Top

സിപിഐഎം സ്വാതന്ത്ര്യദിനാഘോഷത്തില്‍ കുരു പൊട്ടുന്നതാര്‍ക്ക്? ചരിത്രം പറഞ്ഞ് എന്‍എന്‍ കൃഷ്ണദാസ്

ചിലര്‍ക്ക് ചൊറിച്ചില്‍ ഉണ്ടാവുന്നത് എന്തിനാണ് ?

12 Aug 2021 3:23 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സിപിഐഎം സ്വാതന്ത്ര്യദിനാഘോഷത്തില്‍ കുരു പൊട്ടുന്നതാര്‍ക്ക്? ചരിത്രം പറഞ്ഞ് എന്‍എന്‍ കൃഷ്ണദാസ്
X

സിപിഐഎം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതില്‍ വിമര്‍ശനം ഉന്നയിക്കുന്നവര്‍ക്ക് മറുപടിയുമായി പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗം എന്‍എന്‍ കൃഷ്ണദാസ്. സിപിഐഎം സ്വാതന്ത്ര്യത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുമ്പോള്‍ കുരു പൊട്ടുന്നതാര്‍ക്കെന്ന് ചോദിച്ചുകൊണ്ടാണ് കൃഷ്ണദാസിന്റെ വിശദീകരണം. ഒന്നര നൂറ്റാണ്ടിലധികം കാലം തലമുറകളിലൂടെ ഉജ്വലമായി തുടര്‍ന്ന ഇതിഹാസ തുല്യമായ സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്രം ഓര്‍ത്തെടുക്കാനും, പുതുതലമുറക്ക് അതിന്റെ ഊഷ്മളത പകര്‍ന്നു നല്‍കാനുമായി ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പ്രചരണങ്ങള്‍ക്കാണ് ഈ സ്വാതന്ത്ര്യ ദിനത്തില്‍ തുടക്കം കുറിക്കുന്നതെന്നും കൃഷ്ണദാസ് പറഞ്ഞു.

എന്‍എന്‍ കൃഷ്ണദാസ് പറഞ്ഞത്: CPI-M സ്വാതന്ത്ര്യത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുമ്പോള്‍ 'കുരു' പൊട്ടുന്നതാര്‍ക്ക് ?

ഇന്ത്യയുടെ രാഷ്ട്രീയ സ്വാതന്ത്ര്യത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് ഈ ആഗസ്റ്റ് 15നു തുടക്കം കുറിക്കാനുള്ള CPI-M കേന്ദ്രകമ്മിറ്റി യോഗത്തിന്റെ ആഹ്വാനം വന്നത് മുതല്‍ ചിലര്‍ക്ക് അസ്വസ്ഥതയുടെ 'കുരു പൊട്ടാന്‍' തുടങ്ങിയിരിക്കുന്നു. ഒന്നര നൂറ്റാണ്ടിലധികം കാലം തലമുറകളിലൂടെ ഉജ്വലമായി തുടര്‍ന്ന ഇതിഹാസ തുല്യമായ സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്രം ഓര്‍ത്തെടുക്കാനും, പുതു തലമുറക്ക് അതിന്റെ ഊഷ്മളത പകര്‍ന്നു നല്‍കാനുമായി ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പ്രചരണങ്ങള്‍ക്കാണ് ഈ സ്വാതന്ത്ര്യ ദിനത്തില്‍ തുടക്കം കുറിക്കുന്നത്.

