Top

നിപയില്‍ ആശങ്കയൊഴിഞ്ഞു; പരിശോധന ഫലങ്ങളെല്ലാം നെഗറ്റീവ്

പ്രതിരോധ നടപടികളുടെ ഭാഗമായി അതീവ ജാഗ്രതയോട് കൂടിയുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോഴും തുടരുന്നതെന്നും മന്ത്രി

11 Sep 2021 7:38 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നിപയില്‍ ആശങ്കയൊഴിഞ്ഞു; പരിശോധന ഫലങ്ങളെല്ലാം നെഗറ്റീവ്
X

നിപയില്‍ ആശങ്ക ഒഴിഞ്ഞെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. പരിശോധിച്ച ഫലങ്ങള്‍ എല്ലാം നെഗറ്റീവാണെന്നും അതേസമയം കോഴിക്കോട് ജില്ലയില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും വീണാജോര്‍ജ് തീരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

'കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് കോഴിക്കോടിനുള്ളിലും പുറത്തും എല്ലാവര്‍ക്കും വാക്സിന്‍ ഉറപ്പാക്കും. കോഴിക്കോട് ജില്ലയെ സംബന്ധിച്ചിടത്തോളം നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇതുവരെ പരിശോധിച്ച എല്ലാ സാബിളുകളും നെഗറ്റീവാണ്. ഹൈ റിസ്‌ക്ക് കേസുകള്‍ നീരിക്ഷിച്ചു വരികയാണ്. അത് ആശ്വാസകരമാണ്.' വീണാ ജോര്‍ജ് വ്യക്തമാക്കി.

അതേസമയം തന്നെ പ്രതിരോധ നടപടികളുടെ ഭാഗമായി അതീവ ജാഗ്രതയോട് കൂടിയുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോഴും തുടരുന്നതെന്നും മന്ത്രി കൂട്ടി ചേര്‍ത്തു.

'സമ്പര്‍ക്കമുള്ളവരെ കണ്ടെത്തുന്നത് പോലെ പ്രധാനമാണ് ഇതിന്റെ ഉറവിടം കണ്ടെത്തുന്നതും.പൂനൈ എന്‍ ഐ വിയില്‍ നിന്നും പ്രത്യേക സംഘം ഇവിടെ എത്തിയിട്ടുണ്ട്. അവര്‍ ഇന്നലെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. സാമ്പിള്‍ ശേഖരണം ഇന്ന് പ്രാഥമികമായി നടത്തും.' എന്നും വീണ ജോര്‍ജ് അറിയിച്ചു.

സംസ്ഥാനത്ത് ആരോഗ്യവകുപ്പിന്റെ സിറോ പ്രിവന്‍സ് സ്റ്റഡി കുഞ്ഞുങ്ങളിലുള്‍പ്പെടെ നടത്തുന്നുണ്ട്. കുഞ്ഞുങ്ങളില്‍ എത്രത്തോളം കോവിഡ് വന്നിട്ടുണ്ട്, അവരെ എത്രത്തോളം ബാധിച്ചിട്ടുണ്ടെന്നും ഇതില്‍ നിന്നും മനസ്സിലാക്കാം. സിറോ പ്രിവന്‍സ് സ്റ്റഡി സെപതംബര്‍ അവസാനത്തോടെ അവസാനിക്കുമെന്നും വീണാജോര്‍ജ്ജ് അറിയിച്ചു.

Next Story