Top

'നാര്‍ക്കോട്ടിക്ക് ജിഹാദും ലൗ ജിഹാദും ശുദ്ധ അസംബന്ധം'; എല്ലാം സംശയങ്ങള്‍ക്കുമുള്ള മറുപടി മുഖ്യമന്ത്രി നല്‍കിയെന്ന് ജലീല്‍

എങ്ങനെയാണ് പ്രതികരിക്കുന്നതെന്ന് ഇനിയാരും ഗവേഷണം നടത്തി പാടുപെടേണ്ട

22 Sep 2021 5:11 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നാര്‍ക്കോട്ടിക്ക് ജിഹാദും ലൗ ജിഹാദും ശുദ്ധ അസംബന്ധം; എല്ലാം സംശയങ്ങള്‍ക്കുമുള്ള മറുപടി മുഖ്യമന്ത്രി നല്‍കിയെന്ന് ജലീല്‍
X

നാര്‍ക്കോട്ടിക്ക് ജിഹാദ് വിഷയത്തിലെ എല്ലാ സംശയങ്ങള്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ മറുപടി നല്‍കിയിട്ടുണ്ടെന്ന് കെടി ജലീല്‍. കേരളവും സിപിഐഎമ്മും പാലാ ബിഷപ്പിന്റെ അബദ്ധജഡില പ്രസ്താവനയോട് എങ്ങനെയാണ് പ്രതികരിക്കുന്നതെന്ന് ഇനിയാരും ഗവേഷണം നടത്തി പാടുപെടേണ്ടെന്നും മതനിരപേക്ഷതയുടെ കാവലാളായി പിണറായിയും ഇടതുപക്ഷവും ഉള്ള കാലത്തോളം ആര്‍ക്കും ഭീതിയോ ഭയപ്പാടോ ശങ്കയോ വേണ്ടെന്നും ജലീല്‍ വ്യക്തമാക്കി.

ഇടതുപക്ഷാശയങ്ങളോട് ചേര്‍ന്ന് സഞ്ചരിക്കാന്‍ ഒരു വിശ്വാസിയും രണ്ടു പ്രാവശ്യം ആലോചിക്കേണ്ട കാര്യമില്ലെന്ന മഹത്തായ സന്ദേശമാണ് മുഖ്യമന്ത്രിയും കാനം രാജേന്ദ്രനും ഇന്നലെ നല്‍കിയതെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു.

കെടി ജലീല്‍ പറഞ്ഞത്: മുഖ്യമന്ത്രിയുടെ വാക്കുകള്‍ ശ്രദ്ധിക്കുക. എല്ലാ സംശയങ്ങള്‍ക്കുമുള്ള മറുപടി അതിലുണ്ട്. കേരളവും സി.പി.ഐ.എമ്മും പാലാ ബിഷപ്പിന്റെ അബദ്ധജഡില പ്രസ്താവനയോട് എങ്ങിനെയാണ് പ്രതികരിക്കുന്നതെന്ന് ഇനിയാരും ഗവേഷണം നടത്തി പാടുപെടേണ്ട. മതനിരപേക്ഷതയുടെ കാവലാളായി പിണറായിയും ഇടതുപക്ഷവും ഉള്ളേടത്തോളം ആര്‍ക്കും ഭീതിയോ ഭയപ്പാടോ ശങ്കയോ വേണ്ട. 'മനുഷ്യനുണ്ടായ കാലം തൊട്ടേ പ്രേമവും വിവാഹവും നടക്കുന്നുണ്ട്. അതിനെയൊന്നും ഒരു മതത്തോടും കൂട്ടിക്കെട്ടേണ്ട' എന്ന സഖാവ് കാനം രാജേന്ദ്രന്റെ വാക്കുകള്‍ ഇതോടൊപ്പം ചേര്‍ത്ത് വെക്കുക. നാര്‍ക്കോട്ടിക്ക് ജിഹാദും ലൗ ജിഹാദും ശുദ്ധ അസംബന്ധങ്ങളാണെന്ന് വ്യക്തമാക്കുന്നതാണ് ഇരുവരുടെയും വാക്കുകള്‍. മാധ്യമങ്ങളെ കാണുമ്പോള്‍ കവാത്ത് മറക്കുന്നവരുടെ ജല്‍പനങ്ങളെ ചവറ്റു കൊട്ടയിലെറിയുക. ഇടതുപക്ഷാശയങ്ങളോട് ഓരം ചേര്‍ന്ന് സഞ്ചരിക്കാന്‍ ഒരു വിശ്വാസിയും രണ്ടു പ്രാവശ്യം ആലോചിക്കേണ്ട കാര്യമില്ലെന്ന മഹത്തായ സന്ദേശമാണ് മുഖ്യമന്ത്രിയും കാനം രാജേന്ദ്രനും നല്‍കുന്നത്.




Next Story

Popular Stories