Top

'ഈശോ നാദിര്‍ഷ ചെയ്യുന്നതാണ് പ്രശ്‌നം; മാര്‍ട്ടിനോ, എബ്രിഡോ, ലാല്‍ ജോസോ ചെയ്തിരുന്നെങ്കില്‍ കുഴപ്പമില്ല'; വൈദികന്‍ ഫോണില്‍ പറഞ്ഞത്

പിസി ജോര്‍ജ് എന്റെ തല വെട്ടുമെന്ന് വരെ പറഞ്ഞു

8 Aug 2021 8:14 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഈശോ നാദിര്‍ഷ ചെയ്യുന്നതാണ് പ്രശ്‌നം; മാര്‍ട്ടിനോ, എബ്രിഡോ, ലാല്‍ ജോസോ ചെയ്തിരുന്നെങ്കില്‍ കുഴപ്പമില്ല; വൈദികന്‍ ഫോണില്‍ പറഞ്ഞത്
X

ഈശോ സിനിമക്കെതിരെ ഒരുവിഭാഗം ക്രൈസ്തവര്‍ നടത്തുന്ന പ്രതിഷേധങ്ങളില്‍ രൂക്ഷപ്രതികരണവുമായി സംവിധായകന്‍ നാദിര്‍ഷ. അക്രമണങ്ങള്‍ തന്റെ മതത്തെ ലക്ഷ്യം വച്ചിട്ടാണെന്നാണ് തോന്നുന്നതെന്ന് ഒരു വൈദികന്‍ ഫോണില്‍ വിളിച്ച സംഭവം വിവരിച്ച് കൊണ്ട് നാദിര്‍ഷ റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു. സിനിമയ്ക്ക് ഈശോ എന്ന് പേരിടുന്നതില്‍ തെറ്റില്ലെന്നും എന്നാല്‍ അത് മാര്‍ട്ടിന്‍ പ്രക്കാട്ടോ, എബ്രിഡ് ഷൈനോ, ലാല്‍ ജോസോ ചെയ്യണമായിരുന്നെന്നാണ് വൈദികന്‍ തന്നോട് പറഞ്ഞതെന്ന് നാദിര്‍ഷ പറഞ്ഞു.

നാദിര്‍ഷയുടെ വാക്കുകള്‍: ''വിവാദങ്ങള്‍ക്കിടയില്‍ ഒരു വൈദികന്‍ എന്നെ ഫോണ്‍ വിളിച്ചപ്പോള്‍ പറഞ്ഞത് കേട്ട് വളരെ വിഷമിച്ചു. ഈശോ എന്ന് സിനിമയ്ക്ക് പേരിടാം. ഒരുപ്രശ്‌നവുമില്ല. പക്ഷെ അത് മാര്‍ട്ടിന്‍ പ്രക്കാട്ടോ, എബ്രിഡ് ഷൈനോ, ലാല്‍ ജോസോ ആയിരുന്നെങ്കില്‍ വിഷമമില്ലായിരുന്നു എന്നാണ്. ആ അച്ചന്‍ അങ്ങനെ പറഞ്ഞപ്പോള്‍ എനിക്ക് വല്ലാതെ ഫീല്‍ ചെയ്തു. മതത്തെ ലക്ഷ്യമിട്ട് തന്നെയാണ് ഇവര്‍ സിനിമയ്‌ക്കെതിരെ രംഗത്തെത്തുന്നതെന്ന് തോന്നുന്നു.

''പിസി ജോര്‍ജ് എന്റെ തല വെട്ടുമെന്ന് വരെ പറഞ്ഞു. അതിനോടൊന്നും മറുപടി പറയുന്നില്ല. സിനിമ കണ്ട് കഴിയുമ്പോള്‍ അദ്ദേഹത്തിന് തന്നെ തോന്നും ഇത്രയും മുറവിളി എന്തിനായിരുന്നെന്ന്. ഞാന്‍ മതവിശ്വാസികളായ, തലപ്പത്ത് ഇരിക്കുന്ന മൂന്നാല് പേരെ സിനിമ കാണിച്ചിരുന്നു. സിനിമ കണ്ട ശേഷം അവര്‍ പരസ്പരം മുഖത്തേക്ക് നോക്കിയിട്ട് എന്നെ കെട്ടിപിടിക്കുകയായിരുന്നു. എന്നിട്ട് സോറി പറഞ്ഞു. സമുദായത്തിലെ ചിലര്‍ സിനിമയ്‌ക്കെതിരെ രംഗത്തെത്തിയതിന് ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു എന്നാണ് അവര്‍ പറഞ്ഞത്.''

താന്‍ സിനിമയിലൂടെ ആരുടെയും വിശ്വാസത്തെ വൃണപ്പെടുത്താന്‍ ഉദേശിക്കുന്നില്ലെന്നും നാദിര്‍ഷ പറഞ്ഞു. ''ഞാന്‍ മതം നോക്കിയല്ല സിനിമ ചെയ്യുന്നത്. കൂടെ ജോലി ചെയ്യുന്നവരുടെ ജാതിയോ മതമോ ചോദിക്കാറില്ല. ഒന്നിച്ച് ഒരു പാത്രത്തില്‍ ഭക്ഷണം കഴിക്കുന്നവരാണ് ഞങ്ങള്‍. സിനിമയുടേത് കഥാപാത്രത്തിന്റെ പേര് മാത്രമാണ്. ഞാനല്ല സിനിമയ്ക്ക് പേരിട്ടത്. നിര്‍മാതാക്കളായ ബിനു സെബാസ്റ്റിയന്‍, അരുണ്‍ നാരായണന്‍, നായകന്‍ ജയസൂര്യ, ബോബി വര്‍ഗീസ് തുടങ്ങിയവര്‍ ഒന്നിച്ചിരുന്ന് ഇട്ട പേരാണിത്.'' ഫെഫ്ക പറഞ്ഞാല്‍ താന്‍ പേര് മാറ്റുമെന്നും നാദിര്‍ഷ വ്യക്തമാക്കി.

Next Story