രാഷ്ട്രീയ സ്വാതന്ത്ര്യം നേടിയെടുക്കാനുള്ള അന്നത്തെ ഇന്ത്യന്‍ ജനതയുടെ ഐതിഹാസിക പോരാട്ടങ്ങളില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും, അതിന്റെ നേതാക്കളുടെയും സമാനതകളില്ലാത്തതും, അടിമുടി സാഹസികത നിറഞ്ഞതുമായ പോരാട്ടങ്ങളുടെ ചോരതുടിക്കുന്ന അധ്യായങ്ങള്‍ പുതിയ തലമുറയെ ഓര്‍മ്മിപ്പിക്കലും ഈ സംരംഭത്തിന്റെ ലക്ഷ്യമാണ്. എന്നാല്‍ ഈ തീരുമാനം പുറത്തു വന്നത് മുതല്‍ ചിലര്‍ക്ക് 'കുരു' പൊട്ടാന്‍ തുടങ്ങിയിരിക്കുന്നു. ഒരു ഘട്ടത്തിലും ഇന്ത്യയുടെ രാഷ്ട്രീയ സ്വാതന്ത്ര്യ സമരത്തില്‍ അണിനിരക്കാതെ കരുതലോടെ മാറിനിന്ന്, 'സാമ്രാജ്യത്വ ഭരണാധികാരികള്‍ക്കെതിരെ വെറുതെ സമരം ചെയ്തു കളയാനുള്ളതല്ല നമ്മുടെ ഊര്‍ജ്ജം; അത് കമ്മ്യൂണിസ്റ്റുകാരും, ഇസ്‌ലാമും, ക്രിസ്ത്യാനിറ്റിയും ഇല്ലാത്ത യഥാര്‍ത്ഥ 'ബ്രാഹ്മണിക്കല്‍ സമാജ' നിര്‍മിതിക്കായി കരുതി വയ്ക്കാനുള്ളതാണ്' എന്ന് ആഹ്വാനം ചെയ്യുകയും, ഒളിഞ്ഞിരുന്നു ബ്രിട്ടീഷ് ഭരണത്തിന് 'പാദ സേവ' നടത്തുകയും ചെയ്തവര്‍ക്കും; സ്വാതന്ത്ര്യാനന്തരം ദീര്‍ഘകാലം അധികാരത്തിലിരുന്ന് സ്വാതന്ത്ര്യ സമരത്തിന്റെ 'മഹിത മൂല്യ'ങ്ങളെല്ലാം തിരസ്‌ക്കരിച്ചു, 'ആധുനിക സാമ്പത്തിക സാമ്രാജ്യത്വത്തിന്' രാഷ്ട്രത്തെ 'തര്‍പ്പണം' ചെയ്തവര്‍ക്കും ഇക്കാര്യത്തില്‍ ഒരേ സ്വരമാണെന്നത് അത്ര യാദൃച്ഛികമൊന്നുമല്ല.

നമ്മുടെ രാഷ്ട്രീയ സ്വാതന്ത്ര്യ സമരത്തിന് വൈവിധ്യമാര്‍ന്ന കൈവഴികള്‍ ഉണ്ടായിരുന്നു. ബംഗാള്‍ വിപ്ലവകാരികളും, ഖദ്ദര്‍ പാര്‍ട്ടി വീരന്മാരും, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സും, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും, കര്‍ഷകരും, തൊഴിലാളികളും, യുവാക്കളും, വിദ്യാര്‍ത്ഥികളും, സ്ത്രീകളും നാനാ ജാതിമത വിശ്വാസികളും എല്ലാം അണിനിരന്നതായിരുന്നു സമാനതകളില്ലാത്ത ത്യാഗങ്ങള്‍ സഹിച്ചുള്ള ഈ ഐതിഹാസിക ജനമുന്നേറ്റം. ഉപ ഭൂഖണ്ഡത്തിലെ മുഴുവന്‍ ജാതി മതസ്ഥരും, എല്ലാ ഭാഷക്കാരും, എല്ലാ വേഷക്കാരും, സാംസ്‌കാരിക വൈജാത്യങ്ങള്‍ക്കതീതമായി ആദ്യമായി ഒരുമിച്ചു ചേര്‍ന്നതും സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിലായിരുന്നു. അതിലൂടെ രാഷ്ട്രീയ സ്വാതന്ത്ര്യം മാത്രമല്ല; ഇന്ത്യയെന്ന രാഷ്ട്ര സങ്കല്‍പ്പത്തിലേക്ക് ഉപഭൂഖണ്ഡം സ്വയം ഉയരുകയായിരുന്നു.

മാനവ ചരിത്രത്തില്‍ 'നവോത്ഥാനം' എന്ന തിളക്കമാര്‍ന്ന സാമൂഹ്യ ഘട്ടമാണ് ആത്മാഭിമാനം, സ്വാതന്ത്ര്യം, ജനാധിപത്യ രാഷ്ട്ര വ്യവസ്ഥ തുടങ്ങിയ സങ്കല്പങ്ങള്‍ മനുഷ്യരാശിക്ക് നല്‍കിയത്. രണ്ടാം ലോക യുദ്ധത്തിലെ ഹിറ്റ്‌ലര്‍ മുസോളിനി ടോജോ അച്ചുതണ്ടു സഖ്യത്തിന്റെ നിശിത പരാജയം ലോകത്താകെ കോളനി വാഴ്ചകള്‍ക്ക് പൊതുവില്‍ അന്ത്യം കുറിച്ചു. ലോകമാകെ ദേശ രാഷ്ട്രങ്ങളുടെ രാഷ്ട്രീയ സ്വാതന്ത്ര്യ സമരങ്ങള്‍ വിജയങ്ങളിലേക്ക് കുതിച്ചു. ഈ ലോക രാഷ്ട്രീയ സാഹചര്യമൊരുക്കുന്നതില്‍ പഴയ സോവിയറ്റ് യൂണിയന്റെ പങ്ക് ആര്‍ക്ക് നിഷേധിക്കാനാവും ?

ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ഒഴിവാക്കി സ്വാതന്ത്ര്യ സമരത്തിനൊരു ചരിത്രമുണ്ടോ? പെഷവാര്‍, മീററ്റ്, കാണ്‍പൂര്‍ ഗൂഡാലോചനക്കേസ്സുകള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ മുളയില്‍ തന്നെ ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെ ബ്രിട്ടീഷ് ഭരണം ചുമത്തിയ കള്ളക്കേസ് ആയിരുന്നു. സൂര്യനസ്തമിക്കാത്ത സാമ്രാജ്യമായിരുന്ന ബ്രിട്ടന്റെ ഭരണം അട്ടിമറിക്കാന്‍ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിയമവിരുദ്ധമായി ഗൂഡാലോചന നടത്തി എന്നായിരുന്നു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരായ ഈ കള്ളക്കേസുകള്‍. ഇന്നും ഈ കള്ളക്കേസുകള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിന്നിട്ട കനല്‍ വഴികളിലെ ത്യാഗങ്ങളുടെ സൗരഭ്യ ചിഹ്നങ്ങളായി അഭിമാനം കൊള്ളുകയാണ്. പുന്നപ്ര വയലാറും, കയ്യൂരും, തലശ്ശേരിയും, മൊറാഴയും ഒഴിവായി കേരളത്തില്‍ സ്വാതന്ത്ര്യ സമരത്തിനൊരു ഭൂമികയുണ്ടോ ? സഖാക്കള്‍ പി.കൃഷ്ണപിള്ളയും, ഇ.എം.എസ്സും, എ.കെ.ജിയും, ഇ.കെ.നായനാരും, കെ.പി.ആര്‍.ഗോപാലനും, ടി.വി.തോമസും, അച്യുതമേനോനും, എം.എന്‍.ഗോവിന്ദന്‍ നായരും, ഇല്ലാതെ കേരളത്തില്‍ സ്വാതന്ത്ര്യ സമരനായകരുടെ പട്ടിക തയ്യാറാക്കാന്‍ ഏത് ചരിത്രകാരന് സാധിക്കും ? രാഷ്ട്രീയ സ്വാതന്ത്ര്യത്തിനായി കേരളത്തില്‍ ഏറ്റവും ത്യാഗം അനുഭവിച്ച രാഷ്ട്രീയ പാര്‍ട്ടി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ്.

പുന്നപ്ര വയലാറിലെ രക്തസാക്ഷികളെയും, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ബ്രിട്ടീഷ് ഭരണം തൂക്കിലേറ്റിയ കയ്യൂര്‍ സഖാക്കളെയും, തലശ്ശേരിയില്‍ ബ്രിട്ടീഷ് പട്ടാളം വെടിവച്ചു കൊന്ന സഖാക്കള്‍ അബുവിനേയും, ചാത്തുകുട്ടിയേയും ഓര്‍ക്കാതെ സ്വാതന്ത്ര്യ സമര പോരാട്ടത്തിലെ രക്തസാക്ഷികള്‍ക്ക് പട്ടിക തയ്യാറാക്കാന്‍ പറ്റുമോ ? കൊലമരത്തില്‍ നിന്നിറങ്ങി വന്ന സ.കെ.പി ആറും, വെല്ലൂര്‍ സെന്‍ട്രല്‍ ജയിലിന്റെ മതില്‍ തകര്‍ത്ത് പുറത്തിറങ്ങി സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ വെല്ലുവിളിച്ച സ.എ.കെ.ജി യും ആധുനിക സമൂഹത്തിലെ പുതു തലമുറക്ക് സാഹസികതയുടെ അവിശ്വസനീയ ബിംബങ്ങളായി തുടരും. ഈ ചരിത്രങ്ങള്‍ പുതു തലമുറക്ക് പകര്‍ന്നു നല്‍കാനും, സ്വാതന്ത്ര്യ സമരത്തിന്റെ തീകുണ്ഡത്തില്‍ നിന്ന് സ്പ്പുടം ചെയ്തു വന്ന 'മത നിരപേക്ഷ രാഷ്ട്ര സങ്കല്‍പ്പ'ത്തിന്റെ ചരിത്ര സാധുതയും, സ്വാതന്ത്ര്യ സമരത്തില്‍ ഒരു പങ്കാളിത്തവുമില്ലാത്തവരുടെ 'കപട ദേശ സ്‌നേഹ തട്ടിപ്പു'കളുടെ പിന്നാമ്പുറ കഥകളും സമകാലിക സമൂഹത്തില്‍ സജീവമായി ചര്‍ച്ച ചെയ്യണം. അത് സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികാഘോഷങ്ങളുടെ സന്ദര്‍ഭത്തില്‍ തന്നെയാണ് വേണ്ടത്. അതിനു ചിലര്‍ക്ക് ചൊറിച്ചില്‍ ഉണ്ടാവുന്നത് എന്തിനാണ് ?

Next Story