സഹകരണ ബാങ്കുകളില്‍ വായ്പാ കുടിശ്ശിക മുടങ്ങിയവര്‍ക്ക് ആശ്വാസമായി 'നവ കേരളീയം'; ഗുരുതര രോഗമുള്ളവർക്കും മരണപ്പെട്ടവരുടെ ആശ്രിതർക്കും വായ്പാ ഇളവ്
ഇടപാടുകാര്‍ക്ക് ഇളവു നല്കി കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് വിപുലമായ പദ്ധതിയാണ് മന്ത്രി വി എന്‍ വാസവന് പ്രഖ്യാപിച്ചത്
14 Aug 2021 2:07 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിക്കാലത്ത് സഹകരണ ബാങ്കുകളില്‍ വായ്പ കുടിശിക ആയവര്‍ക്ക് ഇളവുകളോടെ ഒറ്റത്തവണ തീര്‍പ്പാക്കലിന് പ്രത്യേക പദ്ധതി പ്രഖ്യാപിച്ച് സഹകരണ മന്ത്രി വി എന്‍ വാസവന്. സഹകരണ സംഘം രജിസ്ട്രാര്‍ക്ക് കീഴില്‍ രജിസ്ട്രര്‍ ചെയ്ത പ്രാഥമിക സഹകരണ സംഘങ്ങളിലും ബാങ്കുകളിലും വായ്പ മുടങ്ങിയവര്‍ക്കാണ് ആശ്വാസമായി നവ കേരളീയം കുടിശിക നിവാരണം - ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രഖ്യാപിച്ചത്.
പദ്ധതിയിലൂടെ സഹകരണ സംഘങ്ങളുടെ നിഷ്ക്രിയ ആസ്തിയും കുടിശികയും കുറച്ചുകൊണ്ടുവരുന്നതിനാണ് ലക്ഷ്യമിടുന്നത്. ഇടപാടുകാര്‍ക്ക് ഇളവു നല്കി കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് വിപുലമായ പദ്ധതിയാണ് മന്ത്രി പ്രഖ്യാപിച്ചത്. ഗുരുതരമായ രോഗം ബാധിച്ചവരുടെ വായ്പകള്‍ക്ക് പരമാവധി ഇളവുകള്‍ നല്‍കും. വായ്പയെടുത്തയാള്‍ മരണപ്പെട്ടിട്ടുണ്ടെങ്കില്‍ അവകാശികള്‍ ഇളവ് നല്കി കുടിശിക ഒഴിവാക്കാനും അവസരം നല്‍കിയിട്ടുണ്ട്. ഓഗസ്റ്റ് 16 മുതല്‍ സെപ്റ്റംബര്‍ 30 വരെയാണ് നവകേരളീയം കുടിശിക നിവാരണം. 2021 മാര്‍ച്ച്31 വരെ പൂര്‍ണമായോ ഭാഗികമായോ കുടിശികയായ വായ്പകളാണ് പരിഗണിക്കുക. വിശദമായ മാര്‍ഗരേഖ സഹകരണ സംഘം രജിസ്ട്രാര്‍ പുറപ്പെടുവിച്ചു.