Top

നിപയുടെ രണ്ടാം വരവ് മുളയിലെ നുള്ളാൻ ആരോ​ഗ്യവകുപ്പ്; വ്യാപനം രൂക്ഷമല്ലെന്ന് കേന്ദ്ര സംഘത്തിന്റെ വിലയിരുത്തൽ

6 Sep 2021 5:11 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നിപയുടെ രണ്ടാം വരവ് മുളയിലെ നുള്ളാൻ ആരോ​ഗ്യവകുപ്പ്; വ്യാപനം രൂക്ഷമല്ലെന്ന് കേന്ദ്ര സംഘത്തിന്റെ വിലയിരുത്തൽ
X

കോഴിക്കോട്: നിപയുടെ രണ്ടാം വരവ് കാര്യക്ഷമമായി പ്രതിരോധിക്കാൻ പഴുതടച്ച നീക്കങ്ങളുമായി ആരോ​ഗ്യവകുപ്പ്. വൈറസിന്റെ ഉറവിടം കണ്ടെത്താനുള്ള ഊർജിത ശ്രമങ്ങൾ പുരോ​ഗമിക്കുകയാണ്. നേരത്തെ ആടിൽ നിന്ന് രോ​ഗം പടർന്നിരിക്കാമെന്ന് സംശയം നിലനിന്നിരുന്നു, എന്നാൽ പിന്നീട് ഇക്കാര്യം ആരോ​ഗ്യ വകുപ്പ് സ്ഥിരീകരിച്ചില്ല. ഏഴ് പേരുടെ ശ്രവ സാമ്പിൾ കൂടി നിലവിൽ പൂനെയിലേക്ക് അയച്ചിരിക്കുകയാണ്.

അതേസമയം നിപ വ്യാപനം തീവ്രമാകാൻ സാധ്യതയില്ലെന്നാണ് കേന്ദ്ര സംഘത്തിന്റെ പ്രാഥമിക വിലയിരുത്തൽ. കേന്ദ്ര ഏജൻസിയായ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആണ് ഇന്നലെ മരണപ്പെട്ട കുട്ടിയുടെ വീട്ടിലും പരിസര പ്രദേശങ്ങളിലും പരിശോധന നടത്തിയത്. വൈറസ് ബാധയേറ്റ് മരണപ്പെട്ട കുട്ടി താമസിച്ചിരുന്ന വീട്ടിലാണ് ആദ്യം സംഘമെത്തിയത്. നാട്ടുകാരാണ് കുട്ടിയുടെ വീടിനടുത്തായി റംബൂട്ടാൻ മരമുണ്ടായിരുന്ന കാര്യം സംഘത്തെ അറിയിച്ചിരുന്നു. ഈ മരവും പരിസര പ്രദേശവും പരിശോധനയിൽ ഉൾപ്പെടുത്തുകയായിരുന്നു. കുട്ടി കഴിച്ചുവെന്ന് കരുതുന്ന റംബൂട്ടാൻ മരത്തിൽ നിന്ന് സംഘം സാംപിൾ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. റംബൂട്ടാൻ മരത്തിൽ പക്ഷികൾ വന്നിട്ടുണ്ടോയെന്നും പരിശോധിക്കും.

പ്രദേശത്ത് വവ്വാലുകൾ കുറവാണെന്ന നി​ഗമനത്തിലാണ് വിദ്​ഗദ്ധരുടെ സംഘം. ഇതുമായി ബന്ധപ്പെട്ട് നാട്ടുകാരുടെ വിലയിരുത്തൽ മുഖവിലയ്ക്കെടുക്കാൻ തന്നെയാണ് വിദ്​ഗദ്ധരുടെയും തീരുമാനമെന്നാണ് സൂചന. സമ്പർക്ക പട്ടിക കുറ്റമറ്റതാക്കാനാണ് ആരോ​ഗ്യവകുപ്പ് ഈ ഘട്ടത്തിൽ ഊന്നൽ നൽകുന്ന കാര്യം. സമ്പർക്ക പട്ടികയിൽ പിഴവുകൾ ഇല്ലാതിരുന്നാൽ പ്രതിരോധം വേ​ഗത്തിലാക്കാമെന്ന് പ്രതീക്ഷ ഇന്നലെ ആരോ​ഗ്യമന്ത്രി വീണാ ജോർജും വ്യക്തമാക്കിയിരുന്നു.

രോ​ഗബാധയുമായി ബന്ധപ്പെട്ട് മരുന്ന് ലഭ്യതയും സുരക്ഷാ സാമഗ്രികളും ഉറപ്പാക്കിയെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. മോണോക്ലോണൽ ആന്റിബോഡി ആസ്‌ട്രേലിയയിൽ നിന്നും ഐസിഎംആർ ഏഴ് ദിവസത്തിനുള്ളിൽ എത്തിക്കുമെന്ന് ഉറപ്പ് നൽകിയതായി മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. അസ്വാഭാവികമായ പനി, അസ്വാഭാവിക മരണങ്ങൾ എന്നിവ ഉണ്ടായാൽ ഉടൻ റിപ്പോർട്ട് ചെയ്യാൻ എല്ലാ ആശുപത്രികൾക്കും നിർദേശം നൽകിയിട്ടുണ്ട്. വിവരങ്ങൾ അതിവേ​ഗം കൈമാറാനായി പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ട്.

Next Story