'ഈശോ' പേര് മാറ്റില്ലെന്ന് നാദിര്‍ഷ; ക്രൈസ്തവ സഭകളുടെ ആവശ്യം തള്ളി; 'വിവാദങ്ങളില്‍ അടിസ്ഥാനമില്ല'
അന്നൊന്നുമില്ലാത്ത വിവാദം ഇപ്പോള്‍ നടക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ല
8 Aug 2021 6:59 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഈശോ സിനിമയുടെ പേരില്‍ നടക്കുന്ന വിവാദങ്ങളില്‍ അടിസ്ഥാനമില്ലെന്നും പേര് മാറ്റാന്‍ ഉദേശിക്കുന്നില്ലെന്നും സംവിധായകന് നാദിര്‍ഷ. പേര് താന്‍ സ്വന്തം ഇഷ്ടപ്രകാരം ഇട്ടതല്ലെന്നും നിര്‍മാതാവ്, നായകന് തുടങ്ങിയവരുടെ അംഗീകാരത്തോടെ ഇട്ട പേരാണെന്നും നാദിര്‍ഷ വ്യക്തമാക്കി.
''പേര് ഞാന്‍ സ്വന്തം ഇഷ്ടപ്രകാരം ഇട്ടതല്ല. നിര്‍മാതാവ്, നായകന് തുടങ്ങിയവരുടെ അംഗീകാരത്തോടെ ഇട്ട പേരാണ്. ഇപ്പോള്‍ നടക്കുന്ന വിവാദങ്ങളില്‍ അടിസ്ഥാനമില്ല. സിനിമയുടെ പേര് മാറ്റേണ്ട സാഹചര്യവുമില്ല. സിനിമയുടെ ആവിഷ്കാര സ്വാതന്ത്ര്യത്തില്‍ കടന്നു കയറുന്നത് അംഗീകരിക്കാനാവില്ല. മുന്‍പ് സമാന പേരുകളുമായി സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്. അന്നൊന്നുമില്ലാത്ത വിവാദം ഇപ്പോള്‍ നടക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ല.''-നാദിര്‍ഷ പറഞ്ഞു.
ക്രൈസ്തവ വിശ്വാസങ്ങളെ അവഹേളിക്കുകയാണ് ഈശോ സിനിമയുടെ ഉദ്ദേശം എന്നാണ് കത്തോലിക്ക കോണ്‍ഗ്രസിന്റെ ആരോപണം. ഈ സിനിമകള്‍ക്ക് അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ ധര്‍ണ്ണ സമരം സംഘടിപ്പിക്കാനാണ് കത്തോലിക്ക കോണ്‍ഗ്രസിന്റെ തീരുമാനം. ഈ മാസം 18ന് നടക്കുന്ന ധര്‍ണ്ണ സമരത്തില്‍ സമുദായ നേതാക്കളും രാഷ്ട്രീയ സാമുഹിക രംഗത്തെ പ്രമുഖരും പങ്കെടുക്കുന്നതായിരിക്കും.
ഈശോ സിനിമയുടെ പേര് മാറ്റണം എന്ന് ആവശ്യപ്പെട്ട് ക്രൈസ്തവ സംഘടനകളുടെ പ്രതിഷേധം സമൂഹമാധ്യമങ്ങളില്‍ ദിവസങ്ങളായി തുടരുകയാണ്. കഴിഞ്ഞ ദിവസം സംഭവത്തില്‍ നാദിര്‍ഷക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പിസി ജോര്‍ജും രംഗത്തെത്തിയിരുന്നു. നാദിര്‍ഷ പ്രശസ്തനായത് തന്നെ ഒരു വൈദികരന്റെ ഔദാര്യം കൊണ്ടാണെന്നും ആ അച്ചന്റെ സഭയെയാണ് നാദിര്‍ഷ അവഹേളിക്കുന്നതെന്നും പിസി ജോര്‍ജ് പറഞ്ഞു. ക്രിസ്ത്യന്‍സഭയോട് വൃത്തിക്കെട്ട രീതിയിലാണ് സിനിമാപ്രവര്‍ത്തകര്‍ പെരുമാറുന്നത്. ഇത് ചോദിക്കാനും പറയാനും ആരുമില്ലെന്ന തോന്നലുകൊണ്ടാണ്. അത് ഇനിയുണ്ടാവില്ലെന്നും പ്രതിഷേധങ്ങള്‍ക്ക് താന്‍ മുന്നിട്ട് രംഗത്തിറങ്ങുമെന്നുമാണ് പിസി ജോര്‍ജ് ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞത്.
അതേസമയം, നാദിര്‍ഷയ്ക്ക് പൂര്‍ണ്ണ പിന്തുണ അറിയിച്ച് ഫെഫ്ക രംഗത്തെത്തിയിരുന്നു. ഇത്തരത്തില്‍ സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്ന കുത്സിത നീക്കങ്ങളെ ചെറുക്കാന്‍ വിവേകമുള്ള കേരളീയരോട് അഭ്യര്‍ത്ഥിക്കുന്നു. ഈശോ എന്ന പേരുമായി മുന്നോട്ട് പോകാനുള്ള സംവിധായകന് നാദിര്‍ഷയുടെ തീരുമാനത്തെ ഫെഫ്ക സ്വാഗതം ചെയ്യുകയും മലയാള ചലച്ചിത്ര പ്രവര്‍ത്തകരുടെ ഉറച്ച പിന്തുണ പ്രഖ്യാപിക്കുകയും ചെയ്യുന്നെന്ന് ഫെഫ്ക അറിയിച്ചിരുന്നു.