Top

'ഇടതുപക്ഷത്തിന് വോട്ട് ചെയ്തത് പാഴായില്ല'; മൂന്ന് ഉദാഹരണങ്ങളുമായി എംവി ജയരാജന്‍

കേരളം രാജ്യത്തിന് മാതൃക തന്നെ

4 Aug 2021 10:39 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇടതുപക്ഷത്തിന് വോട്ട് ചെയ്തത് പാഴായില്ല; മൂന്ന് ഉദാഹരണങ്ങളുമായി എംവി ജയരാജന്‍
X

ഇടതുപക്ഷത്തിന് ജനം ചെയ്ത വോട്ട് പാഴായിട്ടില്ലെന്ന് മൂന്ന് ഉദാഹരണങ്ങള്‍ സഹിതം സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. ആരോഗ്യവകുപ്പില്‍ മുന്നൂറ് അധിക തസ്തികകള്‍ സൃഷ്ടിച്ച് ധനവകുപ്പ് ഇറക്കിയ ഉത്തരവ്, അടച്ചിടല്‍ ഞായറാഴ്ച മാത്രമാക്കി മൈക്രോ കണ്ടൈന്‍മെന്റ് സംവിധാനം ഒരുക്കാന്‍ തീരുമാനിച്ചത്, ഹൈകോടതിയിലെ ഒഴിവുകള്‍ മുഴുവന്‍ റിപ്പോര്‍ട്ട് ചെയ്യാനും റാങ്ക്‌ലിസ്റ്റ് കാലാവധി അനന്തമായി നീട്ടാതിരിക്കാനുമുള്ള ഉത്തരവ് എന്നിവയാണ് ഉദാഹരണങ്ങളായി ജയരാജന്‍ ചൂണ്ടിക്കാണിക്കുന്നത്. ഇത് മൂന്നും എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനപക്ഷ നടപടികളാണെന്നും ജയരാജന്‍ അഭിപ്രായപ്പെട്ടു.

എംവി ജയരാജന്‍ പറഞ്ഞത്: ഇടതുപക്ഷത്തിന് വോട്ട് ചെയ്തത് പാഴായില്ല. മൂന്ന് പ്രധാന കാര്യങ്ങളാണ് കഴിഞ്ഞ ദിവസം പുറത്തു വന്നത്. ഒന്ന് ആരോഗ്യവകുപ്പില്‍ മുന്നൂറ് അധിക തസ്തികകള്‍ സൃഷ്ടിച്ച് ധനവകുപ്പ് ഇറക്കിയ ഉത്തരവ്, രണ്ട് കോവിഡ് കാലത്ത് ഉപജീവന മാര്‍ഗം അടയാതിരിക്കാന്‍ അടച്ചിടല്‍ ഞായറാഴ്ച മാത്രമാക്കിയതും മൈക്രോ കണ്ടൈന്‍മെന്റ് സംവിധാനം ഒരുക്കാന്‍ തീരുമാനിച്ചതും, മൂന്ന് ഹൈകോടതിയില്‍ നിന്ന് ഒഴിവുകള്‍ മുഴുവന്‍ റിപ്പോര്‍ട്ട് ചെയ്യാനും റാങ്ക്‌ലിസ്റ്റ് കാലാവധി അനന്തമായി നീട്ടാതിരിക്കാനുമുള്ള ഉത്തരവ്. ഇത് മൂന്നും എല്‍ ഡി എഫ് സര്‍ക്കാരിന്റെ ജനപക്ഷ നടപടികള്‍ തന്നെയാണ് തെളിയിക്കുന്നത്. ഒന്നാം എല്‍ഡിഎഫ് സര്‍ക്കാര്‍ ആരോഗ്യ വകുപ്പില്‍ മാത്രം പതിനായിരത്തോളം തസ്തികകള്‍ സൃഷ്ടിച്ചു. എല്ലാ മേഖലയിലും കൂടി 30823 പുതിയ തസ്തികകള്‍ അഞ്ചു വര്‍ഷത്തിനിടയില്‍ സൃഷ്ടിച്ചിരുന്നു. പി. എസ്.സി. വഴിയുള്ള നിയമനം ആവട്ടെ റെക്കോര്‍ഡായിരുന്നു. അഞ്ചു വര്‍ഷത്തിനിടയില്‍ 160587പേര്‍ക്കാണ് നിയമനം നല്‍കിയത്.

