Top

നിപ ഭീതിയും കൊവിഡും; അതിര്‍ത്തിയില്‍ പരിശോധന ശക്തമാക്കി തമിഴ്‌നാട്

കേരളത്തിലെ വടക്കന്‍ ജില്ലകളില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് യാത്ര ചെയ്യാനെത്തുന്നവരെയാണ് കര്‍ശനമായി പരിശോധിക്കുന്നത്.

7 Sep 2021 5:09 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നിപ ഭീതിയും കൊവിഡും; അതിര്‍ത്തിയില്‍ പരിശോധന ശക്തമാക്കി തമിഴ്‌നാട്
X

സംസ്ഥാനത്ത് കൊവിഡ് രോഗ ബാധ രൂക്ഷമായി തുടരുന്നതിന് ഒപ്പം നിപ മരണവും റിപ്പോര്‍ട്ട് ചെയ്തതോടെ അയല്‍ സംസ്ഥാനങ്ങളിലും ആശങ്ക. നിപ മരണം സ്ഥിരീകരിച്ചതോടെ കേരളവുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ തമിഴ്‌നാട് ജാഗ്രത നിര്‍ദേശം നല്‍കിയിരുന്നു. ഇതോടൊപ്പം കേരളത്തില്‍ നിന്ന് എത്തുന്നവരെ പരിശോധിക്കാനും നടപടികള്‍ ആരംഭിക്കുയും ചെയ്തു. പിന്നാലെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുമായി മുന്നോട്ട് പോവുകയാണ് തമിഴ്‌നാട് സര്‍ക്കാര്‍.

കേരളത്തിലെ വടക്കന്‍ ജില്ലകളില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് യാത്ര ചെയ്യാനെത്തുന്നവരെയാണ് കര്‍ശനമായി പരിശോധിക്കുന്നത്. വാളയാര്‍ ഉള്‍പ്പെടെയുള്ള ചെക്‌പോസ്റ്റുകളില്‍ പരിശോധനയ്ക്ക് വിധേയരാക്കുന്ന നിലയാണ് ഉള്ളത്. പരിശോധനയില്‍ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടാണ് ജില്ല ഭരണകൂടത്തിനുള്ളത് എന്ന് വ്യക്തമാക്കുകയാണ് കോയമ്പത്തൂര്‍ ജില്ലാ കളക്ടര്‍ ഡോ. ജി എസ് സമീരന്‍. വാളയാര്‍ അതിര്‍ത്തിയിലെത്തി നേരിട്ട് നടപടികള്‍ വിലയിരുത്തുകാണ് അദ്ദേഹം.

മതിയായ രേഖകളില്ലാതെ വരുന്നവരെ മടക്കി അയക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്നാണ് കോയമ്പത്തൂര്‍ ജില്ലാ കളക്ടറുടെ നിലപാട്. കോവിഡ് ബാധിതരുടെ എണ്ണമുയര്‍ന്നപ്പോഴും അതിര്‍ത്തികളില്‍ ചില ഇളവുകള്‍ നല്‍കാന്‍ തമിഴ്‌നാട് തയ്യാറായിരുന്നു. എന്നാല്‍ നിപ കൂടി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ വിട്ടുവീഴ്ച്ച വേണ്ടെന്നാണ് തീരുമാനം. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ്, എഴുപത്തിരണ്ട് മണിക്കൂറിനുള്ളിലെ ആര്‍ടിപിസിആര്‍ നെഗറ്റീവ് ഫലം, തമിഴ്‌നാട്ടിലേക്കുള്ള ഇ പാസ് തുടങ്ങിയ രേഖകളില്ലാത്തവര്‍ എന്നിവര്‍ക്ക് സംസ്ഥാനത്തേക്ക് യാത്ര അനുവദിക്കില്ലെന്നും കളക്ടര്‍ വ്യക്തമാക്കി. നടപടികള്‍ ഏകോപിപ്പിക്കാന്‍ കൂടുതല്‍ ഉദ്യോഗസ്ഥരെയും അതിര്‍ത്തിയില്‍ തമിഴ്‌നാട് നിയോഗിച്ചിട്ടുണ്ട്.

അതിനിടെ, സംസ്ഥാനത്തെ നിപ ആശങ്കയ്ക്ക് ആശ്വാസമായി കൂടുതല്‍ സാംപിളുകള്‍ നെഗറ്റീവായി. മരിച്ച പന്ത്രണ്ടുകാരനുമായി അടുത്ത സമ്പര്‍ക്കമുള്ള രക്ഷിതാക്കളടക്കം എട്ടു പേരുടെ സാംപിളുകള്‍ നെഗറ്റീവ് ആണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കോഴിക്കോട് കളക്ടറേറ്റില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു മന്ത്രി ഇക്കാര്യം അറിയിച്ചത്. നിരീക്ഷണത്തിലുള്ള എല്ലാവരുടെയും ആരോഗ്യ നില തൃപ്തികരമാണ്. ചിലര്‍ക്ക് പനിയുണ്ടെങ്കിലും ആരോഗ്യ നിലയില്‍ പ്രശ്‌നങ്ങളില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Next Story