Top

'പിസി ജോര്‍ജ് എന്റെ തല വെട്ടുമെന്ന് വരെ പറഞ്ഞു'; അതിനോടൊന്നും മറുപടിയില്ലെന്ന് നാദിര്‍ഷ

മതവിശ്വാസികളായ, തലപ്പത്ത് ഇരിക്കുന്ന മൂന്നാല് പേരെ സിനിമ കാണിച്ചിരുന്നു

8 Aug 2021 8:51 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പിസി ജോര്‍ജ് എന്റെ തല വെട്ടുമെന്ന് വരെ പറഞ്ഞു; അതിനോടൊന്നും മറുപടിയില്ലെന്ന് നാദിര്‍ഷ
X

ഈശോ സിനിമാവിവാദത്തില്‍ പിസി ജോര്‍ജിന്റെ പരാമര്‍ശത്തിന് മറുപടിയുമായി സംവിധായകന്‍ നാദിര്‍ഷ. പിസി ജോര്‍ജിന്റെ തല വെട്ടല്‍ പരാമര്‍ശത്തോടൊന്നും മറുപടി പറയുന്നില്ലെന്നും സിനിമ കണ്ട് കഴിയുമ്പോള്‍ ഇത്രയും മുറവിളി വേണ്ടായിരുന്നെന്ന് അദ്ദേഹത്തിന് തോന്നുമെന്നും നാദിര്‍ഷ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.

നാദിര്‍ഷയുടെ വാക്കുകള്‍: ''പിസി ജോര്‍ജ് എന്റെ തല വെട്ടുമെന്ന് വരെ പറഞ്ഞു. അതിനോടൊന്നും മറുപടി പറയുന്നില്ല. സിനിമ കണ്ട് കഴിയുമ്പോള്‍ അദ്ദേഹത്തിന് തന്നെ തോന്നും ഇത്രയും മുറവിളി എന്തിനായിരുന്നെന്ന്. ഞാന്‍ മതവിശ്വാസികളായ, തലപ്പത്ത് ഇരിക്കുന്ന മൂന്നാല് പേരെ സിനിമ കാണിച്ചിരുന്നു. സിനിമ കണ്ട ശേഷം അവര്‍ പരസ്പരം മുഖത്തേക്ക് നോക്കിയിട്ട് എന്നെ കെട്ടിപിടിക്കുകയായിരുന്നു. എന്നിട്ട് സോറി പറഞ്ഞു. സമുദായത്തിലെ ചിലര്‍ സിനിമയ്‌ക്കെതിരെ രംഗത്തെത്തിയതിന് ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു എന്നാണ് അവര്‍ പറഞ്ഞത്.''

താന്‍ സിനിമയിലൂടെ ആരുടെയും വിശ്വാസത്തെ വൃണപ്പെടുത്താന്‍ ഉദേശിക്കുന്നില്ലെന്നും നാദിര്‍ഷ പറഞ്ഞു. ''ഞാന്‍ മതം നോക്കിയല്ല സിനിമ ചെയ്യുന്നത്. കൂടെ ജോലി ചെയ്യുന്നവരുടെ ജാതിയോ മതമോ ചോദിക്കാറില്ല. ഒന്നിച്ച് ഒരു പാത്രത്തില്‍ ഭക്ഷണം കഴിക്കുന്നവരാണ് ഞങ്ങള്‍. സിനിമയുടേത് കഥാപാത്രത്തിന്റെ പേര് മാത്രമാണ്. ഞാനല്ല സിനിമയ്ക്ക് പേരിട്ടത്. നിര്‍മാതാക്കളായ ബിനു സെബാസ്റ്റിയന്‍, അരുണ്‍ നാരായണന്‍, നായകന്‍ ജയസൂര്യ, ബോബി വര്‍ഗീസ് തുടങ്ങിയവര്‍ ഒന്നിച്ചിരുന്ന് ഇട്ട പേരാണിത്.'' ഫെഫ്ക പറഞ്ഞാല്‍ താന്‍ പേര് മാറ്റുമെന്നും നാദിര്‍ഷ വ്യക്തമാക്കി.

''വിവാദങ്ങള്‍ക്കിടയില്‍ ഒരു വൈദികന്‍ എന്നെ ഫോണ്‍ വിളിച്ചപ്പോള്‍ പറഞ്ഞത് കേട്ട് വളരെ വിഷമിച്ചു. ഈശോ എന്ന് സിനിമയ്ക്ക് പേരിടാം. ഒരുപ്രശ്‌നവുമില്ല. പക്ഷെ അത് മാര്‍ട്ടിന്‍ പ്രക്കാട്ടോ, എബ്രിഡ് ഷൈനോ, ലാല്‍ ജോസോ ആയിരുന്നെങ്കില്‍ വിഷമമില്ലായിരുന്നു എന്നാണ്. ആ അച്ചന്‍ അങ്ങനെ പറഞ്ഞപ്പോള്‍ എനിക്ക് വല്ലാതെ ഫീല്‍ ചെയ്തു. മതത്തെ ലക്ഷ്യമിട്ട് തന്നെയാണ് ഇവര്‍ സിനിമയ്‌ക്കെതിരെ രംഗത്തെത്തുന്നതെന്ന് തോന്നുന്നു.''-നാദിര്‍ഷ പറഞ്ഞു.

