Top

നിപ ആശങ്ക അകലുന്നു; 17 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്

സമ്പർക്ക പട്ടികയിലുള്ള പരിശോധന ഫലം പുറത്തുവന്നവരുടെ എണ്ണം 140 ആയി ഉയർന്നു

13 Sep 2021 2:16 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നിപ ആശങ്ക അകലുന്നു; 17 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്
X

തിരുവനന്തപുരം: നിപ സമ്പർക്കപ്പട്ടികയിലുള്ള 17 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ഇതിൽ 5 എണ്ണം എൻ.ഐ.വി. പൂനയിലും ബാക്കി കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രത്യേകമായി സജ്ജമാക്കിയ ലാബിലുമാണ് പരിശോധിച്ചത്. ഇതോടെ 140 പേരുടെ സാമ്പിളുകളാണ് നെഗറ്റീവാണെന്ന് കണ്ടെത്തിയിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.

സമ്പർക്ക പട്ടികയിലുള്ള 15 പേരുടെ പരിശോധന ഫലം കൂടി ഇന്നലെ നെ​ഗറ്റീവായിരുന്നു. സമ്പർക്ക പട്ടികയിലുള്ള പരിശോധന ഫലം പുറത്തുവന്നവരുടെ എണ്ണം 140 ആയി ഉയർന്നു. മരണപ്പെട്ട കുട്ടിക്ക് അല്ലാതെ മറ്റൊരാൾക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ലെന്നത് ആശ്വാസമാണ്. വൈറസ് ബാധ റിപ്പോർട്ട് ചെയ്ത അന്നുമുതൽ കോഴിക്കോട്ട് ജില്ലയിലും സമീപ പ്രദേശങ്ങളിലും ജാ​ഗ്രതാ നിർദേശം നൽകിയിരുന്നു.

സമ​ഗ്രമായ പ്രതിരോധ പ്രവർത്തനങ്ങളാണ് ആരോ​ഗ്യവകുപ്പ് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്. ആസ്ട്രേലിയയിൽ നിന്ന് മരുന്നെത്തിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ആദ്യഘട്ടത്തിൽ തന്നെ നിർദേശങ്ങൾ നൽകിയിരുന്നു. തയ്യാറെടുപ്പുകൾ ദ്രു​ത​ഗതിയിൽ പൂർത്തിയാക്കിയത് ​ഗുണം ചെയ്തു. അതേസമയം ഹൈ റിസ്‌കിലുള്ളവർ നിരീക്ഷണത്തിൽ തുടരും. ഇവർ ഇപ്പോഴും കോഴിക്കോട് മെഡിക്കൽ കോളേജിൽ തന്നെ തുടരുകയാണ്. ഇവർക്കാർക്കും തന്നെ ആരോ​ഗ്യ പ്രശ്നങ്ങളില്ലാത്തത് ആശ്വാസകരമായ കാര്യമാണ്.

Next Story