Top

'മീനച്ചിലാര്‍ ഒഴുകുന്ന താലൂക്കുകള്‍ക്ക് മാത്രമായി യൂത്ത് കോണ്‍ഗ്രസിന് നിലപാടില്ല'; ദീപികയുടെ വിമര്‍ശനത്തിന് ശബരീനാഥന്റെ മറുപടി

12 Sep 2021 7:09 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മീനച്ചിലാര്‍ ഒഴുകുന്ന താലൂക്കുകള്‍ക്ക് മാത്രമായി യൂത്ത് കോണ്‍ഗ്രസിന് നിലപാടില്ല; ദീപികയുടെ വിമര്‍ശനത്തിന് ശബരീനാഥന്റെ മറുപടി
X

നാര്‍ക്കോട്ടിക് ജിഹാദ് എന്ന പാല ബിഷപ്പിന്റെ പ്രസ്താവനയെ പിന്തുണയ്ച്ചുകൊണ്ടുള്ള ലേഖനത്തില്‍ ദീപിക ദിനപത്രം ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് ശബരീനാഥന്‍. യൂത്ത് കോണ്‍ഗ്രസ് എന്ന സംഘടനയ്ക്ക് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഉയര്‍ത്തിപ്പിടിക്കുന്ന മതനിരപേക്ഷതയുടെയും ഏകത്വത്തിന്റെയും ഉറച്ച നിലപാടാണ് എവിടെയും ഉള്ളത്. മീനച്ചിലാര്‍ ഒഴുകുന്ന താലൂക്കുകള്‍ക്ക് മാത്രമായി യൂത്ത് കോണ്‍ഗ്രസിന് ഒരു പ്രത്യേക നിലപാടില്ലെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ മുന്‍ എംഎല്‍എ കൂടിയായ ശബരിനാഥന്‍ വ്യക്തമാക്കുന്നു.

പോസ്റ്റ് പൂര്‍ണരൂപം-

ഇന്നത്തെ ദീപികയുടെ മുഖപ്രസംഗ പേജില്‍ ' ജാഗ്രത പുലര്‍ത്താന്‍ പറയുന്നത് അവിവേകമോ' എന്ന ലേഖനം വായിച്ചു. പാലാ ബിഷപ്പിന്റെ വിവാദ പരാമര്‍ശത്തോട് എതിര്‍പ്പു രേഖപ്പെടുത്തിയതില്‍ കോണ്‍ഗ്രസിനെയും യൂത്ത് കോണ്‍ഗ്രസിനെയും അതില്‍ വിമര്‍ശിക്കുന്നുണ്ട്. വിമര്‍ശനത്തില്‍ തെറ്റില്ല, അതിന്റെ ശരിതെറ്റുകള്‍ ജനം വിലയിരുത്തും.

ദീപികയിലെ വരികള്‍ ഇതാണ് '........ കല്ലറങ്ങാട്ട് പിതാവ് പറഞ്ഞതാണ് സത്യം എന്ന് പറഞ്ഞ യൂത്ത് കോണ്‍ഗ്രസുകാരെ വിമര്‍ശിക്കുവാന്‍ ശബരീനാഥന്‍ അടക്കമുള്ള നേതാക്കള്‍ വല്ലാത്ത തിടുക്കം കാട്ടി. പാലായിലെ യൂത്ത് കോണ്‍ഗ്രസുകാരെ ശബരീനാഥന്‍ അറിയണമെന്നില്ല. നൂലില്‍ കെട്ടി ഇറക്കപ്പെട്ടവനാണല്ലോ'

പത്രത്തിന്റെ അറിവിലേക്കായി പറയുന്നു യൂത്ത് കോണ്‍ഗ്രസ് എന്ന സംഘടനയ്ക്ക് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഉയര്‍ത്തിപ്പിടിക്കുന്ന മതനിരപേക്ഷതയുടെയും ഏകത്വത്തിന്റെയും ഉറച്ച നിലപാടാണ് എവിടെയും ഉള്ളത്. അല്ലാതെ മീനച്ചലാര്‍ ഒഴുകുന്ന താലൂക്കുകള്‍ക്ക് മാത്രമായി യൂത്ത് കോണ്‍ഗ്രസിന് ഒരു പ്രത്യേക നിലപാടില്ല എന്ന് മനസ്സിലാക്കുന്നത് നല്ലതായിരിക്കും.

ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞതാണ് സത്യം എന്ന നിലപാട് എടുത്ത യൂത്തുകോണ്‍ഗ്രസുകാരെ വിമര്‍ശിക്കാനും ശബരീനാഥന്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ തിടുക്കം കാട്ടി. നൂലില്‍ കെട്ടി ഇറക്കപ്പെട്ട ശബരിനാഥന് പാലായിലെ യൂത്തു കോണ്‍ഗ്രസുകാരെ അറിയണമെന്നില്ല. പാലായിലെ കോണ്‍ഗ്രസുകാരെ പുറത്താക്കിയാല്‍ അവര്‍ക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ല. കോണ്‍ഗ്രസിന് ഏറെ ഉണ്ടാവുകയും ചെയ്യുമെന്ന് മുന്നറിയിപ്പും ലേഖനം നല്‍കുന്നു. ഒരു ദേവാലയത്തില്‍ മെത്രാന്‍ നല്കിയ ഉപദേശത്തിനെതിരേ മെത്രാസന മന്ദിരത്തിലേയ്ക്ക് മാര്‍ച്ച് നടത്താനും മറ്റും മുതിരുന്നവരാണോ മതസ്വാതന്ത്ര്യത്തിന്റെ വക്താക്കള്‍. ഇവര്‍ക്കു വേണ്ടിയാണോ കോണ്‍ഗ്രസ് നേതാക്കള്‍ മതേതരത്വം വാദിക്കുന്നത് എന്നുമായിരുന്നു ദീപികയുടെ വിമര്‍ശനം.

ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉന്നയിച്ച ആക്ഷേപം പഠിച്ചും വിലയിരുത്തിയുമാണ്. ഉന്നയിച്ച ആശങ്കകള്‍ സംബന്ധിച്ച വിശദീകരണം കൊടുക്കുവാനോ തയ്യാറാകാതെ അങ്ങനെ ഒന്നില്ലായെന്നു കാടടച്ചു പറയാന്‍ കാണിച്ച തിടുക്കം മുസ്‌ലിം തീവ്രവാദികളോടുള്ള ഭയമാണെന്ന് ആര്‍ക്കാണ് അറിയാത്തത്. കോണ്‍ഗ്രസ് നേതാക്കളായ വി.ഡി. സതീശനും പി.ടി തോമസും ബിഷപ്പിന്റെ വാക്കുകളെ അപലപിച്ചു. പ്രതിപക്ഷ നേതാവ് പറയുന്നത് കേരള കോണ്‍ഗ്രസ് അടക്കമുള്ള കക്ഷികള്‍ ചേര്‍ന്ന ജനാധിപത്യമുന്നണിയുടെ അഭിപ്രായമാണ്. വിയോജിപ്പുള്ള ഘടകകക്ഷികള്‍ നിലപാട് വ്യക്തമാക്കണം എന്നും ദീപിക ലേഖനം ആവശ്യപ്പെട്ടിരുന്നു.

Next Story