കഴിഞ്ഞദിവസമാണ് നാദിര്‍ഷയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി പിസി ജോര്‍ജ് രംഗത്തെത്തിയത്. നാദിര്‍ഷ പ്രശസ്തനായത് തന്നെ ഒരു വൈദികരന്റെ ഔദാര്യം കൊണ്ടാണെന്നും ആ അച്ചന്റെ സഭയെയാണ് നാദിര്‍ഷ അവഹേളിക്കുന്നതെന്നും പിസി ജോര്‍ജ് പറഞ്ഞിരുന്നു. ക്രിസ്ത്യന്‍സഭയോട് വൃത്തിക്കെട്ട രീതിയിലാണ് സിനിമാപ്രവര്‍ത്തകര്‍ പെരുമാറുന്നത്. ഇത് ചോദിക്കാനും പറയാനും ആരുമില്ലെന്ന തോന്നലുകൊണ്ടാണ്. അത് ഇനിയുണ്ടാവില്ലെന്നും പ്രതിഷേധങ്ങള്‍ക്ക് താന്‍ മുന്നിട്ട് രംഗത്തിറങ്ങുമെന്നും പിസി ജോര്‍ജ് ഒരു ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു.

പിസി ജോര്‍ജ് പറഞ്ഞത്: ''നാദിര്‍ഷ എന്ന് പറയുന്ന ആളാണല്ലോ ഈ സിനിമയുമായി ഇറങ്ങിയിരിക്കുന്നത്. അവന്‍ എറണാകുളത്ത് ഒരു വൈദികന്റെ ചിലവില്‍ ജീവിച്ചവനാണ്. അവന്‍ സംസാരിക്കാന്‍ പഠിച്ചതും പ്രശസ്തനായതും അച്ചന്റെ ഔദാര്യം കൊണ്ടാണ്. ആ അച്ചന്റെ സഭയെയാണ് അവന്‍ അവഹേളിക്കുന്നത്. എനിക്ക് പറയാതിരിക്കാന്‍ നിവൃത്തിയില്ല. മലയാള സിനിമയില്‍ വേശ്യയുടെ ഭാഗം അഭിനയിക്കുന്നത് ക്രിസ്ത്യാനി പെണ്ണായിരിക്കും. ഗുണ്ടയുടെ വേഷം ചെയ്യുന്നവരെ ക്രിസ്ത്യാനിയാക്കാന്‍ കഴുത്തില്‍ ഒരു കുരിശ് ഉണ്ടാകും. ക്രിസ്ത്യന്‍ സമൂഹത്തെ അപമാനിക്കണമെന്ന നിര്‍ബന്ധബുദ്ധിയോടെ ഇറങ്ങിയിരിക്കുകയാണ്. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല.''

''ക്രിസ്ത്യാനികളെല്ലാം വ്യഭിചാരികളാണോ. ഇത്രയും മാന്യമായി ജീവിക്കുന്ന സമൂഹം വെറെ എവിടെയുണ്ട്. കേരളത്തില്‍ ഏറ്റവും വലിയ സാംസ്‌കാരിക മൂല്യങ്ങള്‍ക്ക് വില കല്‍പ്പിച്ചവരാണ് ക്രൈസ്തവ സഭകള്‍. ചെയ്യാന്‍ സാധിക്കുന്ന ഉപകാരങ്ങള്‍ ചെയ്ത സഭയോടാണ് ഈ വൃത്തിക്കെട്ടവന്‍മാര്‍ ഈ വൃത്തിക്കെട്ട രീതിയില്‍ പെരുമാറുന്നത്. ഇത് ചോദിക്കാനും പറയാനും ആരുമില്ലെന്ന തോന്നലുകൊണ്ടാണ്. വൈദികര്‍ പാവങ്ങള്‍ മിണ്ടുമോ. ഞാനും മിണ്ടിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഞാന്‍ പറഞ്ഞേക്കാം. നാദിര്‍ഷ ഉള്‍പ്പെടെയുള്ള വൃത്തിക്കെട്ടവന്‍മാരോട് ഞാന്‍ പറയുവ. വിടുകേല. ശക്തമായ നടപടിയുണ്ടാകും. മനസിലായോ. എനിക്കിപ്പോള്‍ സമയമുണ്ട്, എംഎല്‍എ അല്ലാത്തത് കൊണ്ട്. അതുകൊണ്ടാണ് ഇറങ്ങി തിരിച്ചിരിക്കുന്നത്. നന്നാക്കിയിട്ടേ ഞാന്‍ പോകുന്നുള്ളൂ. നാദിര്‍ഷ എന്ന മാന്യനെ ഞാന്‍ വെല്ലുവിളിക്കുകയാണ്. ധൈര്യമുണ്ടെങ്കില്‍ മുഹമ്മദ് നബി എന്നൊരു പടം പിടിക്കുമോ. തല കാണില്ല അവന്റെ. എന്ത് പറഞ്ഞാലും ഹിന്ദുക്കളും ക്രിസ്ത്യാനികളും ഒന്നും മിണ്ടില്ല, ക്ഷമിക്കും. അതുകൊണ്ട് എന്ത് പോക്രിത്തരവുമാകാം. നാദിര്‍ഷ ഇത് നിര്‍ത്തുന്നതാണ് നല്ലത്. തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കാമെന്ന് കരുതി സിനിമ പിടിക്കേണ്ട. കാണിച്ചു തരാം ഞാന്‍.'' പിസി ജോര്‍ജ് പറഞ്ഞു.

Next Story