Top

നാടാര്‍ സംവരണം സ്റ്റേ ചെയ്ത നടപടി; അപ്പീലുമായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

9 Aug 2021 11:02 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നാടാര്‍ സംവരണം സ്റ്റേ ചെയ്ത നടപടി; അപ്പീലുമായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍
X

നാടാര്‍ സംവരണം സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കി. സംവരണം സ്റ്റേ ചെയ്തുകൊണ്ടുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് റദ്ദാക്കണമെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ ഉന്നയിച്ചിരിക്കുന്ന ആവശ്യം. മറാത്താ കേസിലെ സുപ്രീം കോടതി വിധി വരുന്നത് വരെ പുതിയ സമുദായങ്ങളെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ അവകാശമുണ്ടെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

മറാത്ത കേസിലെ സുപ്രീം കോടതി വിധി വരുന്നതിന് മുന്‍പാണ് നാടാര്‍ വിഭാഗത്തെ സംവരണ പട്ടികയില്‍ ഉള്‍പ്പെടുത്തിയതെന്നാണ് സംസ്ഥാന സര്‍ക്കാര്‍ വാദം. ഇത് നിയമപരമായി നിലനില്‍ക്കുമെന്നാണ് അപ്പീലില്‍ സര്‍ക്കാര്‍ വ്യക്തമാക്കി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പാണ് ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തെ ഒബിസി സംവരണ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

മാറാത്താ സംവരണ കേസിലെ ഉത്തരവിന് വിരുദ്ധമായ നടപടിയാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ക്രിസ്ത്യന്‍ നാടാര്‍ സമുദായത്തെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തിയ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തത്. എന്നാല്‍ 2000 മുതല്‍ നാടാര്‍ വിഭാഗം ഒബിസി പട്ടികയിലുണ്ടെന്നും ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാര്‍ പറയുന്നു. ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നാളെ പരിഗണിക്കും.

Next Story