ഒറ്റ ദിവസം, കോഴിക്കോട്ട് നിപ ലാബ്, അതി വേഗത്തില്‍ പരിശോധന; ആശ്വാസ തീരത്ത് കേരളം
7 Sep 2021 3:43 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

സംസ്ഥാനത്തെ നിപ ഭീതിയ്ക്ക് ആശ്വാസമേകി പരിശോധനാ ഫലങ്ങള്‍. മരിച്ച പന്ത്രണ്ടുകാരനുമായി അടുത്ത സമ്പര്‍ക്കമുള്ള രക്ഷിതാക്കളടക്കം എട്ടു പേരുടെ സാംപിളുകള്‍ നെഗറ്റീവ് ആണെന്ന് ആരോഗ്യമന്ത്രി വീണാ ജോജാണ് അറിയിച്ചത്. സംസ്ഥാനത്തെ ആശങ്കയിലാക്കിയാണ് കോഴിക്കോട് വീണ്ടും നിപ ബാധയെന്ന വാര്‍ത്ത പുറത്തുവന്നത്. പിന്നാലെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉയര്‍ന്ന് പ്രവര്ത്തുകയും ചെയ്തു. ഇതിന്റെ ഫലം കൂടിയാണ് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ വളരെ വേഗത്തില്‍ സാംപിളുകള്‍ പരിശോധിക്കുന്ന നിലയിലെത്തുന്നത്.
ശനിയാഴ്ച അര്‍ദ്ധരാത്രിയായിരുന്നു കോഴിക്കോട് ചങ്ങരോത്ത് സ്വദേശിയായ പന്ത്രണ്ടുകാരന് നിപ ബാധ സ്ഥിരീകരിക്കുന്നത്. ഞായറാഴ്ച പുലര്‍ച്ചെ കുട്ടി മരണത്തിന് കീഴടങ്ങുകയും ചെയ്തു. രണ്ട് ദിവസം കൊണ്ട് തന്നെ നിപ വൈറസ് പരിശോധനയ്ക്കാവശ്യമായ ലാബും അനുബന്ധ സംവിധാനവും കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വിആര്‍ഡി ലാബില്‍ സജ്ജമാക്കാനായി എന്നത് വലിയ ആശ്വാസം തന്നെയായിരുന്നു. പരിശോധന ഫലങ്ങള്‍ വേഗത്തിലാക്കുക ലക്ഷ്യമിട്ടായിരുന്നു പുനെ എന്‍ഐവിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍.
തിങ്കളാഴ്ച വൈകീട്ടോടെ തന്നെ നിപ വൈറസ് പരിശോധനയ്ക്കാവശ്യമായ ലാബും അനുബന്ധ സംവിധാനവും കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വി.ആര്.ഡി. ലാബില്‍ സജ്ജമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എന്‍ഐവി പൂനെ, എന്‍ഐവി ആലപ്പുഴ, കോഴിക്കോട് മെഡിക്കല്‍ കോളേജ് എന്നിവയുടെ സംയുക്ത പരിശ്രമം കൊണ്ടാണ് ഇത്ര വേഗം നിപ വൈറസ് ലാബ് സജ്ജമാക്കിയത്. ഈ മൂന്ന് സ്ഥാപനങ്ങളുടേയും ജീവനക്കാര്‍ ചേര്‍ന്നാണ് പരിശോധന നടത്തുന്നത്. നിപ വൈറസ് പരിശോധനയ്ക്കുള്ള അര്.ടി.പി.സി.ആര്., പോയിന്റ് ഓഫ് കെയര്‍ ടെസ്റ്റിംഗ് എന്നീ പരിശോധനകളാണ് ഈ ലാബില്‍ നടത്തുകയെന്നും മന്ത്രി വ്യക്തമാക്കി.
പരിശോധനയ്ക്കാവശ്യമായ ടെസ്റ്റ് കിറ്റുകളും റീയേജന്റും മറ്റ് അനുബന്ധ സാമഗ്രികളും എന്‍.ഐ.വി. പൂനയില്‍ നിന്നും എന്‍.ഐ.വി. ആലപ്പുഴയില്‍ നിന്നും അരോഗ്യ വകുപ്പിന്റെ ഇടപെടലിനെ തുടര്‍ന്ന് അടിയന്തരമായി എത്തിക്കുകയായിരുന്നു. അപകടകരമായ വൈറസായതിനാല്‍ പ്രാഥമികമായി നിപ വൈറസ് സ്ഥിരീകരിച്ചാല്‍ കണ്ഫര്മേഷന് ടെസ്റ്റ് നടത്തേണ്ടതുണ്ട്. എന്‍.ഐ.വി. പൂനയിലാണ് ഇത് സ്ഥിരീകരിക്കാനുള്ള അനുമതിയുള്ളത്. 12 മണിക്കൂറിനുള്ളില്‍ പരിശോധനാ ഫലം അറിയിക്കാമെന്ന് എന്‍.ഐ.വി. പൂന ഉറപ്പ് നല്‍കിയിട്ടുണ്ട്. കോഴിക്കോട്ട് തന്നെ ഈ ലാബ് സജ്ജമാക്കിയതിനാല്‍ പരിശോധനയും ചികിത്സയും വേഗത്തിലാക്കാന്‍ സാധിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
നിലവില്‍, 48 പേരാണ് ഹൈ റിസ്ക് വിഭാഗത്തില്‍ മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലുള്ളത്. കോഴിക്കോട് 31, വയനാട് 4, എറണാകുളം 1, മലപ്പുറം 8 കണ്ണൂര്‍ 3, പാലക്കാട് 1 എന്നിങ്ങനെയാണ് നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലുള്ളവരുടെ കണക്കുകള്‍. മരിച്ച കുട്ടിയുടെ വീടിരിക്കുന്ന സ്ഥലത്ത് നീരീക്ഷണം തുടരും. ഫീല്‍ഡ് സര്‍വെയ്ലന്‍സ് തുടങ്ങി. 25 വീടിന് രണ്ട് പേര് എന്ന നിലയില്‍ ഇതിന് ആളുകളെ നിയോഗിച്ചിട്ടുണ്ട്. ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങളും തുടരുകയാണ് എന്നും ആരോഗ്യമന്ത്രി അറിയിച്ചു.