Top

'സിപിഐഎം സര്‍ക്കുലറും ബിഷപ്പ് പറഞ്ഞതും ഒരേ കാര്യങ്ങള്‍'; പ്രതിപക്ഷ നേതാവ് പൊടിക്കൈകള്‍ കാണിക്കുന്നെന്ന് ദീപിക

കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടി എന്ന നിലയില്‍ ദേശസുരക്ഷയെപ്പോലും ബാധിക്കാവുന്ന തരത്തിലുള്ള വിധ്വംസക പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്ന് ബോധ്യമുണ്ടെങ്കില്‍ നടപടിയെടുക്കണം

18 Sep 2021 3:39 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സിപിഐഎം സര്‍ക്കുലറും ബിഷപ്പ് പറഞ്ഞതും ഒരേ കാര്യങ്ങള്‍; പ്രതിപക്ഷ നേതാവ് പൊടിക്കൈകള്‍ കാണിക്കുന്നെന്ന് ദീപിക
X

സിപിഐഎം സമ്മേളനങ്ങളുടെ ഭാഗമായി ചര്‍ച്ചയ്ക്കായി തയാറാക്കി കീഴ്ഘടകങ്ങള്‍ക്കു നല്‍കിയ സര്‍ക്കുലറിലെ വാദങ്ങളാണ് പാലാ ബിഷപ്പും ചൂണ്ടിക്കാട്ടിയത് എന്ന് ദീപിക ദിനപത്രം. സിപിഐഎം പറഞ്ഞതും ബിഷപ്പ് പറഞ്ഞതും ഒരോ കാര്യങ്ങളാണ്. മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും അറിഞ്ഞുകൊണ്ടു മൂടിവയ്ക്കാന്‍ ശ്രമിച്ച യാഥാര്‍ഥ്യമാണ് മാര്‍ കല്ലറങ്ങാട്ട് പറഞ്ഞത് എന്നാണ് ഇപ്പോള്‍ കേരളജനത മനസിലാക്കുന്നത്. സിപിഐഎം ആക്ടിംഗ് സെക്രട്ടറിയുടെ പ്രതികരണവും മന്ത്രി വാസവന്റെ ബിഷപ്‌സ് ഹൗസ് സന്ദര്‍ശനവുമെല്ലാം യാഥാര്‍ഥ്യം ഉള്‍ക്കൊള്ളുന്നുവെന്ന സൂചനതന്നെയാണ് നല്‍കുന്നത് എന്നും കേരള കത്തോലിക്കാ സഭയുടെ പൂര്‍ണ നിയന്ത്രണത്തിലുള്ള പത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു.

യാഥാര്‍ഥ്യം തിരിച്ചറിഞ്ഞവരും അജ്ഞത നടിക്കുന്നവരും എന്ന തലക്കെട്ടില്‍ വാര്‍ത്താ വീക്ഷണം എന്ന നിലയില്‍ ആണ് വിലയിരുത്തല്‍. സര്‍ക്കാറും സിപിഐഎമ്മും യാഥാര്‍ഥ്യം തിരിച്ചറിഞ്ഞെന്ന് പറയുമ്പോള്‍ പ്രതിപക്ഷ നേതാവിനെ വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട് ലേഖനം. ക്ലീന്‍ ഇമേജ് സൃഷ്ടിക്കാന്‍ പാടുപെടുകയാണ് വി.ഡി. സതീശന്‍ ചെയ്യുന്നത്. അദ്ദേഹത്തിന് ചങ്ങനാശേരിയില്‍നിന്നു കാര്യങ്ങള്‍ വ്യക്തമായിക്കാണണം. എന്നാല്‍ സംസ്ഥാന കോണ്‍ഗ്രസ് പ്രസിഡന്റ് പാലായിലെത്തി ബിഷപ്പിനെ കണ്ട് കാര്യങ്ങള്‍ മനസിലാക്കിയിരിക്കുന്നു എന്നു വേണം ഇതുവരെയുള്ള പ്രതികരണങ്ങളില്‍നിന്നു മനസിലാക്കാന്‍ എന്നും ലേഖനം പറയുന്നു.

വിവാദത്തില്‍ ബിജെപി നടത്തുന്ന ഇടപെടലിനെയും ലേഖനം വിമര്‍ശിക്കുന്നു. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടി എന്ന നിലയില്‍ ദേശസുരക്ഷയെപ്പോലും ബാധിക്കാവുന്ന തരത്തിലുള്ള വിധ്വംസക പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്ന് ബോധ്യമുണ്ടെങ്കില്‍ ശക്തമായ അന്വേഷണവും നടപടികളും എടുക്കുകയാണു വേണ്ടത്. അല്ലാതെ ബിഷപ്പിന്റെ പ്രസ്താവനയെ മറയാക്കി രാഷ്ട്രീയ മുതലെടുപ്പു നടത്താന്‍ ശ്രമിക്കുകയും സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുകയുമല്ല എന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു. താലിബാന്‍ ഭീകരതയെപ്പോലും താലോലിക്കുന്ന മറ്റൊരു സംഘം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവരെയാണ് കേരളസമൂഹം കരുതിയിരിക്കേണ്ടത് എന്ന മുന്നറിയിപ്പും ദീപിക ലേഖനം മുന്നറിയിപ്പ് നല്‍കുന്നു.

Next Story