Top

നാര്‍ക്കോട്ടിക്ക് ജിഹാദ് പരാമര്‍ശം; സര്‍ക്കാരിനെ പിന്തുണച്ച് സുരേഷ് ഗോപി

രാജ്യതാല്പര്യങ്ങള്‍ക്ക് വിരുദ്ധമാണെങ്കില്‍ അപ്പോള്‍ പ്രതികരിക്കാം

21 Sep 2021 5:30 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നാര്‍ക്കോട്ടിക്ക് ജിഹാദ് പരാമര്‍ശം; സര്‍ക്കാരിനെ പിന്തുണച്ച് സുരേഷ് ഗോപി
X

പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക്ക് ജിഹാദ് പരാമര്‍ശത്തില്‍ സംസ്ഥാന സര്‍ക്കാരിനെ പിന്തുണച്ച് സുരേഷ് ഗോപി എംപി. വിഷയത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ചെയ്യാന്‍ പറ്റുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും എല്ലാ വിഷയത്തിലും മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് മറുപടി പറയേണ്ട ആവശ്യമില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. സര്‍ക്കാര്‍ ഇടപെടല്‍ രാജ്യതാല്പര്യങ്ങള്‍ക്ക് വിരുദ്ധമാണെങ്കില്‍ അപ്പോള്‍ പ്രതികരിക്കാമെന്നും സുരേഷ് ഗോപി പറഞ്ഞു.

സുരേഷ് ഗോപി പറഞ്ഞത്: ''സര്‍ക്കാരിന് നല്ല ബുദ്ധിയുണ്ട്. അവര്‍ ചെയ്യാവുന്നതെല്ലാം ചെയ്യുന്നുണ്ട്. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും കാര്യങ്ങള്‍ മനസിലായിട്ടുണ്ട്. ചുമ്മ അവരെ കുറ്റം പറയാതെ. രാജ്യതാല്‍പര്യമാണ് പ്രധാനം. അതിന് വിരുദ്ധമായെങ്കില്‍ നിങ്ങള്‍ കുറ്റം പറഞ്ഞോ. മുഖ്യമന്ത്രി എല്ലാ കാര്യത്തിലും വന്ന് മറുപടി പറയേണ്ട കാര്യമില്ല. മുഖ്യമന്ത്രി രാഷ്ട്രീയക്കാരനല്ല, ഒരു ചെയറിലിരിക്കുന്ന ആളാണ്. ഭരണാധികാരിയാണ്.''

വിവാദം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടുന്നില്ലെന്ന് പ്രതിപക്ഷ നേതാക്കള്‍ ആരോപിച്ചിരുന്നു. സര്‍വകക്ഷി യോഗം വിളിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ഇതിനിടയാണ് സുരേഷ് ഗോപിയുടെ പ്രതികരണം.

നാര്‍ക്കോട്ടിക്ക് ജിഹാദ് പരാമര്‍ശത്തില്‍ പാലാ ബിഷപ്പിനെ തള്ളി മാര്‍ ബസേലിയോസ് ക്ലീമിസ് ബാവ ഇന്നലെ രംഗത്തെത്തിയിരുന്നു. മയക്ക് മരുന്നിനെ മയക്ക് മരുന്ന് എന്ന് തന്നെ പറഞ്ഞാല്‍ മതിയെന്ന് ക്ലീമിസ് ബാവ വ്യക്തമാക്കി. ജിഹാദ് പരാമര്‍ശം സംബന്ധിച്ച് ദീപിക ദിനപത്രത്തില്‍ വന്ന ലേഖനങ്ങള്‍ കതോലിക്കാ സഭയുടെ നിലപാടല്ലെന്നും ബാവ പറഞ്ഞു. വിഷയത്തില്‍ സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിക്കുന്നത് സ്വാഗതാര്‍ഹമാണെന്നും ക്ലീമിസ് ബാവ പറഞ്ഞിരുന്നു.

''മറ്റ് മതങ്ങളെ ബഹുമാനത്തോടെ കാണുന്ന സാഹചര്യമാണ് ഒരുക്കേണ്ടത്. ഇതര മതങ്ങള്‍ക്ക് മുറിവേല്‍ക്കുന്നത് ഒഴിവാക്കണം. നാടിന്റെ മത സൗഹാര്‍ദം കാത്തു സൂക്ഷിക്കണം. കേരളത്തിന്റെ തനതായ സൗഹൃദം പുലരണമെന്നതാണ് ലക്ഷ്യം. സമാധനപരമായ അന്തരീക്ഷം സ്ഥാപിക്കുന്ന കാര്യങ്ങള്‍ക്ക് വേണ്ടിയാണ് ഇന്നത്തെ യോഗം ഊന്നല്‍ നല്‍കിയത്. സഹവര്‍ത്തിത്വം സഹകരണം ഉറപ്പാക്കാനാണ് ചര്‍ച്ച നടത്തിയത്.'' വിവിധ മതങ്ങള്‍ ഉള്‍പ്പെട്ട പ്രാദേശിക ഫോറങ്ങള്‍ സജീവമാകണമെന്നും മത ആത്മീയ മേഖലയിലുള്ളവര്‍ ശ്രദ്ധ പുലര്‍ത്തണമെന്നും ക്ലീമിസ് ബാവ പറഞ്ഞു. പാലാ ബിഷപ്പിന്റെ പ്രസ്താവനയില്‍ തീരുമാനമെടുക്കാനല്ല യോഗം ചേര്‍ന്നതെന്നും അദ്ദേഹം മാപ്പ് പറയണമെന്ന ആവശ്യത്തില്‍ തീരുമാനം എടുക്കാന്‍ ഈ യോഗത്തിന് സാധിക്കില്ലെന്നും ക്ലീമിസ് ബാവ വ്യക്തമാക്കി.

Next Story