Top

ഹൈ റിസ്‌കിലുള്ളവരെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി, വിദഗ്ധ സംഘം ഉടൻ മെഡിക്കൽ കോളേജിലെത്തും; സജ്ജീകരണങ്ങളൊരുക്കി കേരളം

5 Sep 2021 4:09 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഹൈ റിസ്‌കിലുള്ളവരെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി, വിദഗ്ധ സംഘം ഉടൻ മെഡിക്കൽ കോളേജിലെത്തും; സജ്ജീകരണങ്ങളൊരുക്കി കേരളം
X

നിപ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി കേരളം. മെഡിക്കൽ കോളേജിലെ പേ വാർഡ് ബ്ലോക്ക് നിപ ചികിത്സയ്ക്കും ഐസൊലേഷനുമായി സജ്ജമാക്കിയിട്ടുണ്ട്. നിപ രോഗികൾക്ക് മാത്രമായി നെഗറ്റീവ് പ്രഷർ ഐസിയുവും സജ്ജീകരിച്ചിട്ടുണ്ട്. ഹൈ റിസ്‌കിലുള്ളവരെ മെഡിക്കൽ കോളേജ് ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയതായി ആരോ​ഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കിയിരുന്നു.

ഐസിയു ബെഡുകളുടേയും വെന്റിലേറ്ററുകളുടേയും ലഭ്യത ഉറപ്പാക്കുന്നതാണെന്നും രോഗിയുമായി സമ്പർക്കത്തിലുള്ളവരെ അടിയന്തരമായി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് സൗകര്യം ഉറപ്പുവരുത്തുമെന്നും വീണാ ജോർജ് പറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിപ പ്രതിരോധവുമായി ബന്ധപ്പെട്ട ജീവനക്കാരുടെ ഒഴിവുകൾ ഉടൻ നികത്തുന്നതാണെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

നിപ പരിശോധന കോഴിക്കോട് മെഡിക്കൽ കോളേജിൽ തന്നെ ചെയ്യാനുള്ള സൗകര്യമൊരുക്കും. എൻഐവി പൂനയുമായി സഹകരിച്ച് പോയിന്റ് ഓഫ് കെയർ ടെസ്റ്റിംഗ് അവിടെ നടത്തും. അത് ഒരിക്കൽ കൂടി കൺഫോം ചെയ്യാൻ എൻഐവി പൂനയിലേക്ക് അയയ്ക്കും. 12 മണിക്കൂറിനുള്ളിൽ പരിശോധനാ ഫലം അറിയിക്കുന്നതാണ്. ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റിയൂട്ടിലെ വിദഗ്ധ സംഘം ഉടൻ മെഡിക്കൽ കോളേജിൽ എത്തുമെന്നും മന്ത്രി പറഞ്ഞു. നേരത്തെ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ആരോ​ഗ്യമന്ത്രി കോഴിക്കോട് മെഡിക്കൽ കോളേജ് സന്ദർശിച്ച് യോഗം ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തിയിരുന്നു. മന്ത്രിമാരായ ശ്രീ പി.എ. മുഹമ്മദ് റിയാസ്, ശ്രീ. എ.കെ. ശശീന്ദ്രൻ എന്നിവരും മന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു.

Next Story