Top

നിപയുടെ ഉറവിടം കണ്ടെത്താന്‍ ഊര്‍ജ്ജിത ശ്രമം; സമ്പര്‍ക്കപട്ടിക നീണ്ടേക്കും, എല്ലാ സാധ്യതയും പരിശോധിക്കുന്നെന്ന് ആരോഗ്യമന്ത്രി

6 Sep 2021 2:57 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നിപയുടെ ഉറവിടം കണ്ടെത്താന്‍ ഊര്‍ജ്ജിത ശ്രമം; സമ്പര്‍ക്കപട്ടിക നീണ്ടേക്കും, എല്ലാ സാധ്യതയും പരിശോധിക്കുന്നെന്ന് ആരോഗ്യമന്ത്രി
X

കോഴിക്കോട് നിപ ബാധയെ തുടര്‍ന്ന് മരിച്ച കുട്ടിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള എഴു പേരുടെ സാമ്പിളുകള്‍ പരിശോധയ്ക്കായി പുനെയിലേക്ക് അയച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. രോഗ ലക്ഷണങ്ങളുള്ള ആരുടെയും നില ഗുരുതരമല്ല. ചാത്തമംഗലം കൊടിയത്തൂര്‍ മുക്കം മുന്‍സിപാലിറ്റി അധ്യക്ഷന്‍മാരുമായി ഇന്ന് ചര്‍ച്ച നടത്തും. മുന്‍കരുതല്‍ കര്‍ശനമാക്കാനാണ് നടപടി. ഇതിനൊപ്പം മൃഗ സംരക്ഷണ വകുപ്പിന്റെ സഹായത്തോടെ രോഗബാധയുടെ ഉറവിടം കണ്ടെത്താന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.

കുട്ടിയുമായി ബന്ധപ്പെട്ടവരുടെ സമ്പക്കപട്ടിക നീളാന്‍ സാധ്യയുണ്ട് എന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. നിലവില്‍ കണ്ടെത്തിയ 188 ന് അപ്പുറം സമ്പര്‍ക്കം ഉണ്ടായേക്കാം. ക്ലിനിക് ഉള്‍പ്പെടെ അഞ്ച ഹോസ്പിറ്റലുകള്‍ കുട്ടിയുടെ സഞ്ചാര പഥത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കുട്ടിയുമായി ആശുപത്രികളില്‍ സഞ്ചരിച്ച ആ സമയത്ത് ഉണ്ടായിരുന്നവര്‍ മറ്റ് സ്ഥലങ്ങളിലുണ്ട്. അവര്‍ ഈ പരിസരത്ത് ഉള്ളവരല്ല. എന്നിരുന്നാലും സാധ്യതകള്‍ പരിശോധിക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

രോഗബാധയുടെ ഉറവിടം കണ്ടെത്തുക എന്നതാണ് പ്രധാനം. ഉറവിടം കണ്ടെത്തുന്നതിനായി പരിശോധന തുടകും. വീടും പരിസരവും മരിച്ച കുട്ടിയുടെ കുടുംബത്തിന്റെ മറ്റൊരു സ്ഥലവും ഉള്‍പ്പെടെ പരിശോധിക്കും. എന്ത് തന്നെ ആയാലും ഇന്ന് ചിത്രം വ്യക്തമാവും. എല്ലാ സാധ്യതയും പരിശോധിക്കുന്നുണ്ട്. വീട്ടിലെ ആട് ചത്ത സംഭവം പ്രശ്‌നം ഉണ്ടാക്കുന്നില്ല. നിപ വൈറസിനെ വഹിക്കുന്നത് വവ്വാലും പന്നിയുമാണ്. ആട് ഉള്‍പ്പെടുന്നില്ല, എന്നിരുന്നാലും ഒരു സാധ്യതയും തള്ളിക്കളയുന്നില്ല. മൃഗങ്ങളിലെ സാംപിളുകള്‍ പരിശോധിക്കാന്‍ എന്‍ഐവി ഭോപ്പാലിന്റെ സഹായം തേടുമെന്നും ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടി. വവ്വാല്‍ ഉള്‍പ്പെടെയുള്ളവയുടെ സാന്നിധ്യം പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കൊവിഡ് സാഹചര്യം പ്രത്യേകമായി പരിഗണിക്കുന്നുണ്ട്. കോഴിക്കോടെ കോവിഡ് രോഗ ബാധ നിലനില്‍ക്കുമ്പോഴും നിലവില്‍ പ്രശ്‌നങ്ങളില്ല. സ്ഥലപരിമിതിയും, ജീവനക്കാരുടെ കുറവും പരിഹരിക്കാന്‍ നടപടികള്‍ പുരോഗമിക്കുകയാണ്. നിപ കൈകാര്യം ചെയ്ത് പരിചയമുള്ളവരെ ചികില്‍സകള്‍ ഏകോപിപ്പിക്കുന്നതിനായി നിയോഗിക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കുന്നു.

Next Story