Top

കൊവിഡ് നിയന്ത്രണങ്ങളില്‍ പുതിയ ഇളവുകള്‍ ഇന്നുമുതല്‍; ആശയക്കുഴപ്പവും

സ്വാതന്ത്ര്യദിനം, അവിട്ടം ദിനം തുടങ്ങിയ ഞായറാഴ്ചകളില്‍ ലോക്ക്ഡൗണ്‍ ഉണ്ടാവില്ല.

5 Aug 2021 12:58 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൊവിഡ് നിയന്ത്രണങ്ങളില്‍ പുതിയ ഇളവുകള്‍ ഇന്നുമുതല്‍; ആശയക്കുഴപ്പവും
X

കേരളത്തിലെ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിക്കൊണ്ടുള്ള പുതിയ മാനദണ്ഡങ്ങള്‍ ഇന്നുമുതല്‍ പ്രാബല്യത്തില്‍. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിയമ സഭയില്‍ ചട്ടം മുന്നൂറ് പ്രകാരം പ്രഖ്യാപിച്ച ഇളവുകളാണ് സംസ്ഥാനത്ത് ഇനി ഉണ്ടാവുക. വലിയ ഇളവുകള്‍ നല്‍കികൊണ്ടാണ് ഇനി സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ നടപ്പാക്കുക. ഇത് പ്രകാരം കടകള്‍ക്ക് ആഴ്ചയില്‍ ആറ് ദിവസം തുറക്കാം. വാരാന്ത്യ ലോക് ഡൗണ്‍ ഞായറാഴ്ച മാത്രമാക്കിയും നിജപ്പെടുത്തിയപ്പോള്‍ നിയന്ത്രണങ്ങള്‍ നിശ്ചയിക്കാന്‍ ഇനി മുതല്‍ ഒരാഴ്ചയിലെ രോഗികളുടെ എണ്ണമാവും കണക്കാക്കുക.

കൂടുതല്‍ ഇളവുകള്‍, ഒപ്പം കര്‍ശനമായ നിയന്ത്രണങ്ങളും, അതാണ് ഇന്നു മുതലുള്ള രീതി. ടിപിആര്‍ അടിസ്ഥാനമാക്കി നിയന്ത്രണം ഏര്‍പ്പെടുത്തുന്ന രീതിമാറ്റി പ്രതിവാര രോഗബാധ നിരക്ക് കണക്കാക്കി നിയന്ത്രണങ്ങള്‍ കടുപ്പിക്കും. ജനസംഖ്യയുടെ ആയിരം പേരില്‍ പത്തില്‍ കൂടുതല്‍ രോഗികള്‍ ഒരാഴ്ച ഉണ്ടായാല്‍ ആ പ്രദേശത്ത് ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തും. കടകളുടെ പ്രവൃത്തി സമയം രാവിലെ ഏഴ് മുതല്‍ രാത്രി ഒന്‍പത് വരെയാക്കി. എന്നാല്‍ സ്വാതന്ത്ര്യദിനം, അവിട്ടം ദിനം തുടങ്ങിയ ഞായറാഴ്ചകളില്‍ ലോക്ക്ഡൗണ്‍ ഉണ്ടാവില്ല.

കടകള്‍, മാര്‍ക്കറ്റുകള്‍, ബാങ്കുകള്‍, ഓഫീസുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, ഫാക്ടറികള്‍, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ എന്നിവയ്ക്ക് തിങ്കള്‍ മുതല്‍ ശനി വരെ പ്രവര്‍ത്തിക്കാം. പൊതുമേഖലാ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവയ്ക്ക് തിങ്കള്‍ മുതല്‍ വെള്ളി വരെയാണ് പ്രവര്‍ത്തനാനുമതി. കടകളിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലും തിരക്ക് ഇല്ലെന്ന് സ്ഥാപന ഉടമ ഉറപ്പ് വരുത്തണം. സാമൂഹിക അകലം ഉറപ്പാക്കാന്‍ 25 ചതുരശ്ര അടിക്ക് ഒരാള്‍ എന്ന നിലയിലാകും ആളുകള്‍ക്ക് പ്രവേശനം.

കടകളില്‍ എത്തുന്നവര്‍ ആദ്യ ഡോസ് വാക്‌സിന്‍ എടുത്തവരാകണം. അല്ലെങ്കില്‍ 72 മണിക്കൂറിനുള്ളിലെ ആര്‍ടിപിസിആര്‍ നെഗറ്റീവ് ഫലം ലഭിച്ചവരോ ഒരു മാസത്തിനകം കൊവിഡ് ബാധിച്ച് രോഗമുക്തി നേടിയവരോ ആയിരിക്കണം. ഉത്സവകാലത്ത് ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ വ്യാപാര സ്ഥാപനങ്ങള്‍ ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കണം. അത്യാവശ്യത്ത് പുറത്തിറങ്ങാന്‍ ആളുകള്‍ക്ക് തടസം ഉണ്ടാകില്ല.. രാഷ്രീയ സാമൂഹ്യ സാംസ്‌കാരിക പരിപാടികള്‍ അനുവദിക്കില്ല.. വലിയ വിസ്തീര്‍ണമുള്ള ആരാധനാലയങ്ങളില്‍ പരമാവധി 40 പേര്‍ക്ക് പ്രവേശിക്കാം. വിവാഹ മരണാനന്തര ചടങ്ങുകള്‍ക്ക് പരമാവധി 20 പേര്‍ മാത്രം.

കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പൊതുസ്വകാര്യ വാഹനങ്ങള്‍ക്ക് നിരത്തിലിറങ്ങാം. ഹോട്ടലുകള്‍ക്കും, റസ്റ്റോറന്റുകള്‍ക്കും രാവിലെ ഏഴ് മുതല്‍ രാത്രി ഒന്‍പതര വരെ ഓണ്‍ലൈന്‍ ഡെലിവറി നടത്താം.. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതിയില്ല.. മാളുകളില്‍ ഓണ്‍ലൈന്‍ വില്‍പനയെ പാടുള്ളു.. നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുന്നെന്ന് ഉറപ്പ് വരുത്തേണ്ട ചുമതല കളക്ടര്‍മാര്‍ നിയമിക്കുന്ന സെക്ടറല്‍ മജിസ്‌ട്രേറ്റു മാര്‍ക്കാണ്.

അതേസമയം, നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതില്‍ താഴേ തട്ടില്‍ ആശയക്കുഴപ്പവും നിലനില്‍ക്കുന്നുണ്ട്. കടകളില്‍ ആളുകളെ നിയന്ത്രിക്കുന്നതിന് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കിയത് ഉള്‍പ്പെടെ നിബന്ധനകള്‍ പ്രതിസന്ധി സൃഷ്ടിച്ചേക്കുമെന്നാണ് പ്രധാന ആശങ്ക.

Next Story