ ഇവര്‍ തിരിച്ചു പോകുമ്പോള്‍ ഫാന്‍ ഓഫ് ചെയ്തിരുന്നില്ലെന്നും ഇതാവാം തീപ്പിടിത്തത്തിന് കാരണമെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

തീപ്പിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് ആണെന്ന് നേരത്തെ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ സമിതി റിപ്പോര്‍ട്ട് നേരത്തെ സമര്‍പ്പിച്ചിരുന്നു. പിന്നാലെയാണ് തീപ്പിടിത്തത്തിന് പിന്നില്‍ ഒരു അട്ടിമറിയും ഇല്ല എന്ന് പോലീസ് റിപ്പോര്‍ട്ടിലും വ്യക്തമാക്കുന്നത്.

Next Story