Top

'വാരിക്കുഴികള്‍ക്കുമപ്പുറം ചില സത്യങ്ങളുണ്ട്'; കുഞ്ഞാലിക്കുട്ടിയെ പിന്തുണച്ച് നജീബ് കാന്തപുരം

ആരും വിമര്‍ശനത്തിന് അതീതരല്ലെന്ന് പറഞ്ഞ നജീബ് ഇരിക്കുന്ന കൊമ്പ് മുറിക്കരുതെന്നും അഭിപ്രായപ്പെട്ടു.

5 Aug 2021 2:55 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വാരിക്കുഴികള്‍ക്കുമപ്പുറം ചില സത്യങ്ങളുണ്ട്; കുഞ്ഞാലിക്കുട്ടിയെ പിന്തുണച്ച് നജീബ് കാന്തപുരം
X

ചന്ദ്രിക ഫണ്ട് തട്ടിപ്പ് വിഷയത്തില്‍ പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ നടക്കുന്നത് വന്‍ ഗൂഢാലോചനയെന്ന് യൂത്ത് ലീഗ് സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം. കുഞ്ഞാലിക്കുട്ടിക്കെതിരെ ആരോപണം ഉന്നയിക്കുന്നവര്‍ക്ക് പല ലക്ഷ്യങ്ങളുണ്ടെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. ആരും വിമര്‍ശനത്തിന് അതീതരല്ലെന്ന് പറഞ്ഞ നജീബ് ഇരിക്കുന്ന കൊമ്പ് മുറിക്കരുതെന്നും അഭിപ്രായപ്പെട്ടു.

'വാരിക്കുഴികള്‍ക്കുമപ്പുറം ചില സത്യങ്ങളുണ്ട്. ആ സത്യം മാത്രമെ ജയിക്കൂ. പി കെ കുഞ്ഞാലിക്കുട്ടി സാഹിബിനെതിരെ നടക്കുന്നത് വന്‍ ഗൂഢാലോചനയാണ്. എന്നും പ്രവര്‍ത്തകര്‍ക്ക് ആശ്രയമായി നിന്ന നേതാവാണ് കുഞ്ഞാലിക്കുട്ടി സാഹിബ്. അദ്ദേഹത്തെ കല്ലെറിഞ്ഞ് വീഴ്ത്തുന്നവര്‍ക്ക് പലവിധ ലക്ഷ്യങ്ങളാണ്', നജീബ് കാന്തപുരം പറഞ്ഞു.

കള്ളപ്പണ ഇടപാടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രണ്ടാമതും ഹൈദരലി ശിഹാബ് തങ്ങളെ ചോദ്യം ചെയ്യാന്‍ നോട്ടീസയച്ചതോടെയാണ് മുസ്ലിം ലീഗ് നേതൃത്വം കൂടുതല്‍ വെട്ടിലായത്. കുഞ്ഞാലിക്കുട്ടിയ്ക്ക് എതിരെയുള്ള കെ ടി ജലീലിന്റെ ആരോപണം ലീഗ് നേതൃത്വം അവഗണിച്ചെങ്കിലും തങ്ങളെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച സംഭവത്തില്‍ നിന്നും ഒഴിഞ്ഞു മാറുക എളുപ്പമാകില്ല. സംഭവത്തില്‍ വ്യക്തിപരമായി കുഞ്ഞാലികുട്ടി ഉള്‍പ്പെടെയുള്ള നേതാക്കളാണ് പ്രതിക്കൂട്ടില്‍ ആയിരിക്കുന്നത്. വിഷയത്തില്‍ കൃത്യമായ വിശദീകരണം നല്‍കിയില്ലെങ്കില്‍ വന്‍ പ്രത്യാഘാതം ഉണ്ടാകുമെന്ന ആശങ്കയും ലീഗ് നേതൃത്വത്തിനുണ്ട്. ചന്ദ്രിക പത്രത്തിലെ 10 കോടി രൂപയുടെ ഇടപാടില്‍ ദുരൂഹതയില്ലെന്ന ലീഗ് നേതൃത്വത്തിന്റെ വാദമാണ് തങ്ങളെ വീണ്ടും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചതോടെ തങ്ങളുടെ മകന്‍ മൊയിന്‍ അലി തങ്ങള്‍ തന്നെ കുഞ്ഞാലിക്കുട്ടിക്കെതിരെ പരസ്യപ്രസ്താവനയ്ക്ക് തയ്യാറായത്.