പി.എസ്.സി. വഴി മാത്രമല്ല തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നത്. വ്യവസായമേഖലയിലും കാര്‍ഷിക മേഖലയിലും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചിരുന്നു. പുതിയ വ്യവസായ യൂണിറ്റുകള്‍ മാത്രം 33000 ആണ് ഒന്നാം ഇടതുപക്ഷ സര്‍ക്കാര്‍ ആരംഭിച്ചത്. രണ്ടാം ഇടതുപക്ഷ സര്‍ക്കാറും അതേ പാതയില്‍ ഐ.ടി അടക്കമുള്ള മേഖലകളില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ട്ടിക്കുകയാണ്. യു ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് നിയമന നിരോധനം ആയിരുന്നു. 11658 തസ്തികകള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നിര്‍ത്തലാക്കി. അതല്ല ഇടതുപക്ഷത്തിന്റെ നയം.

ഏറ്റവും ഒടുവില്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന നിര്‍ദ്ദേശവും, ചെയ്യാത്ത ഉദ്യോഗസ്ഥന്മാരുടെ പേരില്‍ നടപടി എടുക്കുമെന്നുമുള്ള ഉത്തരവ് ഇറക്കി. അഭ്യസ്ഥ വിദ്യരുടെ തൊഴിലില്ലായ്മ പരിഹരിക്കാന്‍ സര്‍ക്കാര്‍ ജോലിയിലൂടെ മാത്രം കഴിയില്ലെന്ന ഹൈക്കോടതി നിരീക്ഷണം സമൂഹത്തിന്റെ ആകെ ശ്രദ്ധയില്‍ വരേണ്ട ഒന്നാണ്. ഒരു റാങ്ക് ലിസ്റ്റില്‍ ഒരു ഒഴിവ് ഉണ്ടായാല്‍ പത്തു പേരുടെ ലിസ്റ്റാണ് പി.എസ്.സി പ്രസിദ്ധീകരിക്കുന്നത്. ഒരാള്‍ക്ക് ജോലി നല്‍കിയാല്‍ ഒന്‍പതു പേര്‍ക്ക് ജോലി ലഭിക്കില്ല. അവര്‍ മാത്രമല്ല പരീക്ഷ എഴുതാനായി കാത്തിരിക്കുന്ന അനേകലക്ഷങ്ങള്‍ വേറെയുമുണ്ട്. കോടതി പറയുന്നത്‌പോലെ റാങ്ക്‌ലിസ്റ്റിന്റെ കാലാവധി നീട്ടല്‍ പ്രശ്‌നപരിഹാരമല്ല. തൊഴിലിനു വേണ്ടിയുള്ള അവകാശം റാങ്ക് ജേതാക്കള്‍ക്കും പി.എസ്.സി പരീക്ഷ എഴുതാന്‍ കാത്തിരിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്കുമുണ്ട്. സര്‍ക്കാര്‍ ജോലി മാത്രമല്ല ഇതര മേഖലകളില്‍ കൂടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന രണ്ടാം എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നടപടി തൊഴിലില്ലായ്മ പരിഹരിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ്.

കോവിഡ് കാലത്ത് ഉപജീവനമാര്‍ഗം സംരക്ഷിക്കുകയും കോവിഡ് പ്രതിരോധം ശക്തിപ്പെടുത്തുകയും ചെയ്യുക എന്ന കാഴ്ചപ്പാടാണ് അടച്ചിടല്‍ ഞായറാഴ്ച മാത്രമാക്കാന്‍ അവലോകന യോഗം തീരുമാനിച്ചതിനടിസ്ഥാനം. അത് ഉചിതമായി. ഇതിനിടയില്‍ സി.ബി.എസ്.ഇ പരീക്ഷയില്‍ 99.99 ശതമാനത്തോടെ മികച്ച വിജയം നേടി രാജ്യത്ത് കേരളം ഒന്നാമതായി എത്തിയത് അഭിമാനകരവും സന്തോഷകരവുമാണ്. കേരളം രാജ്യത്തിന് മാതൃക തന്നെ. 'ഭാരതമെന്ന പേര്‍ കേട്ടാലഭിമാന പൂരിതമാകണമെന്നന്തരംഗം, കേരളമെന്ന് കേട്ടാലോ തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളില്‍ '.

Next Story