'മൂഈന്‍ അലി തങ്ങള്‍ക്കെതിരെ നടപടിക്ക് ശുപാര് ചെയ്തിട്ടില്ല'; വാദങ്ങള്‍ തെറ്റെന്ന് യൂത്ത് ലീഗ് ദേശീയ അധ്യക്ഷന്‍
7 Aug 2021 11:05 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ചന്ദ്രിക അക്കൗണ്ട് വിവാദത്തില്‍ ലീഗ് നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയ മുഈന്‍ അലി തങ്ങള്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശയില്ലെന്ന് യൂത്ത് ലീഗ് ദേശീയ അധ്യക്ഷന്‍ ആസിഫ് അന്‍സാരി. ഇത്തരത്തില്‍ ഉയരുന്ന വാദങ്ങള്‍ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ മുസ്ലീംലീഗ് ഉന്നതാധികാര സമിതി യോഗം ചേരവെയാണ് മുഈന്‍ അലിക്കെതിരെ നടപടിക്ക് ശുപാര്‍ശ നല്‍കിയിട്ടില്ലെന്ന് ദേശീയ അധിക്ഷന്‍ തന്നെ വെളിപ്പെടുത്തിയത്.
മുഈനലി തങ്ങളെ യൂത്ത്ലീഗ് ദേശിയ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് യൂത്ത്ലീഗ് ദേശീയ കമ്മിറ്റി ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് വാര്‍ത്തകള്‍ തള്ളി ദേശീയ അധ്യക്ഷന്‍ ആസിഫ് അന്‍സാരിയുടെ പ്രസ്താവന പുറത്തുവന്നത്.
ഇതിനിടെ മുഈന്‍ അലിക്ക് പിന്തുണ അറിയിച്ച് യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അന്‍വര്‍ സാദത്ത് രംഗത്തെത്തിയിരുന്നു. ലീഗ് ആരുടെയും സ്വകാര്യ സ്വത്തല്ലെന്ന് അവകാശപ്പെട്ട അദ്ദേഹം തങ്ങള്‍ ഉയര്‍ത്തിയ ആരോപണം ചര്‍ച്ച ചെയ്യാനുള്ള കരുത്ത് പാര്‍ട്ടിക്കുണ്ടെന്നും അഭിപ്രായപ്പെട്ടു.
മാത്രമല്ല, മുഈന്‍ അലി തങ്ങള്‍ക്കെതിരെ അസഭ്യം പറഞ്ഞ പ്രവര്‍ത്തകനെതിരെ നടപടിയെടുക്കണമെന്നും അന്‍വര്‍ സാദത്ത് ആവശ്യപ്പെട്ടു. ഇതാദ്യമായാണ് ഒരു യൂത്ത് ലീഗ് നേതാവ് മൂഈന്‍ അലിയെ പിന്തുണച്ച് രംഗത്തെത്തുന്നത്.
മുസ്ലീം ലീഗ് മുതിര്‍ന്ന നേതാവ് പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ കെടി ജലീല്‍ രംഗത്തെത്തിയതിന് പിന്നാലെയായിരുന്നു മുഈന്‍ അലി തങ്ങളും വിമര്‍ശനം ഉയര്‍ത്തിയത്. ചന്ദ്രിക അക്കൗണ്ട് വഴി കള്ളപ്പണ ഇടപാട് നടന്നുവെന്ന ആരോപണത്തില്‍ ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് ഇഡി നോട്ടീസ് കിട്ടാന്‍ കാരണം കുഞ്ഞാലിക്കുട്ടിയാണെന്നായിരുന്നു മുഈന്‍ അലി തങ്ങള്‍ വാര്‍ത്താ സമ്മേളനം വിളിച്ച് അറിയിച്ചത്. നാല് പതിറ്റാണ്ടുകാലമായി ഫണ്ട് കൈകാര്യം ചെയ്യുന്നത് കുഞ്ഞാലിക്കുട്ടിയാണെന്നും മുഈന്‍ അലി വിമര്‍ശിച്ചിരുന്നു. ചന്ദ്രിക ദിനപത്രത്തിന്റെ ഫിനാന്‍സ് മാനേജര്‍ സമീറിനെ നിയമിച്ചത് കുഞ്ഞാലിക്കുട്ടിയാണെന്നുംപാര്ട്ടി ഒരു വ്യക്തിയിലേക്ക് ചുരുങ്ങിയെന്നും ഉള്‍പ്പെടെ ഗുരുതര ആരോപണങ്ങളാണ് മുഈന്‍അലി ഉയര്‍ത്തിയത്. ഇതിന് പിന്നാലെ മുഈന്‍ അലി തങ്ങള്‍ക്കെതിരെ നടപടി ആവശ്യം ശക്തമായിരുന്നു.