Top

നിപ: രണ്ട് പേര്‍ക്ക് കൂടി നെഗറ്റീവ്, സാംപിളുകള്‍ പരിശോധിച്ചത് കോഴിക്കോട്ടെ ലാബില്‍

7 Sep 2021 6:19 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നിപ: രണ്ട് പേര്‍ക്ക് കൂടി നെഗറ്റീവ്, സാംപിളുകള്‍ പരിശോധിച്ചത് കോഴിക്കോട്ടെ ലാബില്‍
X

കോഴിക്കോട് നിപ ബാധയെ തുടര്‍ന്ന് മരിച്ച കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള രണ്ട് പേരുടെ നിപ വൈറസ് പരിശോധനാ ഫലം കൂടി നെഗറ്റീവായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പുതുതായി സജ്ജമാക്കിയ ലാബില്‍ നടത്തിയ പരിശോധനയിലാണ് 2 പേരുടെ നെഗറ്റീവായതെന്നും മന്ത്രി അറിയിച്ചു. നേരത്ത പുനെ എന്‍ഐവിയില്‍ നടത്തിയ പരിശോധന ഫലങ്ങളില്‍ കുട്ടിയുടെ രക്ഷിതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ പരിശോധന ഫലങ്ങളും നെഗറ്റീവ് ആയിരുന്നു.

കോഴിക്കോട് കളക്ടറേറ്റില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു മന്ത്രി ഇക്കാര്യം അറിയിച്ചത്. നിരീക്ഷണത്തിലുള്ള എല്ലാവരുടെയും ആരോഗ്യ നില തൃപ്തികരമാണ്. ചിലര്‍ക്ക് പനിയുണ്ടെങ്കിലും ആരോഗ്യ നിലയില്‍ പ്രശ്‌നങ്ങളില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. കോഴിക്കോട് അഞ്ച് സാംപിളുകളാണ് പരിശോധന നടത്തിയത്. ഇനി മുന്ന് സാംപിളുകളുടെ ഫലം കൂടി പുറത്ത് വരാനുണ്ട്. കോഴിക്കോട് സജ്ജീകരിച്ച ലാബിലെ ഫലങ്ങള്‍ പൂനെയില്‍ വീണ്ടും പരിശോധിച്ച് ഫലം ഉറപ്പാക്കുന്ന നിലയിലാണ് നടപടികള്‍ പുരോഗമിക്കുന്നത്. കോഴിക്കോട് 31, വയനാട് 4, എറണാകുളം 1, മലപ്പുറം 8 കണ്ണൂര്‍ 3, പാലക്കാട് 1 എന്നിങ്ങനെയാണ് നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലുള്ളവരുടെ കണക്കുകള്‍.

തിങ്കളാഴ്ച രാത്രിയോടെയാണ് കോഴിക്കോട് നിപ പരിശോധനയ്ക്ക് ലാബ് സജ്ജമാക്കിയത്. എന്‍ഐവി പൂനെ, എന്‍ഐവി ആലപ്പുഴ, കോഴിക്കോട് മെഡിക്കല്‍ കോളേജ് എന്നിവയുടെ സംയുക്ത പരിശ്രമം കൊണ്ടാണ് ഇത്ര വേഗം നിപ വൈറസ് ലാബ് സജ്ജമാക്കിയത്. ഈ മൂന്ന് സ്ഥാപനങ്ങളുടേയും ജീവനക്കാര്‍ ചേര്‍ന്നാണ് പരിശോധന നടത്തുന്നത്. നിപ വൈറസ് പരിശോധനയ്ക്കുള്ള അര്‍.ടി.പി.സി.ആര്‍., പോയിന്റ് ഓഫ് കെയര്‍ ടെസ്റ്റിംഗ് എന്നീ പരിശോധനകളാണ് ഈ ലാബില്‍ നടത്തുക.

പരിശോധനയ്ക്കാവശ്യമായ ടെസ്റ്റ് കിറ്റുകളും റീയേജന്റും മറ്റ് അനുബന്ധ സാമഗ്രികളും എന്‍.ഐ.വി. പൂനയില്‍ നിന്നും എന്‍.ഐ.വി. ആലപ്പുഴയില്‍ നിന്നും അരോഗ്യ വകുപ്പിന്റെ ഇടപെടലിനെ തുടര്‍ന്ന് അടിയന്തരമായി എത്തിക്കുകയായിരുന്നു. അപകടകരമായ വൈറസായതിനാല്‍ പ്രാഥമികമായി നിപ വൈറസ് സ്ഥിരീകരിച്ചാല്‍ കണ്‍ഫര്‍മേഷന്‍ ടെസ്റ്റ് നടത്തേണ്ടതുണ്ട്. എന്‍.ഐ.വി. പൂനയിലാണ് ഇത് സ്ഥിരീകരിക്കാനുള്ള അനുമതിയുള്ളത്. 12 മണിക്കൂറിനുള്ളില്‍ പരിശോധനാ ഫലം അറിയിക്കാമെന്ന് എന്‍.ഐ.വി. പൂന ഉറപ്പ് നല്‍കിയിട്ടുണ്ട്. കോഴിക്കോട്ട് തന്നെ ഈ ലാബ് സജ്ജമാക്കിയതിനാല്‍ പരിശോധനയും ചികിത്സയും വേഗത്തിലാക്കാന്‍ സാധിക്കുമെന്നാണ് പ്രത്യേകത.

Next Story