നാല്‍പ്പത് വര്‍ഷമായി പാര്‍ട്ടി ഫണ്ട് കൈകാര്യം ചെയ്യുന്നത് പികെ കുഞ്ഞാലിക്കുട്ടി നേരിട്ടാണെന്നും തെരഞ്ഞെടുപ്പ് സമയത്ത് മാത്രമല്ല, എല്ലാ കാര്യത്തിലും നിലവിലെ ഉത്തരവാദിത്വവും കുഞ്ഞാലികുട്ടിക്കാണെന്നുമായിരുന്നു മൊയിന്‍ അലിയുടെ വിമര്‍ശനം. കുഞ്ഞാലിക്കുട്ടിയുടെ വളരെ വിശസ്തനായ വ്യക്തിയാണ് എ സമീര്‍. സമീര്‍ ചന്ദ്രികയില്‍ വരുന്നതായി ഞാന്‍ കണ്ടിട്ടില്ല. ഫിനാന്‍സ് മാനേജറായി സമീറിനെ വച്ചത് കുഞ്ഞാലിക്കുട്ടിയാണ്. ചന്ദ്രിക പത്രവുമായി ബന്ധപ്പെട്ട പ്രതിസന്ധിയില്‍ കുഞ്ഞാലിക്കുട്ടി ഇടപെട്ടിട്ടില്ല. ചന്ദ്രികയിലെ ധനകാര്യ മാനേജ്മെന്റ് പാളിയിട്ടുണ്ട്. അദ്ദേഹത്തെ പേടിച്ചാണ് ആരും മിണ്ടാത്തത്. പാണക്കാട് കുടുംബത്തിന്റെ ചരിത്രത്തില്‍ ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല. വിഷയത്തില്‍ ബാപ്പ ഹൈദരലി തങ്ങള്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണ് കഴിയുന്നത്. പാര്‍ട്ടി ഒരു വ്യക്തിയിലേക്ക് ചുരുങ്ങിയിരിക്കുകയാണെന്നും മൊയിന്‍ അലി കൂട്ടിച്ചേര്‍ത്തു.

ഇതിന് പിന്നാലെയാണ് കുഞ്ഞാലിക്കുട്ടിക്ക് പിന്തുണ പ്രഖ്യാപിച്ച് നജീബ് കാന്തപുരം രംഗത്തെത്തിയത്. 'വാരിക്കുഴികള്‍ക്കുമപ്പുറം ചില സത്യങ്ങളുണ്ട്. ആ സത്യം മാത്രമെ ജയിക്കൂ.പി.കെ കുഞ്ഞാലിക്കുട്ടി സാഹിബിനെതിരെ നടക്കുന്നത് വന്‍ ഗൂഢാലോചനയാണ്. എന്നും പ്രവര്‍ത്തകര്‍ക്ക് ആശ്രയമായി നിന്ന നേതാവാണ് കുഞ്ഞാലിക്കുട്ടി സാഹിബ്. കല്ലെറിഞ്ഞ് വീഴ്ത്തുന്നവര്‍ക്ക് പലവിധ ലക്ഷ്യങ്ങളാണ്. ആ ലക്ഷ്യങ്ങള്‍ വഴി കൊട്ടിയടക്കപ്പെടുന്നത് സാധാരണക്കാര്‍ക്ക് വേണ്ടി തുറന്ന് വെച്ച വാതിലാണ്. ആരും വിമര്‍ശനത്തിന് അതീതരല്ല. എന്നാല്‍ ആരും ഇരിക്കുന്ന കൊമ്പ് മുറിക്കുകയും ചെയ്യരുത്', എന്നായിരുന്നു യൂത്ത് ലീഗ് സീനിയര്‍ വൈസ് പ്രസിഡന്റിന്റെ പ്രതികരണം.



Next Story